വയനാടിന്റെ സുസ്ഥിര വികസനം ഉറപ്പുവരുത്തണം – കേരള കോൺഗ്രസ്.
കൽപ്പറ്റ:
നിലവിലെ പിന്നാക്കാവസ്ഥയുടേയും പ്രളയക്കെടുതിയുടേയും പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ ജനങ്ങളുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളണമെന്ന് കേരള കോൺഗ്രസ് ( പി. സി. തോമസ് ) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാടൻ സമ്പദ്ഘടനയ്ക്ക് പ്രളയക്കെടുതി കനത്ത പ്രഹരമാണ് സമ്മാനിച്ചത്. നൂറോളം ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും പുഴയോര പ്രദേശങ്ങൾ വെള്ളത്തിനടിയിലായതും മൂലമുണ്ടായ തകർച്ചയിൽ നിന്ന് വയനാട് കരകയറണമെങ്കിൽ സമഗ്രമായ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കണം. നെല്ല്, വാഴ, കാപ്പി, കുരുമുളക്, അടയ്ക്ക മുതലായവ വ്യാപകമായി നശിച്ചു. വരുമാന ഉപാധികളായ വളർത്തുമൃഗങ്ങളും കൃഷിയും നഷ്ടപ്പെട്ടവരെ പഴയ ജീവിത സാഹചര്യങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ പര്യാപ്തമായ ദീർഘകാല പദ്ധതികൾ ജില്ലയിൽ നടപ്പിലാക്കണം.
കേന്ദ്ര പദ്ധതിയായ "ആസ്പിരേഷനൽ ഡിസ്ട്രിക്റ്റ്സ്" പദ്ധതിയുടെ ഭാഗമായി ജില്ലാ വികസനത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുമ്പോൾ ജില്ലയുടെ പുനർനിർമിതിക്ക് ഉതകുന്നതാകണം വികസന രൂപരേഖ.
തിരിച്ചടവ്ശേഷി നഷ്ടപ്പെട്ട വയനാട്ടുകാർ ജപ്തിഭീഷണി നേരിട്ടു കൊണ്ടിരിക്കുമ്പോഴാണ് പ്രളയം കാരണം കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം കെടുതികൾ ഉണ്ടായത്. തുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച "മൊറട്ടോറിയം"
ആത്മാർത്ഥമുള്ളതാണെങ്കിൽ പലിശകൾ പൂർണമായും സർക്കാർ തന്നെ വഹിക്കണമെന്നും ജില്ലയിലെ എല്ലാ വായ്പകൾക്കും പലിശരഹിത മൊറട്ടോറിയം കൊണ്ടുവരണമെന്നും കേരള കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു.
മുന്നറിയിപ്പോ മുന്നൊരുക്കങ്ങളോ ഇല്ലാതെ, ഡാമുകൾ നഷ്ടമായവരുടെ തകർന്ന വീടുകൾ രണ്ടുമാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമിക്കാൻ നടപടി ആയിട്ടില്ല . ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ഒന്നിനു പുറകേ ഒന്നായി വിവാദങ്ങളുടെ പുകമറ ഉണ്ടാക്കിക്കൊണ്ട് , കാലം പോക്കുകയാണ് സർക്കാർ. പുഴയോരത്തെ നെൽവയലുകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിന് റവന്യു അധികാരികൾ സത്വരനടപടി സ്വീകരിക്കണം. മണ്ണിന്റെ ഘടനയിൽ സാരമായ മാറ്റങ്ങൾ സംഭവിച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നു. മണ്ണിനെ അതിന്റെ പൂർവസ്ഥിതി വീണ്ടെടുക്കാൻ പര്യാപ്തമാക്കിയെങ്കിലേ ഇവിടുത്തുകാർക്ക് അതിജീവനം സാധ്യമാകൂ.
ഭൂതകാലത്തിന്റെ തെറ്റുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് , പാരമ്പര്യ അനുഭവത്തിൽ അധിഷ്ഠിതമായ ഒരു കാർഷികോത്പാദന രീതിയാണ് പരിസ്ഥിതിലോല മേഖലയായ വയനാടിന്റെ വീണ്ടെടുപ്പിന് യോജ്യമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡണ്ട് അനിൽ കരണി അഭിപ്രായപ്പെട്ടു.
1980 മുതൽ കേട്ടു വരുന്ന "വികസനത്തിന്റെ കേരള മാതൃക" ഇന്ന് എത്തി നിൽക്കുന്നത് പകർച്ചവ്യാധികളുടേയും വരൾച്ചയുടേയും കൃഷി നാശത്തിന്റെയും പിടിയിലാണ്. മണ്ണിട്ടുനികത്തിക്കൊണ്ട് വയലുകളുടെ വിസ്തൃതി അനുദിനം കുറച്ചു കൊണ്ടുവരുന്നു. നെൽകൃഷി വ്യാപനം പ്രോത്സാപ്പിച്ചെങ്കിൽ മാത്രമേ ഭൂഗർഭ ജലനിരപ്പ് ഉയർത്താൻ സാധിക്കുകയുള്ളു. വയനാടിന്റെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിന് ശാസ്ത്രീയമായ രൂപരേഖ തയ്യാറാക്കി ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കാനും ജില്ലാ കമ്മറ്റി തീരുമാനിച്ചു.
കൃഷിച്ചെലവ് കുത്തനെ വർധിച്ചു വരുമ്പോൾ കാർഷികാദായം ദിനംപ്രതി കുറഞ്ഞു വരുന്നു. മറ്റ് മേഖലകളിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കുമ്പോൾ കർഷക സമൂഹത്തിന്റെ ദുരിതപൂർണമായ ജീവിത സാഹചര്യം കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
ജില്ലാ പ്രസിഡണ്ട്അനിൽ കരണി അധ്യക്ഷത വഹിച്ചു. വർക്കി ആമ്പശ്ശേരി, ടി.ജെ. ബാബുരാജ്, മത്തായി താഴമുണ്ട, കെ.വി.ബാബു പച്ചിലക്കാട്, റെജി തകിടിയാലിൽ, തോമസ് വളയമ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply