ദേശീയപാത പ്രഖ്യാപനം: ഇരട്ടത്താപ്പ് കളിക്കുന്നത് സി പി എമ്മും ബി ജെ പിയും:ഐ സി ബാലകൃഷ്ണൻ എം എൽ എ
സുൽത്താൻ ബത്തേരി: മൈസൂർ-മലപ്പുറം ദേശീയ പാത പ്രഖ്യാപനം എൻ എച്ച് 766 ലെ യാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടക്കുന്ന കേസിനെ ബാധിക്കില്ലെന്ന് പറയാൻ ഇടതു ബി ജെ പി സർക്കാരുകൾക്ക് സാധിക്കുമോ എന്ന് ഐ സി ബാലകൃഷ്ണൻ എൽ എ. കേസിന്റെ അന്തിമ വിധി വരാനിരിക്കെ ഇത്തരമൊരു പ്രഖ്യാപനം തിടുക്കത്തിൽ നടത്തിയതിന് പിന്നിൽ കേസ് പരാജയപ്പെടണമെന്ന ഗൂഢ ലക്ഷ്യമുണ്ട്.കുട്ട ഗോണിക്കുപ്പ റോഡ് ഉപയോഗിക്കാനും എൻ എച്ച് 766 പൂർണമായി അടച്ചുപൂട്ടാനും സാധ്യത ആരാഞ്ഞ കോടതിക്ക് മുന്നിലേക്കാണ് പുതിയ ദേശീയപാതയുടെ പ്രഖ്യാപനം എത്തുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ കൂടിയും കർണാടകയിലെ കടുവാ സങ്കേതങ്ങളിൽക്കൂടിയും കടന്നു പോകുന്ന നിർദിഷ്ട ദേശീയപാത സ്ഥലം ഏറ്റെടുത്ത് എളുപ്പത്തിൽ പ്രാവർത്തികമാകില്ലെന്ന് ഇരു സർക്കാരുകൾക്കും അറിയാം. വസ്തുത ഇതായിരിക്കെ ദേശീയപാതയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ചോര കുടിക്കാനുള്ള ബുദ്ധിക്ക് പിന്നിൽ സി പി എമ്മിന്റെ കണ്ണൂർ നേതൃത്വവുമുണ്ട്.പുതിയ ഒരു ദേശീയ പാത കൂടി ജില്ലക്ക് കിട്ടുന്നതിൽ സന്തോഷമേയുള്ളു. പക്ഷെ അത് നിലവിലുള്ള ദേശീയ പാത അടച്ചു പൂട്ടിയാവില്ല എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത സി പി എമ്മിനും ബി ജെ പി ക്കുമുണ്ട്. ജനങ്ങളൊന്നാകെ പങ്കെടുത്ത യുവജന സമരം അവസാനിപ്പിക്കാൻ നൽകിയ ഉറപ്പുകളിലൊന്നു പോലും പാലിക്കാത്തത് സി പി എം നയിക്കുന്ന കേരള സർക്കാരും ബി ജെ പി നയിക്കുന്ന കേന്ദ്ര സർക്കാരുമാണ്.എന്നിട്ടും സമരത്തിന് തുരങ്കം വെച്ചത് യു ഡി എഫ് ആണെന്ന പ്രസ്താവനയിലൂടെ സി പി എം ഉദ്ദേശിക്കുന്ന ആടിനെ പട്ടിയാക്കൽ പരിപാടി വയനാട്ടിൽ നടക്കില്ല. സമരമവസാനിപ്പിക്കാൻ ഗൂഡാലോചന നടന്ന പിണറായിയുടെ വീട്ടിൽ നിന്നു തന്നെയാണ് ജനങ്ങളെ ഭിന്നിപ്പിക്കാനായി പുതിയ ദേശീയപാത എന്ന തന്ത്രത്തിന്റെ ഗൂഢാലോചനയും നടന്നത്.രാത്രിയാത്ര നിരോധനം നിലവിൽ വന്ന അന്ന് മുതൽ വിഷയത്തിൽ സി പി എമ്മും ബി ജെ പിയും കാണിച്ചു വരുന്ന ഇരട്ടത്താപ്പ് നയം ഇപ്പോളും തുടരുകയാണ്. യു ഡി എഫിനും സ്ഥലം എം എൽ എ ആയ എനിക്കും വിഷയത്തിൽ ഒരേ നിലപാടാണെന്നും അത് പൊതുസമൂഹത്തിന് ബോധ്യമുണ്ടെന്നും നട്ടാൽ കുരുക്കാത്ത നുണപ്രചരണങ്ങളിലൂടെ സി പി എം സ്വയം പരിഹാസ്യരാവരുതെന്നും ഐ സി ബാലകൃഷ്ണൻ എം എൽ എ പറഞ്ഞു.





Leave a Reply