April 20, 2024

ജില്ലയിലെ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് ആക്ഷൻ പ്ലാൻ തയ്യാറാക്കും

0
Img 20200705 Wa0118.jpg
ജില്ല നേരിടുന്ന  രൂക്ഷമായ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ കൽപ്പറ്റ – ബത്തേരി എം.എൽ.എമാരുടെ സാന്നിധ്യത്തിൽ ബത്തേരി ഫോറസ്റ്റ് ഐ.ബിയിൽ ചേർന്ന ഉന്നതതല വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നത്  തടയാൻ കാടും നാടും വേർതിരിച്ച് ശാശ്വതമായ പരിഹാരം ശാസ്ത്രീയമായ രീതിയിൽ അഞ്ചു വർഷം കൊണ്ട് ഘട്ടം ഘട്ടമായി നടപ്പിലാക്കും. ആദ്യഘട്ട പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കും. 
ജില്ലയിലെ മനുഷ്യ – വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന് കിഫ്ബിയിൽ  ഉൾപ്പെടുത്തി ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിംഗ് ഉൾപ്പെടെയുള്ള സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഇതിനകം 40 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. 32 കിലോമീറ്റർ ദൂരത്തിൽ സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഈ തുക വിനിയോഗിക്കും. ബാക്കി വരുന്ന ഭാഗങ്ങളിൽ  കൂടി സംരക്ഷണ പ്രവർത്തനങ്ങൾ  നടപ്പിലാക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ യോഗത്തിൽ തീരുമാനമായി. ചെലവുകുറഞ്ഞതും എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയുന്നതുമായ  ഹാങ്ങിങ് ഫെൻസിംഗ് അടക്കമുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനെ കുറിച്ചും യോഗത്തിൽ ധാരണയായി. 
കൽപ്പറ്റ മണ്ഡലത്തിലെ കുരങ്ങ് ശല്യം പരിഹരിക്കുന്നതിന് 200 ഏക്കർ വനഭൂമി വിട്ടുനൽകണമെന്ന് സി.കെ ശശീന്ദ്രൻ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പുതുതായി അനുവദിച്ച ഒമ്പത് റാപ്പിഡ് റെസ്പോൺസ് ടീമിൽ മൂന്നെണ്ണം വയനാട് ജില്ലയ്ക്ക് അനുവദിക്കണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടു. 
ജില്ലയിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണത്തിൽ മനുഷ്യ ജീവനുകൾ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി.കെ ശശീന്ദ്രൻ എം.എൽ.എ  പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് കത്തയച്ചതിനെ തുടർന്നാണ് ഉന്നതതല യോഗം വിളിച്ചു ചേർത്തത്. 
എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡെവലപ്മെൻറ് & പ്ലാനിങ് ) ദേവേന്ദ്ര കുമാർ വർമ്മ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (അഡ്മിനിസ്ട്രേഷൻ )  രാജേഷ് രവീന്ദ്രൻ, പാലക്കാട് വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ വിജയാനന്ദ്, നോർത്തേൺ സർക്കിൾ കണ്ണൂർ ചീഫ് കൺസർവേറ്റർ കാർത്തികേയൻ, കൺസർവേറ്റർ ഓഫ് വിജിലൻസ് ആർ എൽ അരശൻ, സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് കുമാർ, നോർത്ത് വയനാട് ഡി.എഫ്.ഒ രമേശ് ബിഷ്ണോയ്, ഫ്ലയിംഗ് സ്ക്വാഡ്  ഡി.എഫ്.ഒ ധനേഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *