April 24, 2024

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ 21000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കും :മന്ത്രി എ.സി.മൊയ്തീന്‍

0
Pachayath Dinam.jpg

    സംസ്ഥാനത്ത് ഈ വര്‍ഷം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുമെന്ന് തദ്ദേശ  സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ പ്രതിനിധി സമ്മേളനം വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡ് വികസനത്തിനായി 1000 കോടി രൂപയുടെ പദ്ധതികളും നടപ്പാക്കും. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന മേഖലകളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെകൂടി ഇടപെടലുകള്‍ ഊര്‍ജിതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. നവകേരള മിഷനിലൂടെ സര്‍ക്കാറും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നത് ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളാണ്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഇത്തരം വികസന പദ്ധതികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ലക്ഷ്യ ബോധത്തോടെ ഏറ്റെടുക്കണം. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സാധാരണക്കാര്‍ക്ക് പാര്‍പ്പിടത്തിനൊപ്പം ഗ്രാമീണ മേഖലകളില്‍ തൊഴില്‍ സാധ്യതയും വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രാദേശിക വികസനത്തിന് സഹായകരമാകുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. നിക്ഷേപ സൗഹൃദ അന്തരീക്ഷം പഞ്ചായത്തുകളില്‍ സൃഷ്ടിക്കണം. സംരംഭകര്‍ക്ക് ആവശ്യമായ ലൈസന്‍സ് നല്‍കുന്നതില്‍ മനുഷ്യത്വപരമായ സമീപനം പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ നിന്നും ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ക്രിയാത്മകമായി പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. 

   ചടങ്ങില്‍ 2019 ല്‍ വയനാട്ടിലുണ്ടായ പ്രളയത്തെ രേഖപ്പെടുത്തി  വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്. ടിമ്പിള്‍ മാഗിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ  വയനാടിന്റെ പ്രളയ മുഖങ്ങള്‍ എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. കെ.ജി.പി.എ ജനറല്‍ സെക്രട്ടറി അഡ്വ. പി. വിശ്വംഭര പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി ജോസഫ് എം.എല്‍.എ, കെ.ജി.പി.എ വൈസ് പ്രസിഡന്റ് എസ്. നാസറുദ്ദീന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ എന്‍. പദ്മകുമാര്‍, ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സി.പി വിനോദ്, പട്ടികജാതി വകുപ്പ് ഡയറക്ടര്‍ പി.എ ശ്രീവിദ്യ, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, തദ്ദേശ സ്വയം ഭരണ വകുപ്പ്  ചീഫ് എഞ്ചിനീയര്‍ എം.വി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *