April 19, 2024

വയനാട് ജില്ലാ പഞ്ചായത്ത്: ചീരാലില്‍ കരുത്തനെ നേരിടാന്‍ ദേശീയ വോളിബോൾ താരം.

0
1606908678155.jpg
കല്‍പ്പറ്റ:വയനാട് ജില്ലാ പഞ്ചായത്തിലെ ചീരാല്‍ ഡിവിഷനില്‍ കരുത്തനെ നേരിടാന്‍ വിദ്യാര്‍ഥി നേതാവ്.നൂല്‍പ്പുഴ പഞ്ചായത്ത് സിറ്റിംഗ് പ്രസിഡന്റും സിപിഎം ബത്തേരി ഏരിയ കമ്മിറ്റിയംഗവുമായ കെ. ശോഭന്‍കുമാറാണ് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.ഇദ്ദേഹവുമായി കൊമ്പുകോര്‍ക്കാന്‍  യുഡിഎഫ് നിയോഗിച്ചതു കെഎസ്‌യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയിയെ.ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലാണ് എന്‍ഡിഎയ്ക്കുവേണ്ടി മത്സരരംഗത്ത്.
കര്‍ണാടക,തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിരുപങ്കിടുന്നതാണ് ചീരാല്‍ ഡിവിഷന്‍.ജില്ലയിലെ മറ്റൊരു ഡിവിഷനും ഇല്ലാത്ത പ്രത്യേകതയാണിത്.വോട്ടര്‍മാരില്‍ 42 ശതമാനത്തോളം പട്ടികവര്‍ഗക്കാരാണെന്നതും മറ്റൊരു സവിശേഷതയാണ്.28,000നടുത്താണ് വോട്ടര്‍മാരുടെ എണ്ണം.
24 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ചീരാല്‍ ഡിവിഷന്‍.നൂല്‍പ്പുഴ പഞ്ചയാത്ത് പൂര്‍ണമായും(17 വാര്‍ഡുകള്‍) നേന്‍മേനി പഞ്ചായത്തിലെ നമ്പ്യാര്‍കുന്ന്,ഈസ്റ്റ് ചീരാല്‍,മുണ്ടക്കൊല്ലി,ചീരാല്‍,പഴൂര്‍,പുത്തന്‍കുന്ന്,താഴത്തൂര്‍ വാര്‍ഡുകളും ഡിവിഷന്റെ ഭാഗമാണ്.2015ലെ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിലെ ബിന്ദു മനോജാണ് 1,593 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചത്.


      യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും സ്വാധീനമുള്ളതാണ് ഡിവിഷനിലെ പല പ്രദേശങ്ങളും.കഴിഞ്ഞ തെരഞ്ഞടുപ്പില്‍  5,065 വോട്ടാണ് താമര അടയാളത്തില്‍ വീണത്.അഞ്ച് ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും ബിജെപി വിജയിച്ചു.മറ്റുചില വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തു എത്തി.അതിനാല്‍ത്തന്നെ ഓരോ വോട്ടും അമൂല്യമാണെന്ന തിരിച്ചറിവോടെയാണ് ഡിവിഷനില്‍ മൂന്നു മുന്നണികളുടെയും പ്രചാരണം.പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ പുതുതന്ത്രങ്ങള്‍ മെനയുകയാണ് സ്ഥാനാര്‍ഥികളും മുന്നണി നേതാക്കളും.


        ബത്തേരി നായ്‌ക്കെട്ടി സ്വദേശിയാണ് 50കാരനായ ശോഭന്‍കുമാര്‍.ഭാര്യ രാധികയും മകന്‍ നിഖിലും അടങ്ങുന്നതാണ് കുടുംബം.പതിറ്റാണ്ടുകളായി പൊതുരംഗത്തു സജീവമാണ് ശോഭന്‍കുമാര്‍.എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി,ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി,സിപിഎം നൂല്‍പ്പുഴ ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ല്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ വടക്കനാട് ഡിവിഷനില്‍ വിജയിയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡില്‍ വിജയിച്ചാണ് പഞ്ചായത്ത് ഭരണസമിതിയിലെത്തിയത്.

      കല്ലൂര്‍ കുന്നത്ത് ജോയി-ശോഭന ദമ്പതികളുടെ മകനാണ് 26 കാരനായ അമല്‍ ജോയ്. സമൂഹികപ്രവര്‍ത്തനത്തിലും ജേണലിസത്തിലും ബിരുദാനന്തര ബിരുദമുണ്ട്. വോളിബോള്‍ മുന്‍ ദേശീയ താരമാണ്.സബ്ജൂണിയര്‍,ജൂണിയര്‍ വിഭാഗങ്ങളിലായി നാലുതവണ കേരളത്തിന്റെ ജഴ്‌സിയണിഞ്ഞിട്ടുണ്ട്.

       മലവയല്‍ നടുവീട്ടില്‍ കൃഷ്ണദാസ്-കോമളവല്ലി ദമ്പതികളുടെ മകനാണ് 37കാരനായ പ്രസാദ് മലവയല്‍.ഭാര്യ രമ്യയും മകള്‍ നേഹലക്ഷ്മിയും അടങ്ങുന്നതാണ് കുടുംബം.എബിവിപിയിലൂടെ പൊതുരംഗത്തു എത്തിയ പ്രസാദ് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റായിരുന്നു.മൂന്നാം തവണയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.


      ആദിവാസി ഊരുകളിലെ അടിസ്ഥാന സൗകര്യ വികസനം,വന്യജീവി ശല്യം തുടങ്ങിയവ ഡിവിഷനിലെ പ്രധാന തെരഞ്ഞെടുപ്പുവിഷയങ്ങളാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news