വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ സൗകര്യങ്ങൾ വർധിപ്പിക്കണം. യൂത്ത് ഫ്രണ്ട്
സുൽത്താൻ ബത്തേരി: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ സർക്കാർ തയ്യാറാവണം എന്ന് കേരള യൂത്ത്ഫ്രണ്ട് (എം) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളുടെ അവസ്ഥ പരിതാപകരമാണ്. വയനാടിന്റെ മനോഹാരിത ആസ്വദിക്കാനായി എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും നിരാശരായി മടങ്ങുകയാണ്.
മറ്റു ജില്ലകളിൽ ഇരുകയ്യും നീട്ടി സഞ്ചാരികളെ സ്വാഗതം ചെയ്യുമ്പോൾ ഇവിടെ നാട് കാണാൻ എത്തുന്നവരോട് വൈരാഗ്യബുദ്ധിയോടെയാണ് അധികൃതരുടെ പെരുമാറ്റം.കാർഷിക മേഖല തകർന്നടിഞ്ഞ വയനാട്ടിൽ സാമ്പത്തിക പ്രതിസന്ധി അൽപ്പമെങ്കിലും പിടിച്ചു നിർത്തുന്നത് ടൂറിസമാണെന്നത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മറക്കരുത്. നിർമ്മാണ പ്രവർത്തികൾ പകുതി വഴിയിൽ കിടക്കുന്ന കർളാട്, ബത്തേരി ടൗൺ സ്ക്വയർ, മണിച്ചിറ തുടങ്ങിയ പദ്ധതികൾ പൂർത്തീകരിക്കണം.
നിലവിലുള്ള പല കേന്ദ്രങ്ങളിലും പ്രാഥമീക ആവശ്യങ്ങൾക്കുള്ള സൗകര്യവും ഇരിപ്പിടങ്ങളും പര്യാപ്തമല്ല.വനം വകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങളാണ് ഏറെ പരിതാപകരം. അവിടങ്ങളിലേക്ക് സഞ്ചാരികൾ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പുനപരിശോധിക്കണം. വയനാട്ടിലെത്തുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രവേശനം നൽകുന്നവരുടെ എണ്ണം വർധിപ്പിക്കണം.കുറുവ ദ്വീപിലേക്കുള്ള പ്രവേശന പരിധി ആയിരം ആളുകളായി ഉയർത്തണം. പൊട്ടിപൊളിഞ്ഞു കിടക്കുന്ന വനം റോഡ് അടിയന്തരമായി ടാർ ചെയ്യണം. സഞ്ചാരികൾക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയ നടപടി പുനപരിശോധിക്കണം.സംഘത്തിലൊരാളുടെ തിരിച്ചറിയൽ രേഖ മതിയാവും എന്നിരിക്കെ ഇത്തരം കർശനനിബന്ധനകൾ സഞ്ചാരികളെ വയനാട്ടിൽ നിന്ന് അകറ്റാനെ ഉപകരിക്കൂ. പാർട്ടി ജില്ലാ പ്രസിഡൻറ് കെ.ജെ ദേവസ്യ ഉത്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഷിജോയ് മാപ്ലശേരി, ബെൽജിൻ ബേബി, പി.സി തോമസ്, വിഷ്ണുസുരേഷ്,ബേസിൽ സ്ക്കറിയ, എം.സി ബിനു, ടോം ജോസ്, ഷിനോജ് പാപ്പച്ചൻ, ബിനോദ് ഫ്രാൻസീസ്, സജയൻ മാത്യു, ജിതേഷ് കുര്യാക്കോസ്, ബിജു ജോൺ, എൻ.സി രാജൻ, എ.ബി ഷിജോയ്, ഷെയ്ക്ക് റിയാസ്,എ. പി ഷാജി പ്രസംഗിച്ചു






Leave a Reply