April 16, 2024

രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പാസ് വേണ്ട; മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്

0
കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം നാളെ (ചൊവ്വാഴ്ച) മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അത്യാവശ്യകാര്യങ്ങള്‍ക്ക് രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയില്‍ മറ്റ് ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും പോലീസ് പാസ് വാങ്ങേണ്ടതാണ്.  അവശ്യസര്‍വ്വീസായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മേഖലകളുമായി ബന്ധപ്പെട്ട് രാത്രി ഏഴിനുശേഷം യാത്രചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മാത്രം മതിയാകും. ഹോട്ടലിലും മറ്റും നിന്ന് രാത്രി പത്തുമണി വരെ ഭക്ഷണം പാഴ്സലായി വാങ്ങാന്‍ അനുവാദം നല്‍കിയതായും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പോലീസിന്‍റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന് രൂപം നല്‍കും. ഗ്രാമീണമേഖലയില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പോലീസിന്‍റെ #BaskInTheMask ക്യാംപെയ്നിന്‍റെ ഭാഗമായി മാസ്ക് സൗജന്യമായി വിതരണം ചെയ്യും.
കോവിഡ് 19  ബാധയുണ്ടെന്ന് വ്യക്തമായിട്ടും അത് മറച്ചുവെച്ച് അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുകയും അസുഖബാധ അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത മൂന്നു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.  
ലോക്ഡൗണ്‍ നീട്ടിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കണ്ടെയ്ന്‍മെന്‍റ് മേഖലയില്‍ പോലീസ് നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തി. ചെക്പോസ്റ്റ്, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, തുറമുഖം എന്നിവിടങ്ങളിലും പരിശോധന കര്‍ശനമാക്കി. വീട്ടില്‍ ക്വാറന്‍റെയ്നില്‍ കഴിയുന്നവരെ നിരീക്ഷിക്കാനുള്ള പോലീസ് സംവിധാനം ശക്തിപ്പെടുത്തിയതായും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ പോലീസിന്‍റെ പ്രവര്‍ത്തനക്രമത്തില്‍ മാറ്റം വരുത്തുന്നതിന്‍റെ ഭാഗമായി പോലീസ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിയില്‍ ഉള്ളവരുടെ എണ്ണം പകുതിയാക്കി കുറച്ചുകൊണ്ടുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നു. ഇതുമൂലം പോലീസിന്‍റെ പ്രവര്‍ത്തനത്തില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി തയ്യാറാക്കിയ പോലീസിന്‍റെ ഈ പ്രവര്‍ത്തനക്രമം അന്താരാഷ്ട്ര തലത്തില്‍ നിന്നുതന്നെ പ്രശംസ നേടി കഴിഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *