April 19, 2024

മുന്നണി സംവിധാനത്തിൽ ചേരാതെ ഗോത്രജനത രക്ഷപ്പെടില്ല : സി.കെ ജാനു

0
Img 20210404 Wa0019.jpg
*മുന്നണി സംവിധാനത്തിൽ ചേരാതെ ഗോത്രജനത രക്ഷപ്പെടില്ല : സി.കെ ജാനു*

ഗോത്ര വർഗ്ഗ സമര പോരാട്ടങ്ങളിലൂടെ ലോക ശ്രദ്ധ ആർജ്ജിച്ച , ബിബിസി വാർത്തകളുടെ പോലും ശീർഷകം ആയി മാറിയ വയനാടൻ വനിതയാണ് സികെ ജാനു . ഗറില്ലാ സ്വഭാവമുള്ള തീവ്ര സമരങ്ങൾ അടക്കം 35 വർഷത്തെ നിരന്തര പോരാട്ടത്തിന്റെ ഒടുവിലാണ് സികെ ജാനു എൻഡിഎയിൽ മുന്നണി പ്രവേശം ചെയ്യുന്നത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരി നിയമസഭാ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി ആയി തീവ്ര രാഷ്ട്രീയ പോരാട്ടം കാഴ്ച വയ്ക്കുകയാണ് സി .കെ .ജാനു . തോൽക്കാനല്ല ജനിച്ചത് എന്ന ശക്തമായ നിലപാടോടെ സി.കെ ജാനു തൻറെ രാഷ്ട്രീയ മുന്നണിയെക്കുറിച്ച്, സമുദായത്തെക്കുറിച്ച്, പോരാട്ടങ്ങളെക്കുറിച്ച് ന്യൂസ് വയനാട് പ്രതിനിധിയോട് സംസാരിക്കുന്നു. മനസ്സിരുത്തി വായിക്കുക . ഇത് വയനാട് പോലെയുള്ള ഒരു ഒരു ഗോത്ര വർഗ്ഗ പ്രാമുഖ്യമുള്ള വനസാന്നിധ്യമുള്ള ജില്ലയിൽ മാത്രം സംഭവിക്കുന്ന ഒരു അപൂർവ്വ പ്രതിഭാസമാണ്.
*അഭിമുഖം തയ്യാറാക്കിയത് : ജിത്തു തമ്പുരാൻ*
Q : ജാനു ഏച്ചി ആയിരം പേജുള്ള ഒരു പുസ്തകം പോലെയാണ്.ഒരുകാലത്ത് സ്വന്തം ഗോത്രത്തിലെ ജനങ്ങൾക്ക് വേണ്ടി തീക്ഷ്ണ വിപ്ലവവുമായി നടന്നു. ഇപ്പോൾ ഇപ്പോൾ തികച്ചും ശാന്ത സ്വഭാവിയായ ഒരു ദേശീയ നേതാവായി നിൽക്കുന്നു. ഈ മാറ്റത്തെ എങ്ങനെ സ്വയം വിലയിരുത്തുന്നു ?
Ans : നമ്മൾ അങ്ങനെ എല്ലാത്തരത്തിലും ശാന്ത സ്വഭാവത്തിൽ അല്ല നിൽക്കുന്നത്.അങ്ങനെയൊന്നും കരുതേണ്ടതില്ല.ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ തീവ്രമായ നിലപാട് എടുക്കേണ്ടി വന്നാൽ അങ്ങനെ ചെയ്യും. ശാന്തമായ നിലപാടിലാണ് പരിഹാരം ഉണ്ടാകുന്നതെങ്കിൽ എത്ര തീവ്രതയ്ക്കിടയിലും ആ ഒരു ശാന്തതയെ അന്വേഷിക്കും , അനുസരിക്കും.
ഇത് ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട നിലപാടാണ്.
Q : പൊതുവേ ഈ വയനാട്ടിൽ ഗോത്രവർഗ്ഗക്കാർക്കും അവരുടെ നേതാക്കൾക്കും രക്ഷിതാക്കളായി ഒന്നുകിൽ തീവ്ര ഇടതുപക്ഷം അല്ലെങ്കിൽ ഇടതുപക്ഷ സാമ്യതയുള്ള എന്തെങ്കിലും ഒരു സംഘടന ആണ് എത്താറുള്ളത് . പക്ഷേ അതിൽ നിന്നു് വിഭിന്നമായി ജാനു ഏച്ചി എൻ.ഡി.എ യിലേക്ക് പോയി ? ഈ മൂവ്മെന്റിൽ സംതൃപ്തയാണോ ?
Ans : കഴിഞ്ഞ 40 വർഷമായി സമര രംഗത്ത് ഉള്ള ആളാണ് ഞാൻ . ഓരോ പോരാട്ടത്തിനു ശേഷവും മേൽപ്പറഞ്ഞ സമരം എത്രമാത്രം വിജയകരമായിരുന്നു , എന്തൊക്കെ പഠിക്കാനുണ്ട് , എന്ന് തുടങ്ങി അതിൻറെ എല്ലാ വശങ്ങളെക്കുറിച്ചും ഞാൻ വിശകലനം ചെയ്യാറുണ്ട്. അത്തരമൊരു ജീവിതാനുഭവത്തിന്റെവെളിച്ചത്തിലാണ് ഒരു പൊളിറ്റിക്കൽ പാർട്ടിയിൽ എത്തിച്ചേരുന്നത്. ഒട്ടനവധി സാമുദായിക സംഘടനകളിൽ ഞാൻ അംഗമായിട്ടുണ്ട്. ഒരിക്കൽ ഞാൻ അംഗമായ സാമുദായിക സംഘടന എൻറെ ജനങ്ങളുടെ ജീവിത പ്രശ്നം പരിഹരിക്കാൻ പര്യാപ്തമല്ല എന്ന് കണ്ട് ഞാനത് ഉപേക്ഷിച്ചു . എന്നിട്ട് വേറെ സംഘടന സ്വീകരിച്ചു. ഇങ്ങനെ നന്നായി ചിന്തിച്ച ശേഷമാണ് സംഘടനകളെ സ്വീകരിച്ചത്. ജനങ്ങളുടെ ജീവിത പ്രശ്നവും സാമൂഹിക വ്യവസ്ഥയും രാഷ്ട്രീയ സാഹചര്യവും രാഷ്ട്രീയത്തിന് അകത്തെ എൻറെ ജനതയുടെ പങ്കാളിത്തം ഇതെല്ലാം ചിന്തിച്ച ശേഷം മാത്രമേ ഞാൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാറുള്ളൂ. വെറും ഒരു ആശയം എന്നതിലുപരിയായി ജീവിതത്തിന് ഉതകുന്ന തരത്തിൽ പ്രസ്ഥാനത്തെ പരിവർത്തന പ്പെടുത്തണം. അതിനു വേണ്ടിയാണ് ഞാൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയത്. കേരളത്തിലെ സമുദായങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ മുന്നണിയുടെ കൂടെ പോയവർക്ക് എപ്പോഴും ഗുണങ്ങൾ ഉണ്ടായിട്ടുണ്ട് .ഇല്ലാത്തവർ ദുരിതത്തിൽ തന്നെ നിലനിൽക്കുന്നുണ്ട്. കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ സമുദായങ്ങളുടെ പ്രശ്നവും അവർ മുന്നണി രാഷ്ട്രീയത്തിൽ പ്രത്യക്ഷ പങ്കാളിത്തം വഹിക്കുന്നില്ല എന്നതാണ്. ആ പങ്കാളിത്തം ഉറപ്പാക്കണം . അവിടെയാണ് എൻറെ സാമുദായിക സമൂഹത്തിൻറെ ഉന്നമനം. 
Q : ഉരുക്ക് വനിതയുടെ രണ്ടാമത്തെ തീരുമാനം വീണ്ടും എൻഡിഎയിൽ തന്നെ എത്തുക എന്നത് . ഗോത്ര പങ്കാളികളും കുടുംബക്കാരും ഒക്കെ ഇതിനെക്കുറിച്ച് എന്തു പറയുന്നു ?
Ans : ഗോത്രത്തിൽ ഉള്ള മുഴുവൻ ആൾക്കാരുടെയും അഭിപ്രായം ആരാഞ്ഞതിനു ശേഷമാണ് ഞാൻ ഈ തീരുമാനമെടുത്തത്.ഇതുവരെ ഞങ്ങൾ സമരം ചെയ്തത് സെക്രട്ടറിയേറ്റിന് പുറത്താണ് . ഇനി നിയമസഭക്ക് അകത്താണ് ഞങ്ങൾ സമരം നടത്തുന്നത്. സമരത്തിൽ നിന്ന് ഒരിക്കലും നമ്മൾ മാറി നിൽക്കുന്നില്ല.ഒരു കുഞ്ഞ് പിറവിയെടുക്കുന്നത് മുതൽ സമരത്തിലൂടെയാണ് അത് മുന്നോട്ടു പോകുന്നത് . അമ്മ എന്ന് വിളിക്കുന്നത് പോലും ഒരു സമര രീതിയാണ്. നമ്മൾ മണ്ണിൽ അലിയുന്നതുവരെ സമരം നമുക്കൊപ്പം ഉണ്ടാകും. എങ്കിലും നയപരമായ നിലപാടുകൾ അത്യാവശ്യത്തിന് സ്വീകരിക്കുകയും ചെയ്യണം.
Q : അപ്പോൾ അത്യാവശ്യം വന്നാൽ കോളറിന് പിടിച്ച് രണ്ടു പൊട്ടിക്കാനും സികെ ജാനുവിന് ഇപ്പോഴും ആർജ്ജവം ഉണ്ട് എന്ന് തന്നെയാണോ ?
Ans : തീർച്ചയായും അങ്ങനെ തന്നെയാണ് .അതിനുള്ള കരുത്തും ചങ്കൂറ്റവും ഇപ്പോഴും എനിക്കുണ്ട്.
Q. ബത്തേരി മണ്ഡലത്തിലെ എൻഡിഎയുടെ സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു ?
Ans : ബത്തേരി മണ്ഡലത്തിൽ ഉള്ള സാഹചര്യങ്ങൾ പഠിച്ചിട ത്തോളം ഇവിടെ ഒരു വികസനവും നടക്കുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ജയിച്ചു വരുന്നത് ഞാനാണെങ്കിൽ അഞ്ചേ അഞ്ച് വർഷം കൊണ്ട് ഇവിടെയുള്ള ഒരുവിധം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു.
Q : വർഷങ്ങളായി ജാനു ഏച്ചി ഒരുപാട് അവഹേളനങ്ങൾ സഹിക്കുന്ന ആളാണ്. ഗോത്ര വർഗക്കാരി, തൊലി കറുത്തുപോയവൾ , ഇങ്ങനെ ഒരുപാട് . ഈ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം അവഹേളനങ്ങൾ സഹിക്കുന്നുണ്ടോ ?
Ans : തീർച്ചയായും അങ്ങനെ സംഭവിക്കുന്നുണ്ട് . മാനസികമായി തളർത്തി പൊതുസമൂഹത്തിൽ നിന്ന് അകറ്റി നിർത്തുക എന്നത് അവരുടെ ആവശ്യമാണ്. അതായത് അവരുടെ ആവശ്യമാണ് എന്ന് നമ്മൾ തിരിച്ചറിയുന്നതാണ് അതിൻറെ പ്രസക്തി. പക്ഷേ നമുക്ക് മനക്കരുത്ത് ഉണ്ടെങ്കിൽ അതൊന്നും നമ്മളെ ബാധിക്കാൻ പോകുന്നില്ല. നമ്മൾ നമ്മളുടെ പണി കൃത്യമായി ചെയ്യുക എന്നുള്ളതാണ് ശരിയായ വശം.
Q : സി കെ ജാനു എന്ന രാഷ്ട്രീയക്കാരി എന്തുകൊണ്ട് ഇടതും വലതും പോകാതെ എൻഡിഎയിൽ തന്നെ വന്നു അവിടെ തന്നെ തുടരുന്നു ? 
Ans : വയനാട് ജില്ലയുടെ സമഗ്ര വികസന പദ്ധതി പൂർണമായും നടപ്പിലാക്കി ഇവിടെയുള്ള ഓരോ ജനങ്ങൾക്കും അതിൻറെ വിഹിതം എത്തണമെങ്കിൽ എൻഡിഎ പോലുള്ള മുന്നണിക്ക് മാത്രമേ അത് സാധ്യമാകൂ. ഇത് ഇന്ത്യ ഒന്നടങ്കം രാഷ്ട്രീയ വേര് ഉറപ്പിച്ച് ഒരു പ്രസ്ഥാനമാണ്. മോഡിജി അമിത് ഷാ മുതലായവരുടെ സപ്പോർട്ട് ഈ മണ്ഡലത്തിലേക്ക് വന്നാൽ ഇവിടെയുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാവും. അവർ നേരിട്ട് നിർദ്ദേശിച്ച ഒരു വ്യക്തിയാണ് ഞാൻ . എനിക്ക് അവരുമായി ഇടപെടാൻ ഞങ്ങളുടെ ഇടയിൽ മറ്റൊരാൾ നിൽക്കേണ്ട ആവശ്യമില്ല. ഇത് മണ്ഡലത്തിലെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ വിജയമായി തീരും .ബത്തേരിയെ ഒരു മാതൃകാ വികസന മണ്ഡലം ആക്കി പരിവർത്തനപ്പെടുത്താൻ സാധിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *