May 9, 2026

പാലക്കുറ്റിപാലം അപകടഭീഷണിയില്‍; പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികള്‍

0
IMG-20181020-WA0041
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ബത്തേരി: പൂതാടി-മീനങ്ങാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സി .സി വാകേരി റോഡിലെ പാലക്കുറ്റിപ്പാലം കാലപ്പഴക്കത്താല്‍ അപകടഭീഷണിയില്‍. ഏത് നിമിഷവും വീഴുമെന്ന അവസ്ഥയിലുള്ള ഈ പാലത്തിലൂടെയാണ് ദിനേന നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്നത്. സുല്‍ത്താന്‍ബത്തേരി-കൂടല്ലൂര്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ്, ബത്തേരി-പാപ്ലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യബസുകള്‍, വാകേരി-മീനങ്ങാടി റൂട്ടിലോടുന്ന ജീപ്പ് ലോക്കല്‍ സര്‍വീസ് എന്നിങ്ങനെ നിരവധി വലിയ വാഹനങ്ങള്‍ ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലം കുലുങ്ങുന്നതായും പ്രദേശവാസികള്‍ പറയുന്നു. ഒരു വാഹനത്തിന് പോകാന്‍ മാത്രമുള്ള വീതി മാത്രമാണ് നിലവില്‍ ഈ റോഡിനുള്ളത്. കനത്തമഴയില്‍ പാലത്തിനോട് ചേര്‍ന്ന റോഡിന്റെ ഒരു ഭാഗത്ത് വന്‍ഗര്‍ത്തവും രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ മരച്ചില്ലകള്‍ കുത്തിയാണ് വേര്‍തിരിച്ചിട്ടിരിക്കുന്നത്. അരനൂറ്റാണ്ടോളം പഴക്കമുള്ളതാണ് നരസിപ്പുഴക്ക് കുറുകെയുള്ള ഈ പാലം. കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ വെള്ളപാച്ചിലില്‍ പാലത്തിന്റെ അടിഭാഗത്ത് നിന്ന് കല്ലുകളും മറ്റും അടര്‍ന്നുവീണിരുന്നു. ജീവന്‍ പണയപ്പെടുത്തിയാണ് നൂറ് കണക്കിന് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഇതിലെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. നരസിപ്പുഴയില്‍ വെള്ളം കയറുമ്പോള്‍ പാലത്തിനോട് ചേര്‍ന്നുള്ള ലക്ഷ്മിക്കുട്ടിയുടെയും, ഡി ആര്‍ ബിജുവിന്റെയും വീടും പരിസരപ്രദേശങ്ങളും വെള്ളത്തിലാകുന്നതും പതിവാണ്. ഇവിടെ കരിങ്കല്‍ഭിത്തികെട്ടി പുഴയും, സ്ഥലവും വേര്‍തിരിക്കണമെന്ന ആവശ്യവും ശക്തമാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇവിടെ പുതിയ പാലം നിര്‍മ്മിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പാലം അനുവദിക്കുന്നതിനായി നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. ഏത് നിമിഷവും തകരുമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന പാലം അടിയന്തരമായി പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് അതിശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാകേരിയില്‍ ചേര്‍ന്ന യോഗത്തില്‍ ആക്ഷന്‍കമ്മിറ്റി രൂപകരിച്ചു. ഇ കെ ബാലകൃഷ്ണന്‍ ചെയര്‍മാനും സണ്ണി ചാമക്കാല കണ്‍വീനറുമായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയില്‍ എസ് വി തമ്പി, ബാലന്‍ മരുതോലി, സി പി മുനീര്‍, മധു, അജി മാവത്ത്, കെ കെ ഷാജി, കെ ആര്‍ അനീഷ്, ബിജു ചന്ദ്രന്‍, ജോസഫ് തുടങ്ങിയവരാണ് ഭാരവാഹികള്‍. പ്രദേശവാസികളെ സംഘടിപ്പിച്ചുകൊണ്ട് വരുംദിവസങ്ങളില്‍ സമരപരിപാടികളിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് ആക്ഷന്‍കമ്മിറ്റി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *