രാത്രി യാത്രാ നിരോധനം: കേന്ദ്ര കേരള സർക്കാരുകൾ നോക്കുകുത്തിയാകരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കല്‍പ്പറ്റ: ബന്ദിപ്പൂര്‍ വനത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 766 ലൂടെയുള്ള രാത്രിയാത്ര നിരോധനത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വേണ്ടത്ര ഗൗരവം നല്‍കാതെ കേന്ദ്ര-കേരള സര്‍ക്കാരുകളും ജില്ലാ ഭരണകൂടവും നോക്കുകുത്തിയാകരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാത പൂര്‍ണമായും അടച്ചുപൂട്ടി കുട്ട, ഗോണിക്കുപ്പ, ഹുന്‍സൂര്‍ വഴിയുള്ള ബദല്‍പാത വീതികൂട്ടി ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. രാത്രിയാത്ര നിരോധനം നീക്കാന്‍ ശ്രമിക്കുന്നതിനിടെ പാത എന്നേക്കുമായി അടച്ചുപൂട്ടാനുള്ള ചില നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമം ചെറുക്കേണ്ടതുണ്ട്. യാത്രാ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള വനം പരിസ്ഥിതി വകുപ്പുകളുടെ നടപടികള്‍ അവസാനിപ്പിക്കണം. യാത്രനിരോധനം മറികടക്കാന്‍ സുപ്രീംകോടതിയില്‍ മികച്ച അഭിഭാഷകരെ നിയമിച്ച് പാതയുടെ ആവശ്യകതയും ബദല്‍ സംവിധാനത്തിന്റെ പ്രത്യാഘാതവും ബോധ്യപ്പെടുത്തി അനുകൂല വിധി സംബാദിക്കണം. യാത്ര നിരോധനം മറികടക്കുന്നതിനുള്ള പ്രക്ഷോഭത്തിന് പൂര്‍ണപിന്തുണ വ്യവസായി സമൂഹം നല്‍കും. പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ച് കൂടിയാലോചിക്കുന്നതിനായി ഇന്ന് കല്‍പ്പറ്റ വ്യാപാരഭവനില്‍ രാവിലെ പത്തിന് കൗണ്‍സില്‍ ചേരും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍, ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗീസ്, ട്രഷറര്‍ ഇ. ഹൈദ്രു, നൗഷാദ് കാക്കവയല്‍, അജി കല്‍പ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.




Leave a Reply