May 4, 2024

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കാറ്റില്‍ പറത്തി

0
കല്‍പ്പറ്റ: ഭിന്നശേഷിക്കാരനും റിട്ടയര്‍മെന്റ് കാലാവധി അടുത്തതുമായ ജീവനക്കാരന്റെ സ്ഥലംമാറ്റം സംബന്ധിച്ച  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കാറ്റില്‍ പറത്തി.  കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സി.ഒ. ബേബിക്ക് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലേക്ക് സ്ഥലംമാറ്റം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹന്‍ദാസിന്റെ 2018 മാര്‍ച്ച് 23ലെ നിര്‍ദേശമാണ് കൃഷി വകുപ്പിലെ ഉന്നതര്‍ പ്രാവര്‍ത്തികമാക്കാതിരുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം അവഗണിച്ച കൃഷി വകുപ്പ് അധികൃതര്‍ റിട്ടയര്‍മെന്റ് കാലാവധിയായ മെയ് 31 വരെ  ബേബി ആത്മ പ്രൊജക്ട് ഓഫീസില്‍ വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ സേവനം തുടരേണ്ട  വിധത്തില്‍ ഉത്തരവും ഇറക്കി.  
50 ശതമാനം ശാരീരിക വൈകല്യമുള്ള ബേബി 2001ലാണ് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്. 2002ല്‍ ബത്തേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലേക്ക് മാറ്റിയ അദ്ദേഹം 2008 പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ തിരികെയെത്തി. 2016ല്‍ ഒമ്പത് ജീവനക്കാരുടെ ഓഫീസ്-സെക്ഷന്‍ മാറ്റം നടത്തിയ കൂട്ടത്തില്‍ ബേബിയെ കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലേക്ക് നീക്കി. ഇതേത്തുര്‍ന്ന് ബേബി നല്‍കിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഓഫീസില്‍ പടികള്‍ കയറി എത്താന്‍ പ്രയാസപ്പെടുകയാണെന്നും മേലധികാരികള്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്നും വിവരിച്ചായിരുന്നു പരാതി. 
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ 2018 ഫെബ്രുവരി ഒന്നിലെ നിര്‍ദേശമനുസരിച്ചാണ് ബേബിയെ കല്‍പ്പറ്റ ആത്മ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തില്‍ വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ഒരു മാസത്തേക്ക് മാറ്റി നിയമിച്ചത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിനോടു ചേര്‍ന്നാണ് ആത്മ പ്രൊജക്ട് ഓഫീസ്. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മാര്‍ച്ച് 28ലെ ഉത്തരവനുസരിച്ച് വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചു. ഇതിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കാര്യാലയത്തില്‍ ലഭിച്ചത്. ഇത് നടപ്പിലാക്കുന്നതിനു പകരം ബേബിയുടെ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് റിട്ടയര്‍മെന്റ് കാലാവധി വരെ ദീര്‍ഘിപ്പിച്ച് മെയ് 17നു പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഉത്തരവിറക്കുകയായിരുന്നു.  
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ക്ലാര്‍ക്കിന്റെ ഒഴിവ് ഇല്ലാത്തതിനാലും ആത്മ പ്രൊജക്ട് ഡയറക്ടറുടെ ഓഫീസ് തൊട്ടടുത്തായതിനാലും വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് ബേബിയുടെ റിട്ടയര്‍മെന്റ് കാലാവധി വരെ ദീര്‍ഘിപ്പിക്കുന്നതായാണ് ഉത്തരവില്‍ പറയുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *