April 18, 2024

വന്യമൃഗ ശല്യത്തിൽനിന്ന് ശാശ്വതപരിഹാരം ഉറപ്പാക്കും: എം എസ് വിശ്വനാഥൻ

0
Img 20210405 Wa0010.jpg
വന്യമൃഗ ശല്യത്തിൽനിന്ന് ശാശ്വതപരിഹാരം ഉറപ്പാക്കും: എം എസ് വിശ്വനാഥൻ

സുൽത്താൻ ബത്തേരി നിയമസഭാ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പു വിജയം ഒരർത്ഥത്തിൽ പറഞ്ഞാൽ സിപിഐ (എം) പൊളിറ്റ് ബ്യൂറോയുടെ അടക്കം അഭിമാനപ്രശ്നമായി മാറിയ ഒരു സാഹചര്യമാണിത് .2006 ൽ പി കൃഷ്ണപ്രസാദ് 25000 ത്തിൽ അധികം വോട്ട് ഭൂരിപക്ഷത്തിൽ നേടിയ വിജയത്തിനുശേഷം കഴിഞ്ഞ രണ്ടു തവണയായി സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ഒരു ഇടതുപക്ഷ എംഎൽഎയെ  
വിജയിപ്പിച്ചെടുക്കാൻ സാധിച്ചിട്ടില്ല എന്ന പ്രശ്നം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ അസ്വസ്ഥത തന്നെ സൃഷ്ടിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് വലതിൻറെ പൾസ് അറിയുന്ന ഒരു വ്യക്തി എന്ന നിലയിൽ എം എസ് വിശ്വനാഥൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി സുൽത്താൻബത്തേരിയിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നത്.കെപിസിസി മുൻ സെക്രട്ടറിയും സുൽത്താൻബത്തേരി നഗര സഭ കൗൺസിലറും ആയിരുന്ന എം എസ് വിശ്വനാഥൻ ഇടതുപാളയത്തിലേക്ക് എത്തിയതോടുകൂടി സുൽത്താൻ ബത്തേരിയിലെ ഇടതുപക്ഷത്തിന് വല്ലാത്തൊരു ഉണർവും കരുത്തുമാണ് വന്നുചേർന്നിരിക്കുന്നത്.തീപ്പാറുന്ന പോരാട്ടത്തിന്റെ വിശേഷങ്ങളും സുൽത്താൻ ബത്തേരിയിലെ സാധാരണക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെച്ചുകൊണ്ട് എം എസ് വിശ്വനാഥൻ ന്യൂസ് വയനാട് പ്രതിനിധിയോട് ഹൃദയം തുറക്കുകയാണ്. ഇലക്ഷൻ 2021
ഹോട്ട് പോയിൻറ് സീരീസിലെ ഏറ്റവും അവസാനത്തെ അഭിമുഖം എന്ന നിലയിലും ഇത് പ്രാധാന്യമർഹിക്കുന്നു.
*അഭിമുഖം തയ്യാറാക്കിയത് : ജിത്തു തമ്പുരാൻ* 
Q : ബത്തേരിയുടെ സ്വഭാവം പ്രവചനാതീതമാണ്. 2006 ൽ സൗമ്യ ശീലനായ തീവ്ര കമ്മ്യൂണിസ്റ്റ് പി കൃഷ്ണപ്രസാദ് ഇരുപത്തി അയ്യായിരം വോട്ടിന് ജയിച്ചതിനു ശേഷം ബത്തേരി ഇടതിന് കിട്ടാക്കനിയാണ്.ചുമട്ടുകാരും ഓട്ടോക്കാരും കൂലിപ്പണിക്കാരും പറയുന്നു : ഉറപ്പാണ് വിശ്വേട്ടൻ . താങ്കൾ അങ്ങനെ പറയുന്നുണ്ടോ ?
Q : ജനങ്ങൾ അങ്ങനെ പറയുന്നുണ്ടെങ്കിൽ അതാണ് അതിൻറെ ശരി . ജനങ്ങൾ ആണല്ലോ വോട്ടർമാർ. ഭൂരിപക്ഷം എത്ര ഉണ്ടാകും എന്നൊന്നും തൽക്കാലം ചോദിക്കരുത്. ബത്തേരി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും ഒരു മുനിസിപ്പാലിറ്റിയിലെയും പര്യടനം പൂർത്തിയായി 250 ഓളം കേന്ദ്രങ്ങളിൽ സ്വീകരണം ഉണ്ടായി. പഴയ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമാണ് ഇത്തവണ കാണാൻ കഴിയുന്നത്.എല്ലായിടത്തും കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധന്മാർ വരെ സ്വീകരണകേന്ദ്രങ്ങളിൽ എത്തുന്നു.വനിതകളും യുവാക്കളും കൃത്യമായ പങ്കാളിത്തം വഹിക്കുന്നുണ്ട് . എല്ലാവരും കേരളത്തിൽ തുടർ ഭരണം ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ സൂചനയാണിത്.
Q : മറ്റൊരു അർത്ഥം കൂടി ഉണ്ടല്ലോ ?
Ans : സുൽത്താൻ ബത്തേരിയിൽ ഇടതു ഭരണം വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു എന്ന് ഒരർത്ഥം ഉണ്ട്.
Q : വേറെയും അർത്ഥം കാണാൻ പറ്റുന്നല്ലോ ? ഗ്രാമങ്ങൾ എല്ലാം പതുക്കെ പാർട്ടി ഗ്രാമങ്ങളായി മാറുന്നു എന്ന് താങ്കളെപ്പോലുള്ളവർ അർത്ഥമാക്കുന്നു എന്ന് ? 
Ans : തീർച്ചയായും.ഇക്കഴിഞ്ഞ അഞ്ചുവർഷത്തിന്റെ കേരളത്തിലുള്ള ഭരണ നേട്ടങ്ങൾ ജനം ഏറ്റെടുത്തിരിക്കുന്നു.അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഒരു വിലയിരുത്തലിനെ തള്ളിക്കളയാൻ പറ്റില്ല. ബത്തേരിയുടെ ജനഹൃദയം ഇപ്പോൾ ഇടതുപക്ഷത്തിന്റെ കൂടെയാണ്. ഇത് പിണറായി വിജയൻ ഗവൺമെൻറ് സമ്പൂർണ്ണ വിജയം ആയിരുന്നു എന്നതിൻറെ തെളിവ് കൂടിയാണ്. 
Q : നിങ്ങൾ ഇടതുപക്ഷക്കാർ കഴിഞ്ഞ രണ്ടു വർഷമായി യു ഡി എഫിന്റെ മുതിർന്ന നേതാക്കളെ കുറിച്ച് ആരോപിക്കുന്നുണ്ടല്ലോ? : അവർ ബത്തേരി ടൗണിൽ പോകുന്നു , പൂക്കളെ നോക്കുന്നു , ആനന്ദിക്കുകന്നു , നെടുവീർപ്പിടുന്നു ,
ബത്തേരി ടൗണിൽ ചുറ്റിപ്പറ്റി നടക്കുന്നു , തിരികെ പോകുന്നു കിടന്നുറങ്ങുന്നു,ഇതുതന്നെ ആവർത്തിക്കുന്നു.നാടിനു വേണ്ടി മറ്റൊന്നും ചെയ്യുന്നില്ല.വസ്തുനിഷ്ഠം ആണോ ഈ ആരോപണം ?
Ans : എൽ ഡി എഫ് നേതാക്കൾ ഇത്തരം ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. ഇത് പൊതുജനം പറയുന്ന ഒരു ആരോപണമാണ്.അവർക്ക് ബത്തേരി എം.എൽ.എ യുടെ പ്രവർത്തനങ്ങൾ തൃപ്തികരമല്ല എന്ന പരാതി ഉണ്ട് . മാനന്തവാടി, കൽപ്പറ്റ എന്നീ മണ്ഡലങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള വികസനങ്ങൾ കൊണ്ടുവരാൻ നിലവിലുള്ള എംഎൽഎക്ക് കഴിഞ്ഞിട്ടില്ല എന്ന് പൊതുജനങ്ങളുടെ ആരോപണമുണ്ട്. ജനങ്ങൾ എല്ലാം വിലയിരുത്തുന്നവർ ആണ് . അവർക്ക് ആവശ്യം വികസനമാണ്.
Q : വയനാട് ജില്ല നിലവിൽ വന്ന 1980 മുതൽ തന്നെ പുൽപ്പള്ളിയിലെ കുടിവെള്ള പ്രശ്നം മുഴുവനായും പരിഹരിക്കപ്പെടാതെ കിടക്കുന്നു. ഒരു പരിധിവരെ ആ പ്രശ്നം തീർന്നു എന്ന് നിങ്ങൾ പറഞ്ഞേക്കാം , എങ്കിലും പുതിയ തെരഞ്ഞെടുപ്പ് അജണ്ട പ്രകാരം എൽഡിഎഫ് ഈ പ്രശ്നം സമ്പൂർണ്ണമായി പരിഹരിക്കുമോ ?
Ans : വയനാട്ടിലെ ഭൂപ്രകൃതി പ്രകാരം ഓരോ പ്രദേശത്തിനും അതിൻറെതായ പ്രത്യേകതയുണ്ട്. അതൊക്കെ വിലയിരുത്തി പുൽപ്പള്ളിക്ക് ആവശ്യമെന്താണ് എന്ന് തിരിച്ചറിഞ്ഞ് സാഹചര്യം പോലെ ആ പ്രശ്നം പരിഹരിക്കും. ഞാൻ വിജയിച്ചു വരികയാണെങ്കിൽ ആ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയിരിക്കും. അതിന് പ്രാദേശികമായ ജനങ്ങളുടെ ഇടപെടലുകളും സ്വീകരിക്കും. ചർച്ചയും സമവായവും നടത്തും . അഭിപ്രായങ്ങൾ ക്രോഡീകരിച്ച് പ്രവർത്തിക്കും. 
Q : ജിയോളജിക്കൽ ഡിപ്പാർട്ട്മെൻറ് വളരെ മുമ്പ് തന്നെ സാക്ഷ്യപ്പെടുത്തിയതാണ് , പുൽപ്പള്ളി പാറപ്പുറത്ത് ഉള്ള ഒരു ഏരിയ ആണ് എന്ന് . അതുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലെയുള്ള സംഘടനകൾ മഴക്കൊയ്ത്ത് , കിണർ റീചാർജ് തുടങ്ങിയ പരിപാടികൾ ഇവിടുത്തേക്കായി നിർദ്ദേശിച്ചു. പക്ഷേ ഈയിടെയായി നിങ്ങളുടെ അജണ്ടയിലെ അടിസ്ഥാന പ്രശ്നങ്ങൾ കുടിവെള്ളം ഒന്നുമല്ലല്ലോ വേറെ ചിലത് അല്ലേ ?
Ans : പുൽപ്പള്ളി മുള്ളൻകൊല്ലി ഭാഗങ്ങളിൽ ഏറ്റവുമധികം പ്രാധാന്യം കാർഷികമേഖലയ്ക്കാണ്. നിങ്ങൾ പറയുന്ന രീതിയിൽ ആണെങ്കിൽ അമ്പലവയൽ 90% പാറ ഉള്ള സ്ഥലമാണ്. അവിടെ ക്വോറികളും വളരെ കൂടുതലുണ്ട് . പുൽപ്പള്ളി കുടിയേറ്റ മേഖലയാണ്. അതുകൊണ്ടുതന്നെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങൾ ഇവിടേക്ക് എത്തിക്കും.കാലാവസ്ഥാ വ്യതിയാനം തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ ഇവിടെയുണ്ട്.വർഷങ്ങളായി ഈ പ്രശ്നം നിലവിലിരിക്കുന്നു. ഇതിനൊക്കെ പരിഹാരം ഉണ്ടാകണം എന്നതാണ് ഇടതുപക്ഷത്തിന്റെ ആദ്യത്തെ പരിഗണന.
Q : സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് വാഴ കർഷകരാണ്.അവർക്ക് സബ്സിഡിയോ മറ്റു കാര്യങ്ങളോ ഇല്ല. കൃഷി പൂർത്തിയാകുമെന്ന് ഗ്യാരണ്ടി പോലുമില്ല . വാഴ ജീവിതത്തിൻറെ ഒരു പ്രതീക്ഷയാണ്. കാറ്റത്ത് എങ്ങനെ വാഴ മറിഞ്ഞു വീഴാതെ നിർത്താം എന്ന് ഒരു ശാസ്ത്രജ്ഞനും കണ്ടുപിടിച്ചിട്ടില്ല. ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നതും വാഴ കർഷകരാണ്. അവർക്കുവേണ്ടി എൽഡിഎഫ് എന്തുചെയ്യും ?
Ans : ഞാനും ഒരു കർഷകനാണ്. വാഴക്കർഷകർക്ക് വേണ്ടി ഒരുപാട് ചെയ്യാനുണ്ട് . കാറ്റ് കൊണ്ട് ഉണ്ടാകുന്ന നാശനഷ്ടമാണ് ഏറ്റവും പ്രയാസം ഉണ്ടാക്കുന്നത്.കൃത്യമായ നഷ്ടപരിഹാരം അവർക്ക് എത്തിക്കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കും. അവർക്ക് മാനസിക പ്രയാസം വരാതെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ എൽഡിഎഫ് എപ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കും.
Q : എം എസ് വിശ്വനാഥൻ നല്ലൊരു വ്യാപാരി കൂടിയാണ്. വ്യാപാരികൾക്ക് ഒരുപാട് പ്രശ്നമുണ്ട്. അവർക്ക് രക്ഷിതാവ് എന്ന് പറഞ്ഞ് വ്യാപാരി കോൺഗ്രസ് തന്നെ വന്നിരിക്കുന്നു. അവർ മൂവർണത്തൊപ്പിയും കൊടിയുമേന്തി കഴിഞ്ഞു. ഇടതു വ്യാപാരി മൂവ്മെൻറ് ഇപ്പോഴും ഉഷാർ ആയിട്ടില്ല. എന്താണ് അവിടെ സംഭവിച്ചത് ? മറ്റുള്ള വ്യാപാരികൾ ക്കായി താങ്കൾ എന്തൊക്കെ ചെയ്യും ?
Ans : 20 വർഷമായി ഞാൻ വ്യാപാരരംഗത്ത് പ്രവർത്തിക്കുന്നു. വ്യാപാരം മനുഷ്യന് ഒരു ജീവനോപാധിയാണ് . വ്യാപാരിയുടെ പ്രയാസങ്ങൾ എനിക്ക് നന്നായിട്ടറിയാം.രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ കൊണ്ട് വ്യാപാരിക്ക് ദോഷങ്ങൾ ഒന്നും ഉണ്ടായതായി കേട്ടിട്ടില്ല . വ്യാപാരികൾക്ക് പല കാര്യങ്ങളിലും കൃത്യമായ സംരക്ഷണം ലഭിക്കേണ്ടതുണ്ട്.ലൈസൻസ് ലഭ്യമാക്കൽ അമിത നികുതിയിൽനിന്ന് ഒഴിവാക്കൽ , ചില ഉദ്യോഗസ്ഥരുടെ വൈരാഗ്യം തീർക്കുന്ന തരത്തിലുള്ള ഇടപെടലുകൾ പരിഹരിക്കൽ ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ . ഒരു വ്യാപാരി പ്രതിനിധി എന്ന നിലയിൽ അവരുടെ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടാൻ എന്നെക്കൊണ്ട് സാധിക്കും. അവരുടെ പ്രശ്നങ്ങൾ വലിയൊരു പരിധിവരെ പരിഹരിക്കാൻ ഞാൻ എൻറെ കഴിവിന്റെ പരമാവധി ശ്രമിക്കും . 
Q : സുൽത്താൻബത്തേരി മണ്ഡലത്തിലെ വന്യമൃഗശല്യം പരിഹരിക്കാൻ താങ്കളുടെ പ്രസ്ഥാനം നം എന്ത് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകുന്നു ? ജനങ്ങൾ ആരോപിക്കുന്നു , ഒരേ പുലിയെ തന്നെ പലയിടത്തും തുറന്നുവിട്ടു ഭീതി ഉണ്ടാക്കുന്നു എന്ന് . പൊതു ജനങ്ങൾക്ക് പുള്ളി എണ്ണി തിരിച്ചറിയാൻ പറ്റില്ലല്ലോ എന്ന് . ഇതിൻറെ പുറകിൽ അഡ്ജസ്റ്റ്മെൻറ് വല്ലതുമുണ്ടോ ? ഇത് ക്രിയേറ്റ് ഡ്രാമ വല്ലതുമാണോ ?
Ans : ഞാൻ താമസിക്കുന്ന പ്രദേശത്തിന് അടുത്തായി ഒരു പശുവിനെ കഴിഞ്ഞദിവസം കടുവ പിടിച്ചിട്ടുണ്ടായിരുന്നു. സംഭവസ്ഥലത്ത് ഞാൻ രാത്രി തന്നെ എത്തിയിട്ടുണ്ടായിരുന്നു. ബീനാച്ചിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കാപ്പിത്തോട്ടം ആണ് . തൊട്ടപ്പുറത്ത് സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളും ഉണ്ട് . ഇത്തരം കാപ്പിത്തോട്ടങ്ങളിൽ കടുവയെ സംരക്ഷിക്കണമെന്ന് ഏതെങ്കിലും നിയമ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഗ്രാമത്തിൽ ഇറങ്ങുന്ന കടുവകളെ പിടികൂടി ജനോപദ്രവകര മല്ലാത്ത രീതിയിൽ അവരെ സംരക്ഷിക്കേണ്ടത് വനപാലകരുടെ ജോലിയാണ്. അല്ലാതെ തോട്ടത്തിൽ ഓടിച്ചുകയറ്റി ഞങ്ങളുടെ ഡ്യൂട്ടി കഴിഞ്ഞു എന്നു പറയുന്നതിനോട് എനിക്ക് യോജിക്കാൻ പറ്റില്ല. ഇവിടെ മനുഷ്യനും ജീവിക്കണം. വന്യ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം ഒഴിവാക്കണം. കാടും നാടും ഏതാണെന്ന് കൃത്യമായി വേർതിരിച്ചു കിട്ടണം. അതാണ് എല്ലാവരും ആവശ്യപ്പെടുന്നത് . ഞങ്ങൾ അതിനു വേണ്ടി തന്നെയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എൽഡിഎഫ് അതിൽ വിജയം കാണുകയും ചെയ്യും
Q : പക്ഷേ അവിടെയും തീരുന്നില്ലല്ലോ പ്രശ്നം ? മൂന്നാനക്കുഴി പാപ്ലശ്ശേരി ഭാഗങ്ങളിൽ നിന്ന് കടുവയെയും പുലിയെയും പിടിച്ച് ഫോറസ്റ്റ് വണ്ടിയിൽ കൊണ്ടുപോയാൽ ഇനിയും തിരിച്ചു വരാൻ സാധ്യതയുള്ള ഇടങ്ങളിലേക്ക് ആണോ അതിനെ തുറന്നുവിടാൻ പോകുന്നത് എന്ന് ഉറപ്പില്ലാതെ ജനങ്ങൾ വനപാലകരെ സ്വന്തം വാഹനങ്ങളിൽ പിന്തുടരുന്നു . അതിനർത്ഥം അവർക്ക് വനപാലകരിൽ പൂർണ വിശ്വാസം ഇല്ല എന്നല്ലേ ?
Ans : ഇത്തരം കാര്യങ്ങളിൽ വ്യക്തമായ തീരുമാനം ജില്ലാ അഡ്മിനിസ്ട്രേഷനിൽ നിന്ന് ചെയ്യേണ്ടതാണ്. ഒരു കടുവയെ പിടിച്ചു കൊണ്ടു പോയാൽ ഇവിടെ അതിനെ സുരക്ഷിതമായി താമസിപ്പിക്കണം എന്ന കാര്യത്തിൽ വനംവകുപ്പിന് കൃത്യമായ ട്രെയിനിങ് ഒക്കെ കിട്ടുന്നുണ്ട്. പക്ഷേ എന്നിട്ടും താൽക്കാലികമായി പലയിടത്തും കൊണ്ടുവിട്ട് ജനങ്ങളിൽ ഭീഷണി സൃഷ്ടിക്കുന്ന വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിന് ഭീഷണി ഉണ്ടാക്കുന്ന ആ ഒരു രീതിയോട് ഒരു ഇടതുപക്ഷ എംഎൽഎ സ്ഥാനാർത്ഥി എന്ന നിലയിൽ എനിക്ക് യോജിക്കാൻ പറ്റില്ല .ഞാൻ ജനങ്ങൾക്കൊപ്പം ആണ് .
Q : നടവയൽ കേണിച്ചിറ ബത്തേരി റോഡ് പണി തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. എന്നിട്ടും സഞ്ചാരയോഗ്യമായിട്ടില്ല.റോഡരികിൽ താമസിക്കുന്നവർക്ക് പൊടി കാരണം അസുഖങ്ങൾ വരുന്നു. പണിതീരാത്തതിൽ ആരാണ് വില്ലൻ ? കിഫ്ബി ആണോ , കേരള ഗവൺമെൻറ് ആണോ , ബത്തേരി എംഎൽഎ ആണോ അതോ സാക്ഷാൽ കോൺട്രാക്ടർ ആണോ ?
Ans : അതേസമയത്തുതന്നെ ജോലി തുടങ്ങിയ അതിനേക്കാൾ പ്രതികൂലസാഹചര്യങ്ങൾ ഉണ്ടായിരുന്ന മീനങ്ങാടി പച്ചിലക്കാട് റോഡ് പണി പൂർത്തിയായി സുഗമ ഗതാഗതം ആരംഭിച്ചു കഴിഞ്ഞിട്ട് മാസങ്ങളായി . ബീനാച്ചി കേണിച്ചിറ നടവയൽ റോഡ് ഇപ്പോഴും ജനങ്ങൾക്ക് ബുദ്ധിമുട്ടായി നിൽക്കുന്നു. ആ പ്രശ്നത്തിലെ സാങ്കേതികത്വം പരിശോധിച്ച് പരിഹരിക്കേണ്ട ഉത്തരവാദിത്വം സ്ഥലം എംഎൽഎ ക്ക് തന്നെയാണ്. അതിൽ ഗവൺമെൻറിനെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യം ? ജനങ്ങൾക്ക് മതിയായ യാത്രാ സൗകര്യം ഒരുക്കുന്നതിൽ ക്രിയാത്മകമായ ഇടപെടൽ നടത്തേണ്ടത് , ഒരു അടിസ്ഥാന മേഖലയിൽ വികസനം കൊണ്ടു വരേണ്ടത് സ്ഥലം എംഎൽഎ അല്ലെങ്കിൽ വേറെ ആരാണ് ? . റോഡിൽ ഇരുവശത്തും താമസിക്കുന്ന ജനങ്ങൾ പറയുന്നു അവിടെ എംഎൽഎയുടെ ക്രിയാത്മകമായ ഇടപെടൽ നടന്നിട്ടില്ല.സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് റോഡ് പണി ഇഴഞ്ഞു നീങ്ങുകയാണ്. മരം മുറിക്കേണ്ടത് മുറിക്കുകയും കലുങ്ക് പണിയേണ്ടത് പണിയുകയും സമയോചിതമായി ചെയ്താൽ മാത്രമല്ലേ റോഡ് പണി പെട്ടെന്ന് തീർക്കാൻ പറ്റുകയുള്ളൂ ? അത്തരം കാര്യങ്ങളിൽ ഒന്ന് ഇടപെട്ട് റോഡ് പ്രവർത്തി വേഗതയിൽ ആക്കാൻ ഒരു എംഎൽഎക്ക് സാധിക്കുന്നില്ല എന്നു പറഞ്ഞാൽ അത് വിശ്വസിക്കാൻ പ്രയാസമാണ്. 
Q : ശ്രീ വി എസ് അച്യുതാനന്ദന്റെ വിശേഷങ്ങൾ എന്തൊക്കെയാണ് ? അദ്ദേഹം പൂർണ്ണമായും പൊതുപ്രവർത്തനത്തിൽ നിന്ന് റിട്ടയർമെൻറ് സ്വീകരിച്ച് കഴിഞ്ഞുവോ ? അദ്ദേഹത്തിൻറെ എൻറെ ആരോഗ്യസ്ഥിതി എങ്ങനെയുണ്ട് ?
Ans : വ്യക്തിപരമായി ഈ വിഷയത്തിൽ ഞാൻ മറുപടി പറയില്ല. ശ്രീ : വി എസ് അച്യുതാനന്ദൻ കേരളത്തിന്റെ സമ്പത്താണ് . അദ്ദേഹത്തിൻറെ ക്രിയാത്മകതയും കർമ്മശേഷിയും കേരള വികസനത്തിൽ വളരെ വലിയ ഒരു പങ്കു വഹിച്ചിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ളവർ വെട്ടിത്തെളിച്ച ആ നല്ല പാതയിലൂടെ സഞ്ചരിക്കാൻ കഴിയുന്നത് ഒരു അഭിമാനമായി തന്നെ എന്നെപ്പോലെയുള്ളവർ കണക്കാക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *