വയനാടിന് കേന്ദ്ര സർക്കാർ നൽകിയ വലിയ വികസന പദ്ധതി നിരാകരിച്ചുവെന്ന് പി.സി. തോമസ്.
കൽപ്പറ്റ: ഇന്ത്യയുടെ പ്ലാനിംഗ് കമ്മീഷന് പകരമായി കേന്ദ്ര സർക്കാർ രൂപീകരിച്ച നീതി ആയോഗ് വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വൻ വികസന പദ്ധതികളും വളർച്ചയും ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ വയനാടിന് പ്രഖ്യാപിച്ച കേന്ദ്ര പാക്കേജ് സംസ്ഥാന സർക്കാർ നിഷേധിച്ചുവെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ഇന്ത്യയിലെ പിന്നോക്കാവസ്ഥയിലുള്ള 115 ജില്ലകൾക്കാണ് വൻകിട – ക്ഷേമ വികസന പദ്ധതികൾ അടങ്ങിയ പ്രത്യേക പാക്കേജിനായി വയനാട് ജില്ലയെ തിരഞ്ഞെടുത്തത്. നീതി ആ യോഗിന്റെ സി.ഇ.ഒ. അമിതാബ് കാന്ത് അയച്ച കത്തിന് മറുപടിയായി ചീഫ് സെക്രട്ടറി അയച്ച കത്തിൽ സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കാതെ വയനാടിനെ തിരഞ്ഞെടുത്തതിനാൽ നിരാകരിക്കുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത് എന്നത് പി.സി. തോമസ് പറഞ്ഞു. വയനാടിന് ലഭിച്ച ഈ വലിയ സമ്മാനം സ്വീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്ത് നിന്നും ഇത്തരം നിഷേധമുണ്ടായിട്ടില്ലന്നും അഞ്ച് സംസ്ഥാനങ്ങളിൽ സംസ്ഥാന ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം ജില്ലകളിൽ മാറ്റം വരുത്തിയിട്ടുണ്ടന്നും നീതി ആയോഗിൽ ഉൾപ്പെടുത്തി വയനാട് പിന്നോക്ക ജില്ലകളുടെ പട്ടികയിൽ ഉൾപ്പെടുമായിരുന്നുവെന്നും പി.സി. തോമസ് പറഞ്ഞു. പിന്നോക്ക ജില്ലയുടെ പട്ടികയിൽ വന്നാൽ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വയനാട്ടിൽ വരാൻ സാധ്യതയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തരമായി കേരള സർക്കാർ നിലപാട് മാറ്റി കേന്ദ്രത്തെ അറിയിക്കണമെന്നും അല്ലാത്തപക്ഷം കേരളത്തിനും വയനാട് ജില്ലക്കും അത് വൻ പ്രഹരമാകുമെന്നും എൻ.ഡി.എ. ദേശീയ സമിതി അംഗം കൂടിയായ പി.സി.തോമസ് പറഞ്ഞു.






Leave a Reply