August 12, 2026

ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ‌് വയനാട് ടൂറിസത്തിന്റെ നട്ടെല്ല‌് ഒടിക്കുമെന്ന് കോ ‐ഓർഡിനേഷൻ കമ്മിറ്റി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
സൗത്ത‌് വയനാട‌് ഡിവിഷന‌് കീഴിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ‌് ജില്ലയുടെ   നട്ടെല്ല‌് ഒടിക്കുന്നതാണെന്ന‌്  കൽപ്പറ്റയിൽ രൂപീകരിച്ച  ടൂറിസം മേഖലയിലുള്ളവരുടെ  കോ ഓർഡിനേഷൻ  കമ്മിറ്റി അഭിപ്രായപ്പെട്ടു.   ഈ  സ‌്റ്റേ ഉത്തരവ‌് മറികടക്കുന്നതിന‌്  അധികൃതരും ജനപ്രതിനിധികളും രാഷ്‌ട്രീയ പാർടികളും  ജനങ്ങളും ഒരുമിക്കണം.
കാർഷിക മേഖലയിലെ പിന്നോക്കാവസ്ഥയിലും ജില്ല പിടിച്ചുനിൽക്കുന്നതിൽ പ്രധാന പങ്ക‌് വഹിക്കുന്നത‌് ടൂറിസം മേഖലയാണ‌്.   കുറുവാദ്വീപ‌്, സൂചിപ്പാറ, ചെമ്പ്രാപീക്ക‌്, മീൻമുട്ടി എന്നീ കേന്ദ്രങ്ങളാണ‌് കോടതി ഉത്തരവിനെ തുടർന്ന‌് അടച്ചുപൂട്ടിയത‌്. കുറുവാ ദ്വീപിലെ ചില പ്രശ‌്നങ്ങളുടെ അടിസ്ഥാനത്തിൽ കോടതിയെ സമീപിച്ച പ്രകൃതിസംരക്ഷണ സമിതിയുടെ നടപടിയാണ‌് പുതിയ പ്രതിസന്ധിയിലേക്ക‌് എത്തിച്ചത‌്. സാങ്കേതികമായി ലഭിക്കേണ്ട കേന്ദ്ര അനുമതിക്ക‌്   സാവകാശം നൽകാൻ കോടതി തയ്യാറാവണം. അതുവരെ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന ഉത്തരവ‌് ആയിരങ്ങളെ നേരിട്ടും പതിനായിരങ്ങളെ പരോക്ഷമായും പ്രതികൂലമായി ബാധിക്കും.  പ്രശ്‌നം പരിഹരിക്കാൻ കാലതാമസം നേരിട്ടാൽ മറ്റ്‌ ഡിവിഷനുകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളും സ്വാഭാവികമായി അടച്ചുപൂട്ടലിലേക്ക്‌ നീങ്ങുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്‌.
വനത്തിലെ വളരെ ചെറിയ ഭാഗങ്ങളിൽ മാത്രമാണ് ഇക്കോ ടൂറിസം നടപ്പാക്കുന്നത്. നാല‌് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ആദിവാസി വിഭാഗങ്ങൾ അടക്കം 220 ഓളം പേർ നേരിട്ട‌് ജോലി ചെയ‌്ത‌് വരുന്നുണ്ട‌്. ഇതിന‌് പുറമെ ടാക‌്സി ഡ്രൈവർമാർ, ചെറുകിട–-വൻകിട കച്ചവട സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഹോംസ‌്റ്റേകൾ, റിസോർട്ടുകൾ എന്നിവരെല്ലാം ടൂറിസത്തെ ആശ്രയിച്ചതാണ‌് പുലരുന്നത‌്. ഇവിടങ്ങളിലെല്ലാമായി ആയിരങ്ങൾ കഴിയുന്നു. പുതിയ സാഹചര്യത്തിൽ പ്രകൃതിദത്ത വിനോദ കേന്ദ്രങ്ങൾ  പൂട്ടുന്നതോടെ സന്ദർശകരുടെ വരവ‌് എന്നേന്നക്കുമായി നിലക്കും. ടൂറിസം ഭൂപടത്തിൽ നിന്നും വയനാട‌് അപ്രത്യക്ഷ്യമാവും. ഇത‌് വയനാടൻ സമ്പത‌് വ്യവസ്ഥയെ കാര്യമായി ബാധിക്കും. കേന്ദ്രങ്ങൾ അടക്കുന്നതോടെ ജീവനക്കാർക്കുള്ള വരുമാനം നിലക്കും. വന സംരക്ഷണ പ്രവർത്തനങ്ങളും തടസപ്പെടും. കാട്ടുതീ ഉൾപ്പെടെ ഉണ്ടാവാൻ കാരണമാവും.
വയനാട്ടിലെ ടൂറിസം പ്രകൃതിക്ക‌് വരുദ്ധമാണെന്ന പ്രചാരണമാണ‌് ചിലർ ബോധപൂർവം നടത്തുന്നത‌്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം മാത്രമാണ‌് വയനാട‌് ഗുണകരമാവുക എന്ന ബോധ്യം ഈ മേഖലയിലുള്ള എല്ലവർക്കുമുണ്ട‌്. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഇതിനെതിരെ ഉണ്ടാവുമ്പോൾ അത‌് പൊതുവൽക്കരിക്കരുത‌്.  പിഴവുകൾ ഉണ്ടെങ്കിൽ പരിഹരിച്ച‌് മുന്നോട്ടുപോകുകയാണ‌് ആധുനീക സമൂഹം ചെയ്യേണ്ടത‌്. അടച്ചുപൂട്ടുകയല്ല.
ഹൈക്കോടതിയുടെ  സ‌്റ്റേ ഉത്തരവ‌് നീക്കുന്നതിന‌് വനസംരക്ഷണ സമിതികൾ കോടതിയെ സമീപിച്ചിട്ടുണ്ട‌്. ഇതിന‌് എല്ലാവിധ പിന്തുണയും  ടൂറിസം മേഖലയിലുള്ളവർ നൽകും. ഇതിന‌് പുറമെ ബന്ധപ്പെട്ടവർക്ക‌് നിവേദനം നൽകും.   ഇതിനായി വാഞ്ചീശ്വരൻ(ചെയർമാൻ), കെ എ അനിൽകുമാർ(കൺവീനർ), സുബൈർ ഇളകുളം(കോ ഓർഡിനേറ്റർ) എന്നിവരടങ്ങിയ  കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട‌്.
വാർത്താ സമ്മേളനത്തിൽ കെ എ അനിൽകുമാർ, സുബൈർ ഇളകുളം, ബാബൂ വൈദ്യർ, സാജീഷ് കുമാർ, പ്രമോദ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *