May 1, 2024

ജനവിരുദ്ധതയുടെ ആയിരം ദുർദിനങ്ങൾ: മുസ്ലീം ലീഗ് സമര ജാഥ മാർച്ച് ഒന്ന് മുതൽ .

0
Img 20190228 Wa0008
കല്‍പ്പറ്റ: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ കേരള ജനതയ്ക്ക് സമ്മാനിച്ചത് ജനവിരുദ്ധതയുടെ ആയിരം ദുര്‍ദിനങ്ങളാണെന്ന് കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  വയനാടിനെ സംബന്ധിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍പോലും ഇല്ലായ്മ ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. വയനാട് മെഡിക്കല്‍ കോളജ് ഇല്ലാത്ത റിപ്പോര്‍ട്ടിന്റെ പേര് പറഞ്ഞുകൊണ്ട് ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇടതു സര്‍ക്കാറിന്റെ കഴിഞ്ഞ മൂന്ന് ബജറ്റിലും മെഡിക്കല്‍ കോളേജിന് പണം പോലും മാറ്റിവെക്കാതെ അവഗണിക്കുകയായിരുന്നു. വയനാട്ടിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മേഖലയിലെ ചികിത്സാ സൗകര്യങ്ങളുടെ കുറവ്, ഡോക്ടര്‍മാരുടെ കുറവ് ഇവയെല്ലാം നിലനില്‍ക്കുമ്പോഴാണ് ഇടതുസര്‍ക്കാറിന്റെ ഈ നിലപാട് എന്നത് പ്രതിഷേധാര്‍ഹമാണ്. താലൂക്ക് ഹോസ്പിറ്റലുകളില്‍ പോലും വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാത്തത് സാധാരണ ജനങ്ങളുടെ നിത്യജീവിതത്തെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ഭൂമി സംബന്ധമായി വലിയ വാഗ്ദാനങ്ങളായിരുന്നു ഇലക്ഷന്‍ കാലയളവില്‍ ഇടതുമുന്നണി നടത്തിയത്. എന്നാല്‍ 50 വര്‍ഷത്തിലേറെയായി കൈവശം വച്ച് വരികയും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ജോയിന്റ് വെരിഫിക്കേഷന്‍ അടക്കം പൂര്‍ത്തീകരിച്ച ഭൂമിയുടെ മേലുള്ള തുടര്‍നടപടികളൊന്നും ഈ സര്‍ക്കാര്‍ എടുത്തില്ല. ഈ ഭൂമികളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപോലും ഇപ്പോള്‍ നിയന്ത്രണം കൊണ്ടുവരുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.  ഭൂസമര നായകനായി അറിയപ്പെട്ടിരുന്ന കല്‍പ്പറ്റ എം.എല്‍.എ ഇന്നൊരു ദുരന്ത കഥാപാത്രമായി മാറിയിരിക്കുകയാണ്. മണ്ഡലത്തിന്റെ പൊതു വികസനത്തില്‍ പോലും യാതൊരു കാഴ്ചപ്പാടും എം.എല്‍.എ യ്ക്ക് ഇതുവരെ അവതരിപ്പിക്കാനായിട്ടില്ല. ചുരം ബദല്‍പാതകള്‍ എന്ന പേരില്‍ നിരവധി പ്രൊപ്പോസലുകള്‍ ഉണ്ടായിട്ടും ഒരെണ്ണം പോലും സാധ്യമാക്കാനുള്ള ഇച്ഛാശക്തി എം.എല്‍.എ കാണിക്കുന്നില്ല. മണ്ഡലത്തില്‍ വ്യത്യസ്ഥ സ്ഥലങ്ങളില്‍ എത്തുമ്പോള്‍ വ്യത്യസ്ഥ അഭിപ്രായങ്ങളാണ് റോഡുകളുടെ കാര്യത്തില്‍  എം.എല്‍.എ പറയുന്നത്. കൃത്യമായ ഒരു പാതയ്ക്കുവേണ്ടി നാളിതുവരെയായിട്ടും എം.എല്‍.എക്ക്  പറയാന്‍ സാധിച്ചിട്ടില്ല. 
വയനാട് റെയില്‍വേ സര്‍ക്കാര്‍ പരിഗണയില്‍പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച മേപ്പാടി, മൂപ്പൈനാട്, വൈത്തിരി പഞ്ചായത്തുകള്‍ക്കുവേണ്ടി കാരാപ്പുഴയില്‍ നിന്നും ആരംഭിക്കാന്‍ ശ്രമിച്ച കുടിവെള്ള പദ്ധതി  ഇപ്പോഴും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. ടാങ്കിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്  യാതൊരു മുന്നേറ്റവും ഉണ്ടാക്കാന്‍ എം.എല്‍.എ ശ്രമിക്കുന്നില്ല. കാര്‍ഷിക മേഖലയിലെ വില തകര്‍ച്ചയും, വിളക്കുറവും അനുഭവപ്പെടുന്ന വയനാടിന് പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെടുകയാണ്. പ്രളയ കാലത്ത് നശിച്ച കൃഷിക്കുള്ള യാതൊരു ആനുകൂല്യങ്ങളും  നാളിതുവരെ വിതരണം ചെയ്തിട്ടില്ല.  പ്രളയത്തില്‍ തകര്‍ന്ന കുറിച്യര്‍മല സ്‌കൂള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് രണ്ട്് മാസം കൊണ്ട് എല്ലാം ശരിയാകുമെന്ന് സ്ഥലം എം.എല്‍.എ വാഗ്ദാനം ചെയ്തതായിരുന്നു. എന്നാല്‍ 6 മാസം പിന്നിട്ടിട്ടും എം.എല്‍.എ ആ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.  പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് സഹായം എത്തിക്കുന്നതിനും സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ് . വനത്തോടു ചേര്‍ന്ന പ്രദേശത്താണ് മുന്‍കാലങ്ങളില്‍ വന്യമൃഗശല്യം ഉണ്ടായിരുന്നത്. എന്നാല്‍ നിലവിലെ അവസ്ഥ വയനാട്ടിലെ ടൗണുകളിലേക്കുപോലും വന്യമൃഗശല്യം വ്യാപിച്ചിരിക്കുകയാണ്. 
തോട്ടം തൊഴിലാളി കൂലി വര്‍ദ്ധനവും (600 രൂപ) ഫ്‌ളാറ്റും വാഗ്ദാനം ചെയ്ത് നിരവധി സമരങ്ങള്‍ നടത്തിയ ഇടതുപക്ഷം അധികാരത്തില്‍ എത്തി മൂന്ന് വര്‍ഷം തികയാറായിട്ടും ഒരു രൂപ പോലും കൂലി വര്‍ദ്ധനവോ  ശോച്യാവസ്ഥയിലായ ലയങ്ങള്‍ക്ക്  മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല.  ടണ്‍ കണത്തിന് തേയില കൊളുന്തുകള്‍ റോഡില്‍ ഉപേക്ഷിച്ച് സമരം നടത്തിയ ഇടതുപക്ഷം തൊഴിലാളി വഞ്ചന തുടരുകയാണ്. മണ്ഡലത്തില്‍ വരുമായിരുന്ന മോഡല്‍ കോളേജ് കല്‍പ്പറ്റ മണ്ഡലത്തിന് നഷ്ടപ്പെട്ടത് എം.എല്‍.എ യുടെ കിടുകാര്യസ്ഥതക്ക് ഉദാഹരണമാണ്. ഒരു വര്‍ഷത്തോളം പെന്‍ഷന്‍ അപേക്ഷിക്കാനുള്ള ലിങ്ക് ബ്ലോക്ക് ചെയ്തുവച്ച സര്‍ക്കാര്‍ നിലവില്‍ വിധവ പെന്‍ഷന്‍ ലഭിക്കാന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണമെന്ന വിചിത്രമായ  ഓര്‍ഡര്‍ കൊണ്ടു വന്നിരിക്കുകയാണ്.  ജില്ലയിലെ  സര്‍ക്കാര്‍ ഓഫീസുകളില്‍ വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തത് ജനങ്ങള്‍ക്ക്  ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇത്തരം ജനവിരുദ്ധമായ  ആയിരം ദിനങ്ങളാണ് കടന്നുപോയത്. ഇതിനെതിരെ കല്‍പ്പറ്റ മണ്ഡലം മുസ്‌ലിം ലീഗ് സമര ജാഥ  മാര്‍ച്ച് 1, 2, 3 തിയ്യതികളില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ, ജനറല്‍ സെക്രട്ടറി ടി. ഹംസ, ട്രഷറര്‍ സലീം മേമന, വൈസ്പ്രസിഡണ്ട് നീലിക്കണ്ടി സലാം, കെ.കെ ഹനീഫ, പി.പി ഷൈജല്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *