May 9, 2026

അഞ്ചാമത് വയനാട് വിത്തുത്സവം പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ആരംഭിച്ചു.

0
IMG-20190307-WA0025
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്നതില്‍ കാര്‍ഷിക ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം വിളിച്ചോതി അഞ്ചാമത് വയനാട് വിത്തുത്സവം പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ആരംഭിച്ചു. മുന്‍ കേരള ചീഫ് സെക്രട്ടറി എം.എസ്. വിജയാനന്ദ് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാന ഫലമായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ വിത്ത് വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം പറഞ്ഞു. നീര്‍ത്തടാധിഷ്ഠിത വികസന പ്രവര്‍ത്തനങ്ങളുടെയും തൊഴിലുറപ്പ് പദ്ധതിയുടെ ഫലപ്രദമായ വിനിയോഗത്തിന്റെയും പ്രാധാന്യം ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൃഷി, ആദിവാസി വികസനം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളില്‍ ജനകീയാസൂത്രണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കു അദ്ദേഹം വിരല്‍ ചൂണ്ടി.
ഈ വര്‍ഷത്തെ കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള അവാര്‍ഡുകള്‍ തേങ്ങാക്കൊല്ലി കുറിച്യ കുടുംബത്തിന് വേണ്ടി കേളു, എടത്തന കുറിച്യ കുടുംബത്തിന് വേണ്ടി ചന്തു എന്നിവര്‍ ഏറ്റുവാങ്ങി. തനത് കൃഷിരീതികളിലൂടെ തന്റെ കൃഷിയിടത്തെ പ്രളയദുരന്തത്തില്‍ നിന്നും രക്ഷപെടുത്തിക്കൊണ്ട് പരമ്പരാഗത വിത്തിനങ്ങളുടെ അതിജീവനം സാധ്യമാക്കിയ തവിഞ്ഞാലിലെ കര്‍ഷക ദേവാല, ജോര്‍ജ് കല്ലുവേലില്‍, ഓമന കണിയാമ്പറ്റ, ചാമി അമ്പലവയല്‍, അണ്ണന്‍ തവിഞ്ഞാല്‍, ആലി വെങ്ങപ്പള്ളി, ഷെല്ലി തൊണ്ടര്‍നാട്, മാനുവല്‍ എടവക, റെജി പത്തനംതിട്ട, വിദ്യാധരന്‍ ചേര്‍ത്തല, സുരേഷ് പൊഴുതന, അബ്ദുള്ള ഹാജി പടിഞ്ഞാറത്തറ, അഗസ്റ്റിന്‍ പൂതാടി എന്നീ കര്‍ഷക പ്രമുഖര്‍ ആദരങ്ങള്‍ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജൈവവൈവിധ്യ അഥോറിറ്റിയുടെ മുന്‍ അധ്യക്ഷന്‍ ഡോ. ബാലകൃഷ്ണ പശുപതി, വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതി പ്രസിഡന്റ് എ. ദേവകി, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി അധ്യക്ഷ സനിത ജഗദീഷ്, കൗണ്‍സിലര്‍ വി. ഹാരിസ്, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.എന്‍. അനില്‍ കുമാര്‍, ഗവേഷണ നിലയം വയനാട് മേധാവി ഡോ.വി.വി. ശിവന്‍, സീഡ് കെയര്‍ സെക്രട്ടറി വി.പി. കൃഷ്ണദാസ്, സീഡ് കെയര്‍ അംഗം അഗസ്റ്റിന്‍ പൂതാടി എന്നിവര്‍ പ്രസംഗിച്ചു. എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം, വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതി, സീഡ് കെയര്‍, കേരള ജൈവവൈവിധ്യ ബോര്‍ഡ്, നബാര്‍ഡ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കുടുംബശ്രീ, പ്ലഡ്ജ്, പരിസിഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, വയനാട് ജില്ലാ പഞ്ചായത്ത്, ശാസ്ത്ര സാങ്കേതിക വിഭാഗം  ഭാരത സര്‍ക്കാര്‍, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവര്‍ ചേര്‍ന്ന് ഒമ്പത് വരെ നടത്തുന്ന വിത്തുത്സവത്തില്‍ മൂന്ന് സെക്ഷനുകളായി പ്രളയത്തെ അതിജീവിച്ച വിത്തുകള്‍ എന്ന വിഷയത്തില്‍ പ്രത്യേക ദേശീയ സെമിനാറും നടക്കുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *