June 13, 2026

റോഡുകളുടെ പുനര്‍നിര്‍മാണം ഉടന്‍ തുടങ്ങും: · നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നവംബര്‍ 23ന്

0
By ന്യൂസ് വയനാട് ബ്യൂറോ

റോഡുകളുടെ 
പുനര്‍നിര്‍മാണം ഉടന്‍ തുടങ്ങും
· നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നവംബര്‍  23ന്

പ്രളയത്തില്‍ തകര്‍ന്ന ജില്ലയിലെ പ്രധാന റോഡുകളുടെ പുനരുദ്ധാരണം ഉടന്‍ തുടങ്ങും. നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നവംബര്‍  23ന് കല്‍പ്പറ്റയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും. പ്രധാന റോഡുകളായ കല്‍പ്പറ്റ-വാരാമ്പറ്റ, കണിയാമ്പറ്റ-മീനങ്ങാടി, മേപ്പാടി-ചൂരല്‍മല റോഡുകള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പുനര്‍നിര്‍മിക്കുന്നത്. ചുങ്കം ജങ്ഷനില്‍ ദേശീയപാത 766ല്‍ തുടങ്ങി പടിഞ്ഞാറത്തറയില്‍ അവസാനിക്കുന്ന സംസ്ഥാന പാത വിഭാഗത്തില്‍പ്പെടുന്ന  കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് കല്‍പ്പറ്റ നഗരസഭയെയും വെങ്ങപ്പള്ളി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നു. ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള റോഡിന്റെ ആകെ നീളം 17.725 കിലോമീറ്ററാണ്. മാനന്തവാടി-കല്‍പ്പറ്റ സംസ്ഥാന പാതയിലെ പച്ചിലക്കാട് ജങ്ഷനില്‍ തുടങ്ങി മീനങ്ങാടിയില്‍ ദേശീയപാത 766ല്‍ അവസാനിക്കുന്നതാണ് കണിയാമ്പറ്റ-മീനങ്ങാടി റോഡ്. കണിയാമ്പറ്റ, പൂതാടി, മൂട്ടില്‍, മീനങ്ങാടി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന് 12.800 കിലോമീറ്റര്‍ നീളമുണ്ട്. മേപ്പാടിയില്‍ കോഴിക്കോട്-വൈത്തിരി-ഗൂഡല്ലൂര്‍ സംസ്ഥാന പാതയില്‍ തുടങ്ങി ചൂരല്‍മലയില്‍ അവസാനിക്കുന്ന മേപ്പാടി-ചൂരല്‍മല റോഡും ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ളതാണ്. പ്രധാന ജില്ലാ റോഡുകളുടെ വിഭാഗത്തില്‍ വരുന്ന ഈ റോഡിന്റെ നീളവും 12.800 കിലോമീറ്ററാണ്. 

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരം ഈ റോഡുകളുടെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ഡിപിആര്‍ തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചതനുസരിച്ച് കല്‍പ്പറ്റ-വാരാമ്പറ്റ റോഡിനും മേപ്പാടി-ചൂരല്‍മല റോഡിനും യഥാക്രമം 56.66, 40.96 കോടി രൂപയുടെയും കണിയാമ്പറ്റ-മീനങ്ങാടി റോഡിന് 38.99 കോടിയുടെയും അനുമതി ലഭിച്ചു. തുടര്‍ന്ന് ചീഫ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടുന്ന ടെക്നിക്കല്‍ കമ്മിറ്റി സാങ്കേതികാനുമതി നല്‍കി. കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് കുദ്രോളി ബില്‍ഡേഴ്‌സും കണിയാമ്പറ്റ-മീനങ്ങാടി റോഡ് മലബാര്‍ ടെക് എന്ന കമ്പനിയുമാണ് കരാറെടുത്തത്. പി കെ സുള്‍ഫിക്കര്‍ ആണ് മേപ്പാടി-ചൂരല്‍മല റോഡിന്റെ കരാറുകാരന്‍. നിര്‍മാണക്കാലാവധി ഒന്നര വര്‍ഷമാണ്. നിലവിലുള്ള റോഡ് വീതികൂട്ടി ജിഎസ്ബി, ഡബ്ല്യുഎംഎം, ഡിബിഎം ആന്റ് ബിസി എന്നിവ ഉപയോഗിച്ച് ഉപരിതലം ബലപ്പെടുത്തും. മൂന്നു റോഡുകളുടെയും പരിധിയില്‍ വരുന്ന കല്‍പ്പറ്റ, വെങ്ങപ്പള്ളി, പിണങ്ങോട്, കാവുമന്ദം, ചെന്നലോട്, പടിഞ്ഞാറത്തറ, പച്ചിലക്കാട്, കൂടോത്തുമ്മല്‍, വരദൂര്‍, കരണി, കാര്യമ്പാടി, മീനങ്ങാടി, മേപ്പാടി, താഞ്ഞിലോട്, ചൂരല്‍മല ടൗണുകളിലെ ഫുട്പാത്ത് നിര്‍മാണം, ഓടകള്‍, യൂട്ടിലിറ്റി ഡക്ട്, ക്രോസ് ഡക്ട്, ബസ് ഷെല്‍ട്ടറുകള്‍, റോഡ് സേഫ്റ്റി വര്‍ക്കുകള്‍ എന്നിവയും മറ്റ് അനുബന്ധ പ്രവൃത്തികളും ഇതോടൊപ്പം നടത്തും. കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ സി കെ ശശീന്ദ്രന്റെ ഇടപെടലാണ് റോഡുകളുടെ നവീകരണത്തിന് വഴിയൊരുക്കിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news