April 18, 2026

മുതിരേരി സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ: മുതിരേരിയില്‍ പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞത് ചോദിക്കാന്‍ പോയ പിതാവിനെ സി പി എം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ഭരണസ്വാധീനം ഉപയോഗിച്ച് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഞ്ച് പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനും അവരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതും പൊലീസിന്റെ ഗുരുതര വീഴ്ചയാണ്. ഈ വിഷയത്തില്‍ ആദ്യം മുതല്‍ തന്നെ പൊലീസിന്റെ ഭാഗത്ത് നിന്നും പെണ്‍കുട്ടികള്‍ക്കും പിതാവിനും നീതി ലഭിച്ചിട്ടില്ല. പിതാവിന്റെ മൊഴിയെടുത്തതിന് ശേഷം ഒരു ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്താന്‍ പോലും തയ്യാറായത്. പെണ്‍കുട്ടികളെ കുളിക്കടവില്‍ വെച്ച് അസഭ്യം പറയുകയും, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതും ഗുരുതരമായ തെറ്റായിട്ടും, മറുവാദമുന്നയിച്ച് തടിതപ്പാനാണ് സി പി എം ശ്രമിച്ചത്. സി പി എമ്മിന്റെ മൂന്ന് ബ്രാഞ്ച് മെമ്പര്‍മാരടക്കം കേസില്‍ പ്രതികളാണ്. കേസില്‍ ആദ്യം മുതല്‍ തന്നെ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിട്ടുണ്ട്. ഇനിയും അറസ്റ്റ് വൈകിച്ചാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും വീമ്പിളക്കുന്ന സര്‍ക്കാര്‍ രണ്ട് പെണ്‍കുട്ടികള്‍ക്കും അവരില്‍ ഒരാളുടെ പിതാവിനും ഇതുപോലൊരു ദുരവസ്ഥയുണ്ടായിട്ടും പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നത് അപമാനകരമാണ്. പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടുകളാണ് സി പി എം ജില്ലാനേതൃത്വവും സ്വീകരിച്ചുകാണുന്നത്. ഇനിയും ഇതുപോലുള്ള സംഭവങ്ങള്‍ നാട്ടിലുണ്ടാകാതിരിക്കാന്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാനാണ് ശ്രമിക്കേണ്ടത്. പകരം പെണ്‍കുട്ടികള്‍ക്കെതിരെയും അവരുടെ പിതാവിനെതിരെയും അനാവശ്യ ആരോപണങ്ങളുന്നയിച്ച് കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ അതിനെതിരെ കോണ്‍ഗ്രസിന് കൈയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *