July 3, 2026

ചരിത്രത്തെ മറന്ന് മുന്നോട്ടുപോവാന്‍ കഴിയില്ല: സി എസ് ചന്ദ്രിക

0
Kshethra-pravesana-vilambaram-seminaril-c-s-Chandrika-samsarikunnu
By ന്യൂസ് വയനാട് ബ്യൂറോ

ചരിത്രത്തില്‍ നിന്നു പാഠമുള്‍ക്കൊള്ളാതെ മുന്നോട്ടുപോവാന്‍ കഴിയില്ലെന്നു പ്രശസ്ത സാഹിത്യകാരി സി എസ് ചന്ദ്രിക. ക്ഷേത്രപ്രവേശന വിളംബരം 82ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ നവോത്ഥാന മൂല്യങ്ങളും അയിത്തോച്ചാടനവും സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. നവോത്ഥാന പ്രസ്ഥാനം നല്‍കിയ അടിത്തറയാണ് നിലവിലെ സാമൂഹിക വ്യവസ്ഥിതിയുടെ മൂലധനം. സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായി കേരളം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രളയത്തെ നേരിട്ട പോലെ നവോത്ഥാന വിഷയങ്ങളിലും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയേണ്ടതുണ്ട്. ജാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ തരംതിരിച്ചിരിക്കുന്ന അവസ്ഥയില്‍ നിന്നു മാറാന്‍ സമൂഹത്തിന് കഴിയണം. നിലവിലെ സാമൂഹിക സാഹചര്യത്തില്‍ നിശ്ശബ്ദത പോലും കുറ്റകരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ പരിശ്രമങ്ങളാണ് പുറത്തിറങ്ങി സത്യം വിളിച്ചുപറയാനുള്ള സാഹചര്യമൊരുക്കിയത്. കേരളത്തിലെ നവോത്ഥാനം തുടങ്ങുന്നത് ചാന്നാര്‍ സ്ത്രീകളുടെ മേല്‍മുണ്ട് സമരത്തോടെയാണ്. നവോത്ഥാന കാലഘട്ടത്തില്‍ ഉണ്ടാക്കിയെടുത്ത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ജാതീയ സംഘടനകള്‍ക്കു കഴിഞ്ഞിട്ടില്ല. യുക്തിചിന്തകള്‍ കൊണ്ടാണ് സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ പ്രവര്‍ത്തിച്ചത്. ആത്മീയതയും യുക്തിചിന്തയും ഒരുമിച്ച് കൊണ്ടുപോവാന്‍ കഴിയണം. ഇല്ലെങ്കില്‍ വരുംതലമുറ പോലും ഭീതിതമായ ജാതീയ ചിന്തകളുടെ പടുകുഴിയില്‍ അകപ്പെടും. അസഹിഷ്ണുതയെ മുറുകെ പിടിക്കുന്ന അവസ്ഥയില്‍ നിന്നു മാറ്റമുണ്ടാവണമെന്നും സി എസ് ചന്ദ്രിക അഭിപ്രായപ്പെട്ടു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ.കെ രാജേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് എന്‍ സതീഷ് കുമാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *