വടക്കനാട് സമരം::വയനാട് പ്രകൃതി സംരക്ഷണ സമിതി പിന്തുണ പ്രഖ്യാപിച്ചു.
കല്‍പ്പറ്റ: വടക്കനാട്, വള്ളുവാടി ഗ്രാമങ്ങളിലെ കര്‍ഷകര്‍ വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബത്തേരിയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനു വയനാട് പ്രകൃതി സംരക്ഷണ സമിതി പിന്തുണ പ്രഖ്യാപിച്ചു.
കര്‍ഷകര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം ഒത്തുതീര്‍ക്കാന്‍ അധികാരികള്‍ തയാറാകണം. കോടിക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഓരോ വര്‍ഷവും വന്യജീവികള്‍ വരുത്തുന്നത്. ക്ഷമയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുന്ന കര്‍ഷകര്‍ നിസഹായരും പരിഭ്രാന്തരുമാണ്. നുറുകണക്കിനു മനുഷ്യരുടെയും അനേകം വന്യജീവികളുടെയും ചുടലപ്പറമ്പായി ജില്ലയെ മാറ്റിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാനം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്കാണ്. സ്‌ഫോടകാത്മകമാണ് വനാതിര്‍ത്തി ഗ്രാമങ്ങളിലെ അവസ്ഥ. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഉപജീവനത്തിനായി ജോലി ചെയ്യുന്ന വനം ജീവനക്കാരെ ബലിയാടുകളാക്കുകയാണ്. ഒരേസമയം മുയലിനും വേട്ടനായ്ക്കുമൊപ്പം ഓടുന്നവരാണ് രാഷ്ട്രീയ നേതാക്കളില്‍ പലരും. വയനാടിന്റെ വനവിസ്തൃതിയുടെ മുന്നിലൊന്നോളം തേക്ക്-യൂക്കാലിപ്ടസ് തോട്ടങ്ങളാക്കിയതും വനത്തില്‍ അനിയന്ത്രിത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതും ഇക്കൂട്ടര്‍ത്തന്നെയാണ്. വയനാട് ഉള്‍പ്പെടെ മലയോരപ്രദേശങ്ങളെ വന്യജീവി ശല്യത്തില്‍നിന്നു രക്ഷിക്കാന്‍ വാചകക്കസര്‍ത്തിനപ്പുറം ആരുംതന്നെ ഒന്നും ചെയ്യുന്നില്ല. മനുഷ്യ-മൃഗ സംഘര്‍ഷത്തിനു ഒരളവോളം പരിഹാരമാകുമായിരുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി അട്ടിമറിക്കുകയാണ്. മതിലുകളും സോളാര്‍ വേലികളും ഫലപ്രദമല്ലാത്ത അവസ്ഥയാണുള്ളത്.
കര്‍ഷകരെ ദ്രോഹിച്ചും അവരുടെ ജീവനും സ്വത്തും നശിക്കാന്‍ അനുവദിച്ചും നടത്തേണ്ടതല്ല വനം-വന്യജീവി സംരക്ഷണം. രാജ്യത്തിന്റെ പൊതുസ്വത്തും അഭിമാനവുമായ വന്യജീവികളുടെ സംരക്ഷണം കര്‍ഷകരുടെ മാത്രം ഉത്തരവാദിത്തമല്ല. അത് പൊതു സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണെണെന്ന് സമിതി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. സണ്ണി മരക്കടവ്, എം. ഗംഗാധരന്‍, തോമസ് അമ്പലവയല്‍, തച്ചമ്പത്ത് രാമകൃഷ്ണന്‍, ബാബു മൈലമ്പാടി, എ.വി. മനോജ്, ഗോപാലകൃഷ്ണന്‍ മൂലങ്കാവ് എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply