മുഴുവൻ വ്യാജവികലാംഗരെയും സർവ്വീസിൽ നിന്ന് പിരിച്ച് വിടണം
മാനന്തവാടി ∙ കൽപ്പറ്റ ഐ.ടി.ഡി.പി ഓഫീസിലെ വ്യാജ വികലാംഗനെ പിരിച്ചുവിട്ട
പട്ടികവർഗ്ഗ വകുപ്പ് ഡയറക്ടറുടെ നടപടിയെ വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യ
വയനാട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. 2008 ജനുവരി മാസത്തിലാണ് സർക്കാർ
സർവീസിലെ വ്യാജ വികലാംഗർക്കെതിരെ സംഘടന സ്ത്രീകളുടെയും കുട്ടികളുടെയും
വികലാംഗരുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതി മുമ്പാകെ പരാതി നൽകിയത്.
തുടർന്ന് നടന്ന അന്വേഷണത്തിൽ പരാതിയിൽ പറഞ്ഞിരുന്ന 20 പേരിൽ 14 പേർക്ക്
വൈകല്യമൊന്നുമില്ല എന്നും ഒരാൾക്ക് 30 % വൈകല്യം മാത്രമേ ഉള്ളൂ എന്നും
കണ്ടെത്തിയിരുന്നു.
ഇവരിൽ വനംവകുപ്പ്, റവന്യൂ വകുപ്പ്, സോയിൽ കൺസർവേഷൻ എന്നിവയിൽ നിന്നും
ഓരോരുത്തരെ വീതം നേരത്തേ പിരിച്ചു വിട്ടിരുന്നു. നാല് പേർ പെൻഷൻ പറ്റി
പിരിഞ്ഞു. പി.ഡബ്ല്യു.ഡി ഓഫീസിൽ ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന
വ്യക്തി സസ്പെൻഷനിലാണ്. അഗ്രിക്കൾച്ചർ ഓഫീസിലെ രണ്ട് ടൈപ്പിസ്റ്റുമാർ
വ്യാജരാണെന്ന് കണ്ടെത്തിയിട്ടും പിരിച്ചുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.
കോടതി, സഹകരണ വകുപ്പ്, കെ.എസ്.ഇ.ബി, വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിലെ
വ്യാജരെക്കൂടി ഉടനടി പിരിച്ചുവിടണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പരിശോധനയിൽ വ്യാജരെന്ന് കണ്ടെത്തിയവരെ കൂടാതെ 25-ൽ അധികം പേർ വിവിധ
ഓഫീസുകളിൽ ഇത്തരത്തിൽ വികലാംഗരുടെ ജോലി തട്ടിയെടുത്ത് സസുഖം
വാഴുന്നുണ്ട്.
കേൾവിയില്ലെന്ന സർട്ടിഫിക്കറ്റിൽ ജോലി ചെയ്യുന്ന അധ്യാപകർ തന്നെ 4 പേരുണ്ട്.
ഇവർക്കെതിരെ നൽകിയ പരാതിയിൽ യാതൊരു വിധ അന്വേഷണവും നടന്നിട്ടില്ല.
ഐ.ടി.ഡി.പി ഓഫീസിൽ നിന്നും പിരിച്ചുവിടപ്പെട്ട വ്യക്തി 1998-ൽ ജോലിയിൽ
പ്രവേശിച്ചയാളാണ്. പ്രമുഖ സർവ്വീസ് സംഘടനയുടെ ഭാരവാഹിയായി വർഷങ്ങളായി
പ്രവർത്തിച്ചു വരികയായിരുന്നു ഈ വ്യാജൻ. ഇത്തരക്കാർക്കെതിരെ
ചെറുവിരലനക്കാൻ പോലും സർവ്വീസ് സംഘടനകൾ തയ്യാറായിട്ടില്ല.
വ്യാജന്മാർക്കെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുന്നതിന് തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ഐ.ജോർജ്ജ്, സെക്രട്ടറി സാബു കെ.ടി, വിജയകുമാരി പി.പി,
കമൽ ജോസഫ്, ടോമി, ഫ്രാൻസിസ്, സിസിലി റോയി മുതലായവർ പ്രസംഗിച്ചു.
Leave a Reply