ഓങ്കാരനാഥന്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ശനിയാഴ്ച

കല്‍പ്പറ്റ: സി.കെ. ഓങ്കാരനാഥന്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് കല്‍പ്പറ്റയില്‍ വ്യവസായ, കായിക, യുവജനകാര്യ മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിക്കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കിഫ്ബി മുഖേന കായിക യുവജനകാര്യ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. കല്‍പ്പറ്റ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് 36.87 കോടി ചെലവഴിച്ച് ദേശീയ നിലവാരത്തിലുള്ള മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.
അഞ്ച് ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തില്‍ മേപ്പിള്‍ വുഡ് ഫ്‌ളോറിംഗ്, ഗാലറി, വിഐപി ലോഞ്ച്, ഗസ്റ്റ് റൂം, ഓഫീസ് റൂം, മെഡിക്കല്‍ റൂം, കളിക്കാര്‍ക്കുള്ള മുറികള്‍, കായിക ഉപകരണങ്ങള്‍ വയ്ക്കുന്നതിനുള്ള മുറികള്‍, കഫറ്റേരിയ, ടോയ്‌ലറ്റ് എന്നിവയ്ക്ക് പുറമേ നീന്തല്‍ക്കുളം, പരിശീലനക്കുളം, ഓഫീസ് ബ്ലോക്ക്, മഴവെള്ള സംഭരണി തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും.
മൂന്ന് ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ബാസ്‌കറ്റ്‌ബോള്‍, വോളീ ബോള്‍ കോര്‍ട്ടുകള്‍, ടേബിള്‍ ടെന്നിസ്, ജൂഡോ, ത്വായക്വാണ്ടോ, റസ്ലിംഗ് പരിശീലനത്തിനുള്ള സൗകര്യങ്ങളും സ്റ്റോഡിയത്തില്‍ ഉണ്ടാകും. കിറ്റ്‌കോ ലിമിറ്റഡ് ആണ് സ്റ്റേഡിയം കോംപ്ലക്‌സിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തുന്നത്. ജില്ലാ സപോര്‍ട്‌സ് കൗണ്‍സിലും കല്‍പ്പറ്റ നഗരസഭയും തമ്മിലുള്ള എംഒയു വിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനം.
സി.കെ. ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എംപി എം.പി. വീരേന്ദ്രകുമര്‍, എംഎല്‍എമാരായ ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, നഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, വൈസ് ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ വി.എം. റഷീദ്, വി. ഹാരിസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Leave a Reply