March 29, 2024

അവധി കഴിഞ്ഞുള്ള മടക്കം മരണത്തിലേക്ക്… ദേശസ്‌നേഹികള്‍ക്ക് നൊമ്പരമായി വസന്തകുമാറിന്റെ മരണം

0
Img 20190215 Wa0016

സി.വി.ഷിബു


കല്‍പ്പറ്റ : ഒരാഴ്ച മുമ്പ് അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങുമ്പോള്‍
ഹവില്‍ദാര്‍ വി.വി.വസന്തകുമാര്‍ കരുതിയിരുന്നില്ല അത് തന്റെ
മരണത്തിലേക്കുള്ള യാത്രയാകുമായിരുന്നെന്ന്. സി.ആര്‍.പി.എഫിന്റെ 82-ാം
ബറ്റാലിയനില്‍  കമാന്‍ഡന്റ് ആയിരുന്ന വയനാട് വൈത്തിരി പൂക്കോട് ഡയറി
കോമ്പൗണ്ടിലെ വാഴക്കണ്ടി പരേതനായ വാസുദേവന്‍-ശാന്ത ദമ്പതികളുടെ ഏകമകനായ
വസന്തകുമാറിന് അടുത്തിടെയാണ് ഹവില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ചത്.
പ്രമോഷനോടനുബന്ധിച്ചുള്ള അവധിക്കായി ഫെബ്രുവരി 2നാണ് നാട്ടിലെത്തിയത്.
ഒരാഴ്ചക്കുശേഷം എട്ടാംതിയ്യതി മടങ്ങുകയും ചെയ്തു. ശ്രീനഗറിലെത്തിയ
വസന്തകുമാര്‍ രണ്ട് ദിവസം മുമ്പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.
ഇന്നലെ തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയ്ക്കടുത്ത്
ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ വ്യാഴാഴ്ചയുണ്ടായ ചാവേര്‍ ആക്രമണത്തിലാണ്
വസന്തകുമാര്‍ ഉള്‍പ്പെടെ 44 പേര്‍ മരിച്ചത്. എല്ലാവരുംസി.ആര്‍.പി.എപിന്റെ
76-ാം നമ്പര്‍ ബറ്റാലിയന്റെ എച്ച്.ആര്‍. 49 എഫ് 0637 ബസ്സാണ് ചാവേര്‍
ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നത്. കൈമല്‍സിംഗ് എന്ന ജവാനായിരുന്നു
ബസ്സിന്റെ ഡ്രൈവര്‍ , ശ്യാംബാബു, അശ്വിനി കുമാര്‍, പ്രദീപ് കുമാര്‍,
അജയ്കുമാര്‍, മഹേഷ്‌കുമാര്‍ തുടങ്ങി വസന്തകുമാറിനൊപ്പമുണ്ടായിരുന്ന
ബസ്സിലെ എല്ലാവരും വീരമൃത്യു വരിച്ചു.
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ മുള്ളുക്കുറുമ വിഭാഗക്കാരാണ് വസന്തകുമാറിന്റെ
കുടുംബം പൂക്കോട് വെറ്ററിനറി സര്‍വകലാശാല പരിധിയില്‍ സര്‍ക്കാര്‍ നല്‍കിയ
ഭൂമിയിലാണ് താമസം. ഒരു വര്‍ഷം മുമ്പാണ് പിതാവ് മരിച്ചത്. ഏകസഹോദരി
വസുമിതയും അമ്മ ശാന്തയും വെറ്ററിനറി സര്‍വകലാശാലയിലെ താല്‍ക്കാലിക
ജീവനക്കാരിയായ ഭാര്യ ഷീനയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക
അത്താണിയായിരുന്നു വസന്തകുമാര്‍. മൂത്തമകള്‍ അനാമിക വൈത്തിരി സെന്റ്
ക്ലാരറ്റ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും ഇളയമകന്‍
അമൃത ദീപ് ഇതേ സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ത്ഥിയുമാണ്. പ്രണബ് കുമാര്‍
മുഖര്‍ജി രാഷ്ട്രപതിയായിരിക്കെ ഒരു ചടങ്ങിനെത്തിയ അദ്ദേഹത്തോടൊപ്പം
വസന്തകുമാര്‍ നില്‍ക്കുന്ന ഫോട്ടോയുള്‍പ്പെടെ നിരവധി ചിത്രങ്ങളും
മെഡലുകളും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. അപകടത്തിന് രണ്ട് മണിക്കൂര്‍
മുമ്പ് വസന്തകുമാര്‍ അമ്മയുമായി ഫോണില്‍സംസാരിച്ചിരുന്നു. വെള്ളിയാഴ്ച
രാവിലെയാണ് സൈനികവൃത്തങ്ങള്‍ ഔദ്യോഗികമായി മരണവിവരം കുടുംബാംഗങ്ങളെ
അറിയിച്ചത്. ഇതറിഞ്ഞത് മുതല്‍ വീട്ടുകാരും നാട്ടുകാരും ദേശസ്‌നേഹികളും
നൊമ്പരമടക്കാനാവാതെ ദു:ഖത്തില്‍ പങ്കുചേര്‍ന്നു. മകള്‍ അനാമിക ഇടയ്ക്കിടെ
അച്ഛന്റെ ഫോട്ടോയും മെഡലുകളും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നത്
കാണാമായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ക്കാര്‍ക്കും ദു:ഖം
സഹിക്കാനായില്ല. വീട്ടുകാരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി വിവിധ
ഭരണകര്‍ത്താക്കള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. കോഴിക്കോട്
വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിച്ച് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ
സംസ്‌ക്കരിക്കാനുള്ള ഒരുക്കത്തിലാണ് വയനാട് ജില്ലാ ഭരണകൂടം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *