April 19, 2024

വരള്‍ച്ചാ ലഘൂകരണം ജലസ്രോതസുകളുടെ ദുരുപയോഗം തടയും :ജില്ലാ കളക്ടര്‍

0
· പാറമടകളിലെ വെള്ളം ഉപയോഗപ്പെടുത്തും
· ജലാശയങ്ങളുടെ ലിസ്റ്റ് സമര്‍പ്പിക്കണം
· വാര്‍ഡ് തലത്തില്‍ ജലംസരക്ഷണ ബോധവത്കരണം
                                  
കൽപ്പറ്റ: 
  കനത്ത വേനല്‍ചൂടില്‍ ജില്ല വെന്തുരുകുന്ന സാഹചര്യത്തില്‍ ജില്ലയിലെ ജലസ്രോതസുകളുടെ ദുരുപയോഗം തടയുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. താപനില ക്രമാതീതമായി ഉയര്‍ന്നതോടെ കുടിവെളള സ്രോതസുകളിലെ ജലവിതാനം ആശങ്കാജനകമായി താഴുന്ന സാഹചര്യത്തില്‍ ഓരോ പ്രദേശത്തേയും ജലലഭ്യത വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വരള്‍ച്ച പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. കുടിവെളള സ്രോതസുകളില്‍ നിന്ന് മറ്റാവശ്യങ്ങള്‍ക്ക് വെളളമുപയോഗിക്കാന്‍ പാടിലെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുഴല്‍കിണറുകളുടെ നിര്‍മ്മാണവും അനുവദിക്കില്ല.  പൊതു ആവശ്യങ്ങള്‍ക്ക് കുഴല്‍ കിണര്‍ കുഴിക്കുന്നതിനും ജില്ലാ ഭരണകൂടത്തിന്റെ അനുമതി വേണം. കുടിവെളളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ച് കുടിവെളളം നല്‍കുന്നതിനുളള സൗകര്യവുമൊരുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
     കുടിവെളളത്തിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ പാറമടകളില്‍ ശേഖരിക്കപ്പെട്ട വെളളവും ഉപയോഗപ്പെടുത്തും. ഇതിനായി ജില്ലയിലെ മുഴുവന്‍ പാറമടകളുടെയും ലിസ്റ്റ് തയ്യാറാക്കാന്‍ ജിയോളജി വകുപ്പിനോടാവശ്യപ്പെടും. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ വെളളത്തിന്റെ ഗുണനിലവാരവും പരിശോധിച്ച് കുടിവെളള യോഗ്യമാണോ എന്ന് ഉറപ്പ് വരുത്തും. ജല സംരക്ഷണവും വിനിയോഗവും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ വാര്‍ഡ് തലത്തില്‍ പ്രചാരണങ്ങള്‍ സംഘടിപ്പിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.പുല്‍പ്പള്ളി,പൂതാടി പഞ്ചായത്തുകളില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നതിന്റെ കാരണം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണനിലയത്തിനെയും  ജില്ലാ മണ്ണ് സംരക്ഷണ വിഭാഗത്തിനെയും ചുമതലപ്പെടുത്തി. 
  വരള്‍ച്ച നേരിടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ഓരോ താലൂക്കിലും ചുമതല നല്‍കും. ദിനംപ്രതി പുഴകളിലെയും അണക്കെട്ടുകളിലേയും ജല ലഭ്യതയും അന്തരീക്ഷ താപനിലയും നിരീക്ഷിക്കാന്‍ ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്നിവര്‍ക്കാണ് ചുമതല. വന്യജീവികള്‍ക്ക് ആവശ്യമായ ജല ലഭ്യത ഉറപ്പ് വരുത്തി മനുഷ്യ മൃഗ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ വനം വന്യജീവി വകുപ്പ് ശ്രദ്ധിക്കണം. വളര്‍ത്ത് മൃഗങ്ങള്‍ക്ക് ആവശ്യമായ ജലവിതരണത്തിനുളള സജ്ജീകരണങ്ങള്‍ മൃഗ സംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പം ഏറ്റെടുത്ത് നടത്തണം. ഭൂഗര്‍ഭ ജലവിനിയോഗം കൃഷിക്കായി ഉപയോഗിക്കുന്നത് കുറക്കാന്‍ കൃഷി വകുപ്പ് കര്‍ഷകരെ ബോധവല്‍ക്കരിക്കണം. കുടിവെളളത്തിന് ജലസേചനത്തേക്കാള്‍ മുന്‍ഗണന നല്‍കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മഴവെളള സംഭരണികള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണം.ശുദ്ധ ജലവിതരണത്തിന് കിയോസ്‌ക്കുകള്‍ ലഭ്യമല്ലാതിടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെളളമെത്തിക്കണം. ജല അതോറിറ്റിയുടെ അംഗീകൃത സ്രോതസ്സുകളില്‍ നിന്നാണ് വെളളം ശേഖരിക്കേണ്ടത്. ജല വിതരണത്തിനായി ഉപയോഗിക്കുന്ന ജലസ്രോതസ്സുകളില്‍ മലിനീകരണം ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. ഡെപ്യൂട്ടി കളക്ടര്‍ ടി. ജനില്‍കുമാര്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍,തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *