March 28, 2024

രക്തദാന രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട് ഷിനോജ്

0
Img 20210407 Wa0055.jpg
രക്തദാന രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട്  ഷിനോജ്
..
രക്തദാനത്തിന്റെയും അവയവദാനത്തിന്റെയും 25 വർഷങ്ങൾപൂർത്തിയാക്കുകയാണ് മാനന്തവാടി പഴശ്ശി നഗർ കോപ്പുഴ ഷിനോജ് .ജ്യോതിർഗമയ, വേവ്സ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ചുക്കാൻ പിടിക്കുന്ന  ഷിനോജിന്റെ ആഗ്രഹം എല്ലാ ഗ്രൂപ്പുകളും സുലഭമായ രക്തബാങ്കുകളുള്ള  കേരളമാണ്.ഇതിനിടെനാൽപതിലേറെ തവണ അദ്ദേഹം രക്തദാനം ചെയ്തു കഴിഞ്ഞു.സ്വാഭാവിക മരണശേഷം  ശരീരം അവയവദാനം നടത്തിയശേഷം  മെഡിക്കൽ കോളേജിലെ വൈദ്യ ശാസ്ത്ര വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടുകൊടുക്കണം എന്ന സമ്മതപത്രവും ഇതിനോടകം ഷിനോജ് കുടുംബത്തിന് ഔദ്യോഗികമായി  കൈമാറിക്കഴിഞ്ഞു, കെ.എം ഷിനോജിൻ്റെ സേവനപാതയക്കുറിച്ച് . 
(അഭിമുഖം തയ്യാറാക്കിയത് 
 ജിത്തു തമ്പുരാൻ )
 Q : രക്ത ദാനത്തിന്റെ ആദ്യകാല പ്രതിസന്ധികൾ എന്തൊക്കെയായിരുന്നു ?
Ans : അന്ന് ജനങ്ങൾക്ക് ആർക്കും സ്വന്തം ഗ്രൂപ്പ് പോലും അറിയുമായിരുന്നില്ല. മൂന്നോ നാലോ പേരെ കൊണ്ടുപോയാൽ മാത്രമേ എക്സാക്റ്റ് ഗ്രൂപ്പിൽ ഉള്ള ഒരാളെ കിട്ടുമായിരുന്നുള്ളൂ . പിന്നീട്  രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പുകൾ സജീവമായി . അന്ന് ഫോൺ സജീവമായിരുന്നില്ല . ഓട്ടോ സ്റ്റാൻഡിലും കോളേജുകളിലും ഒക്കെ പോയി അന്വേഷിച്ച് ആളെ കണ്ടുപിടിക്കണമായിരുന്നു.
Q :  പുതിയ കാലത്തെ പുരോഗതികൾ  ?
Ans : ഞാൻ തന്നെ ഇപ്പോൾ ഒട്ടനവധി വാട്സ്ആപ്പ്  ഗ്രൂപ്പ് ഉണ്ടാക്കുകയും ഓരോ രക്ത ഗ്രൂപ്പിനും ഓരോ വാട്സ്ആപ്പ് ഗ്രൂപ്പ് എന്ന രീതിയിൽ ആളുകളെ  തരംതിരിക്കുകയും ചെയ്തിട്ടുണ്ട് . ഇപ്പോൾ ഒരാളെ പരിചയപ്പെട്ട് ഫോണിൽ പേര് സേവ് ചെയ്യുമ്പോൾ അവരുടെ രക്ത ഗ്രൂപ്പ് കൂടി എഴുതി വെക്കുന്ന രീതിയിൽ എത്തിയിട്ടുണ്ട്.
Q : ആദ്യകാലത്തെ ഭയം മാറി രക്തദാനം ഒരു ഹീറോയിസം എന്ന ലെവലിൽ എത്തിയല്ലോ ?
Ans : എൻറെ അറിവിൽ  പല ഉന്നതരും രക്തദാനത്തെ ഭയത്തോടെ കാണുന്നുണ്ട്. സ്വന്തം ഗ്രൂപ്പ് അറിയാത്തവർ ഉണ്ട് . പക്ഷേ യുവാക്കളും വനിതകളും വിദ്യാർത്ഥികളും വിവിധ തൊഴിലാളികളും  എല്ലാം രക്തദാനത്തിന് ഇപ്പോൾ മുന്നിട്ടിറങ്ങുന്നു എന്നത് ഒരു വലിയ ആശ്വാസം തന്നെയാണ്.
Q : അവൻറെ സിരകളിലൂടെ ഓടുന്നത് എൻറെ രക്തമാണ് എന്ന് രക്തദാനം കഴിഞ്ഞ് അവകാശപ്പെടുന്നത് സാങ്കേതികമായി ഒരു വിഡ്ഢിത്തമല്ലേ ?
Ans : അങ്ങനെയൊക്കെ അവകാശപ്പെടുന്നത് തെറ്റിദ്ധാരണയുടെ പുറത്താണ് . ബ്ലഡ് ബാങ്കിലെത്തി രക്തം കൊടുത്തു കഴിഞ്ഞാൽ അതിൽ നിന്ന് രക്ത ഘടകങ്ങൾ വേർതിരിച്ച് ആവശ്യമുള്ള രോഗിക്ക് ആവശ്യമുള്ള ഘടകങ്ങൾ കൊടുക്കുന്നു . അല്ലാതെ രക്തദാനത്തെ കുറിച്ച് നടക്കുന്നത് അനാവശ്യ പ്രചരണങ്ങളാണ് . ബ്ലഡ് സെപ്പറേഷൻ വന്നതിനുശേഷം ആർക്കും എപ്പോഴും രക്തം ദാനം ചെയ്യാം എന്ന സ്ഥിതിയിലെത്തി. വിവിധ 
യുവജന സംഘടനകളുടെ ആഭിമുഖ്യത്തിൽ ക്യാമ്പയിനുകൾ നടക്കുന്നതും നല്ല കാര്യമാണ്. 
Q :  ഒരു തവണ രക്തം ദാനം ചെയ്താൽ 90 ദിവസം കൊണ്ട് ഓട്ടോമാറ്റിക്കലി അത് ശരീരത്തിൽ രൂപപ്പെടുന്നു : ഒന്ന് ക്ലാരിഫൈ ചെയ്യാമോ ?
Ans : മരുന്ന്, ഹൃദയം, കിഡ്നി ,എല്ലാം നമുക്ക് വില കൊടുത്തു വാങ്ങാം . പക്ഷേ രക്തം അങ്ങനെ സാധിച്ചു കൊള്ളണമെന്നില്ല. ലബോറട്ടറിയിൽ നിന്ന് അത് ഉണ്ടാക്കാനും സാധിക്കില്ല. രക്തത്തിൽ ജീവൻ അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തെ സെറ്റ് ചെയ്തിട്ടുള്ളത് രക്തദാനത്തിന് പറ്റിയ രീതിയിലാണ്. ഞാൻ തന്നെ നാൽപതിലേറെ തവണ രക്തം കൊടുത്തു കഴിഞ്ഞു. 
Q : 1998 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ A+ രക്തത്തിന് വല്ലാത്ത ഡിമാൻഡ് ആയിരുന്നു. ആദിവാസി വിഭാഗത്തിലെ വനിതകൾക്ക് വേണ്ടിയാണ് എ പോസിറ്റീവ് ഗ്രൂപ്പ് വേണ്ടി വന്നത്. അതിനുള്ള കാരണങ്ങൾ പഠനവിധേയമാക്കിയിട്ടുണ്ടോ ?
Ans : വയനാട്ടിൽ  ഈ 2021 പോലും കിട്ടാനില്ലാത്തത് എ പോസിറ്റീവ് തന്നെയാണ്. ഓരോ അര മണിക്കൂറിലും അതിന് ആവശ്യക്കാർ എത്തുന്നു. പല കാരണങ്ങളുണ്ട് : ഒന്ന് : ഗോത്ര വിഭാഗത്തിൽ ഏറ്റവും കൂടുതൽ എപോസിറ്റീവ് കാരാണ് ഉള്ളത് .  പക്ഷേ അവരിൽ പലരുടെയും ആരോഗ്യസ്ഥിതി രക്തദാനത്തിന് യോജിച്ചത് ആവില്ല . ആയതിനാൽ ജനറലിനെ ആശ്രയിക്കേണ്ടിവരുന്നു. ഞാൻ ബ്ലഡ് ഗ്രൂപ്പ് സെപ്പറേഷൻ തുടങ്ങിയതുതന്നെ ഈ എ പോസിറ്റീവ് കാർക്ക് വേണ്ടിയാണ് .
Q : 18വയസ്സ് മുതൽ 49 വയസ്സ് വരെയുള്ള ആദിവാസി പ്രതിനിധികൾക്കിടയിൽ രക്തദാന ബോധവൽക്കരണം എത്രത്തോളം നടക്കുന്നു ?
Ans : ഒരു നീതിബോധത്തിന്റെ പ്രശ്നം എന്നതുകൊണ്ട് ജനറൽ ,ഗോത്രം, എന്ന വിഭാഗത്തിലേക്ക് രക്തദാന ക്യാമ്പുകൾ സെപ്പറേറ്റ് ചെയ്യാറില്ല. മനുഷ്യരക്തം എന്ന രീതിയിലാണ് ഞങ്ങൾ ക്യാമ്പുകൾ സംഘടിപ്പിക്കാറുള്ളത്.
Q : 2010 മുതൽ  വിദ്യാർത്ഥികൾ രക്തം കൊടുത്ത് ഹീറോകൾ ആകാൻ ഇറങ്ങിയിട്ടുണ്ടല്ലോ ? ഈ 2021 അതിൻറെ പുരോഗതി എത്രത്തോളമുണ്ട് ?
Ans : ഇരട്ടിയിൽ അധികം ആയിട്ടുണ്ട് . കോവിഡ് ലോക്ക് ഡൗൺ കാലത്ത് രക്തത്തിന് ക്ഷാമം വന്നത് കോളേജുകൾ അടച്ചുപൂട്ടിയതുകൊണ്ടാണ്. രക്തത്തിൻറെ ഫിക്സഡ് ഡിപ്പോസിറ്റ് ,കോളേജുകളിൽ ആണ് ഉള്ളത്.വിദ്യാർത്ഥികൾക്കിടയിൽ നിരവധി രക്തദാന ക്യാമ്പുകൾ നിരന്തരം നടക്കുന്നു. കൂടുതൽ ആത്മവിശ്വാസത്തോടെ രക്തദാനം ചെയ്യാൻ മുന്നിട്ടിറങ്ങുന്നത് പെൺകുട്ടികളാണ് എന്നത് ഒരുപാട് അഭിമാനം നൽകുന്ന കാര്യമാണ്.
Q : അധ്യാപക സംഘടനകൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നവരാണല്ലോ ? അവർ ഈ രംഗത്തേക്ക് പൂർണമായും എത്തിയോ ?
Ans : വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ അവർ സഹായിക്കുന്നു .എങ്കിലും സംഘടനാപരമായി അവർ  വരാനിരിക്കുന്നതേയുള്ളൂ .
Q : ഒരുതവണ മദ്യപിച്ചു കഴിഞ്ഞ് എത്ര മണിക്കൂർ കഴിഞ്ഞിട്ട് രക്തം കൊടുക്കാം ?
Ans : രക്തദാനത്തിനു മുമ്പ് ഒരു ചോദ്യാവലി ഉണ്ട് . അതിൽ എത്ര മണിക്കൂർ മുമ്പ് അവസാനം മദ്യപിച്ചു മയക്കുമരുന്ന് ഉപയോഗിച്ചു എന്നൊക്കെ എഴുതിയിട്ടുണ്ട്.അതുകൊണ്ടുതന്നെ മദ്യപിച്ചു കഴിഞ്ഞ്  24മണിക്കൂർ കഴിഞ്ഞു മാത്രമേ രക്തദാനത്തിന് പുറപ്പെടാവൂ, എന്നതുമാത്രമല്ല, നല്ലൊരു രക്തദാതാവ് ജീവിതത്തിൽ ഒരു മദ്യപാനി ആകാൻ ഒരിക്കലും പാടില്ല . കാരണം ആർക്കാണ് എപ്പോഴാണ് രക്തം വേണ്ടിവരിക എന്ന് പറയാൻ പറ്റില്ല.
Q : വയനാട് മെഡിക്കൽ കോളേജിലെ അധികൃതർ താങ്കളോട് രക്തദാനത്തിൽ എത്രമാത്രം സഹകരിക്കുന്നുണ്ട് ?
Ans : ഇക്കാര്യത്തിൽ അവരെ സ്തുതിക്കണം. വയനാട് മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിൽ ഉള്ളവർക്ക് വർക്കിംഗ് ടൈം ലിമിറ്റ് ഒന്നുമില്ല. ഞാൻ പരിചയപ്പെട്ടവരിൽ വച്ച് ഡോ: നിത മുതൽ  ഡോ: വിനിജ വരെ, ഒപ്പം ടെക്നീഷ്യന്മാർ, നഴ്സുമാർ ,മറ്റ് ആശുപത്രി ജീവനക്കാർ, ഇവരെല്ലാം രക്തദാനം ചെയ്യുന്നവർ കൂടിയാണ്. അവിടെയുള്ള ഓരോ ജീവനക്കാരും രക്തദാതാക്കളെ കണ്ടുപിടിച്ച് കൊണ്ടുത്തരുന്നുണ്ട് . അവർക്ക് ഔദ്യോഗിക ജാഡ ഒന്നുമില്ല. 
Q : രക്തദാനം വിപുലപ്പെട്ട് ഇപ്പോൾ പ്ലാസ്മ ദാനത്തിൽ എത്തിയിരിക്കുന്നു. എന്താണ് ഈ പ്ലാസ്മ ?
Ans : കോവിഡ് വന്നവർക്കാണ് ഇപ്പോൾ പ്ലാസ്മ കൊടുക്കുന്നത് . കോവിഡ് വന്നു മാറി 28 ദിവസം മുതൽ 120 ദിവസം വരെയുള്ളവർ നൽകുന്ന രക്തത്തെ ആണ് പ്ലാസ്മ എന്ന് പറയുന്നത്.കേരളത്തിൽ ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ പ്ലാസ്മ ബാങ്ക് ആരംഭിക്കുന്നത് മാനന്തവാടിയിൽ ആണ് . ഭാഗ്യവശാൽ ചെറിയ കുട്ടികൾക്ക് ഇതുവരെ പ്ലാസ്മ കൊടുക്കേണ്ടി വന്നിട്ടില്ല.
Q : താങ്കളുടെ സ്വപ്നം ആണല്ലോ ജ്യോതിർഗമയ ?
Ans : 2011 ൽ ആണ് ജ്യോതിർഗമയ ആരംഭിക്കുന്നത്. കോറം പാലേരി സെൻറ് മേരീസ് പള്ളിയിൽ വച്ച് അന്നത്തെ യുവജനക്ഷേമ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മി ജ്യോതിർഗമയ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. നേത്രദാനം, രക്തദാനം, അവയവദാനം, ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കുള്ള ആദരവ് ഇതൊക്കെയാണ് ജ്യോതിർഗമയയുടെ പ്രവർത്തനങ്ങൾ . അന്നത്തെ 3 എം എൽ എമാരും നേത്രദാന സമ്മതപത്രം ഒപ്പിട്ടു തന്നിട്ടുണ്ട്.ജോപോൾ അഞ്ചേരി അടക്കമുള്ളവർ നേത്രദാനം സമ്മതപത്രം നൽകി.അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആണ് ഇതിൻറെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എല്ലാ ഉദ്യോഗസ്ഥരും ജ്യോതിർഗമയയോട് സഹകരിക്കുന്നു .
Q വേവ്സ്  എന്ന ഒരു സംഘടന കൂടിയുണ്ടല്ലോ ? ഫുൾഫോം എന്താണ് ആശയങ്ങൾ എന്താണ് ?
ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം  രജിസ്റ്റർ ചെയ്ത സംഘടനയാണ് വേവ്സ്. വർക്കിംഗ് അസോസിയേഷൻ ഓഫ് ഇൻഡിപെൻഡൻസ് വളണ്ടിയേഴ്സ് ഇൻ എമർജൻസി സർവീസ് ആണ്  വേവ്സിന്റെ ഫുൾ പേര് . 2020 ൽരജിസ്ട്രേഷൻ നടന്നു .ചികിത്സാ സഹായങ്ങൾ രക്തദാനം ഒക്കെ നടക്കുന്നു. സാമ്പത്തികം ഞങ്ങൾ ചിന്തിക്കുന്നില്ല. വീടുകളുടെ അറ്റകുറ്റപ്പണികൾ ഒക്കെ ചെയ്യുന്നു. ഓരോ പഞ്ചായത്തിലും ഓരോ ചാപ്റ്റർ ഉണ്ട് .മാർച്ച് 8 മുതൽ 12 വരെ വനിതാ രക്തദാന വാരമായി ആചരിച്ചു. നല്ല വിജയമായിരുന്നു . 
Q : രക്തദാനം പോലെ എളുപ്പമല്ല അവയവദാനം. രക്തം ദാനം ചെയ്യുമ്പോൾ വ്യക്തി അറിയുന്നു . പക്ഷേ അവയവം ദാനം ചെയ്യുമ്പോൾ അയാൾ അറിയുന്നില്ല. അവിടെ ബന്ധുക്കളുടെ വൈകാരികത ഒക്കെ തടസ്സമാവില്ലേ ?
Ans : അതൊരു വലിയ വസ്തുതയും വെല്ലുവിളിയുമാണ്. പ്രബുദ്ധം  സാക്ഷരം എന്നൊക്കെ കേരളത്തെ പറയുമ്പോഴും അവയവദാനത്തിൽ മലയാളി വളരെ പിന്നാക്കമാണ് . ശ്രീലങ്കയിൽ നേത്രപടലങ്ങൾ മതവിശ്വാസത്തിന്റെ ഭാഗമായിട്ടെന്നോണം വരെ ദാനം ചെയ്യപ്പെടുന്നു. വയനാട്ടിൽ കൂളിവയൽ മില്ലിന്റെ ഉടമസ്ഥനായ ഷിബു , പൈങ്ങാട്ടിരിയുള്ള ഭാസ്കർ എന്നിവരൊക്കെ മരണശേഷം അവയവ ദാനം ചെയ്തു. അവയവങ്ങൾ സ്വീകരിച്ചവരുടെ വിജയ കഥകളും പുറത്തുവരാൻ തുടങ്ങി . ഫാദർ ഷിബു കുറ്റി പറിച്ചേൽ  ഫാദർ ബിനു പൈനുങ്കൽ എന്നിവരൊക്കെ വൃക്കദാനം നിർവഹിച്ച് മാതൃകയായിട്ടുണ്ട്.
 
 Q : ഓരോ അവയവങ്ങളും ദാനം ചെയ്യുമ്പോഴും എത്ര മണിക്കൂറിനുള്ളിൽ അത് ദാതാവിനെ അടുത്ത് എത്തണം ? ഉദ്യോഗസ്ഥർ എങ്ങനെ പെരുമാറണം ? പോലീസുകാർ മറ്റ് ഉദ്യോഗസ്ഥർ  ഒക്കെ എങ്ങനെ സഹകരിക്കണം ?
Ans : ഇപ്പോൾ കേരളത്തിൽ വെൻറിലേറ്ററിൽ നിന്നാണ് അവയവങ്ങൾ സ്വീകരിക്കുന്നത് . അമിതാവേശവും അപകടവും ഇല്ലാത്ത മാഫിയകൾ പ്രവർത്തിക്കാത്ത ഒരു രീതിയാണ് കേരളത്തിൽ ഞങ്ങൾ വിഭാവനം ചെയ്യുന്നത്. അവയവം എവിടെ കിട്ടുമോ അതേ ആശുപത്രിയിൽ സ്വീകർത്താവിനെ എത്തിക്കാൻ പറ്റണം.എങ്കിൽ റിസ്ക് ഒരുപാട് കുറഞ്ഞു കിട്ടും.
Q : ചുരം കടന്ന്  പോകണം . എന്നിട്ട് വേണം രക്തദാനം ഒക്കെ ചെയ്യാൻ .വിജയകരം ആവാൻ സാധ്യത ഉണ്ടോ ?
Ans : ചുരം എത്തുമ്പോൾ നെഞ്ചിടിപ്പ് ഏറും . ഏതു നിരീശ്വരവാദിയും രക്തദാതാവ് ആണെങ്കിൽ ട്രാഫിക് ബ്ലോക്ക് വരല്ലേ എന്ന് പ്രാർത്ഥിച്ചു പോകും . നമുക്ക് എയർ ആംബുലൻസ് വേണം ചുരം ബദൽ റോഡ് വേണം ഒക്കെ ശരി തന്നെ. പക്ഷേ അതിനേക്കാൾ അത്യാവശ്യമായി വേണ്ടത് ചികിത്സാ ചെലവ് കുറഞ്ഞ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആണ് .
Q : അവയവദാന സമ്മതപത്രം ഒപ്പിട്ടു  കഴിഞ്ഞ വ്യക്തിയുടെ ബന്ധുക്കൾക്ക് കൗൺസിലിങ് കൊടുക്കുന്ന രീതി തുടങ്ങിയോ ?ഇല്ലെങ്കിൽ പ്രശ്ന സാധ്യതയില്ലേ ?
Ans : അവയവദാന സമ്മതപത്രം ഒപ്പിട്ടാൽ ജീവിച്ചിരിക്കുമ്പോൾ തന്നെ അവയവം പറിച്ചെടുത്തു കൊണ്ടു പോകുമോ എന്ന് ഭയക്കുന്നവരുണ്ട്. ഇവിടെ രണ്ടു ഫോറം ഫിൽ ചെയ്യണം. ഒരു കോപ്പി ഡിഎം ഓഫീസിൽ കൊടുക്കും. രണ്ടാം കോപ്പി ഫ്രെയിം ചെയ്തു വീട്ടിൽ വെക്കണം. ഈ സമ്മത പത്രത്തിൽ രണ്ടു ബന്ധുക്കളുടെ ഒപ്പ് വിലാസം ഫോൺ നമ്പർ ഒക്കെ വേണം  . എങ്കിലും വൈകാരികമായ എതിർപ്പു വരുമ്പോൾ അവയവം എടുക്കാൻ പറ്റില്ല. അതിന് വ്യക്തമായ ബോധവൽക്കരണം വേണം. ഗവൺമെൻറ് തലത്തിൽ തന്നെ അത് നടക്കുന്നു.  ഒരു സൺഡേ സ്കൂൾ  വിദ്യാർത്ഥിനിയിൽ നിന്നാണ്  ഞാൻ അന്ധതയുടെ അവസ്ഥ നേരിട്ട് അറിയുന്നത് . അങ്ങനെയാണ് ഞാൻ ഔദ്യോഗിക നേത്രദാന , അവയവദാന പ്രോത്സാഹനം തുടങ്ങുന്നത്. 
Q : സീസണൽ ബോധവൽക്കരണം , മറ്റ് വിധത്തിൽ ഉള്ള ബോധവൽക്കരണ ങ്ങൾ ഇതൊക്കെ കൃത്യമായി  നടക്കുന്നില്ലെ ?
Ans : അതു മാത്രമല്ല വിദ്യാർഥികൾക്ക് ഒക്കെ രക്ത ദാനത്തിന്  അവധി  നൽകുന്നത് അടക്കമുള്ള പ്രോത്സാഹനങ്ങൾ ,വെയിറ്റേജ് മാർക്ക് , അതിലുമപ്പുറം  ആത്മവിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന തലം ഇങ്ങനെയൊക്കെയാണ്. ഒരു അലിഖിത നിയമമുണ്ട് : ആത്മഹത്യ അവയവദാതാക്കൾക്ക്  അനുവദനീയമല്ല . അവർ ആത്മവിശ്വാസത്തോടെ ശാരീരിക മാനസിക  ആരോഗ്യത്തോടെ  പ്രതിസന്ധികളെ തരണം ചെയ്ത് മാതൃകാ ജീവിതം നയിക്കണം. സ്വമനസ്സാലെ എല്ലാവരും ബ്ലഡ് ബാങ്കിൽ മൂന്നുമാസം കൂടുമ്പോൾ രക്തം എത്തിക്കുന്ന അവസ്ഥ വരണം . 
Q : ബോധവൽക്കരണ ത്തിൽ സർക്കാർ ഇനിയും എത്ര മുന്നേറാൻ ഉണ്ട് ?
Ans : പാഠ്യപദ്ധതിയിൽ ഉണ്ട് . പക്ഷേ അതുകൊണ്ട് കാര്യമില്ല.പൊതുസമൂഹം ഇത് ഏറ്റെടുക്കണം.  സാക്ഷരതായജ്ഞം പോലെ രക്തദാന അവയവദാന യജ്ഞങ്ങൾ നടക്കണം.രക്ത ബാങ്കിൽ ഈ ആഴ്ച രക്തം ആവശ്യം ഇല്ല എന്ന് ഹൗസ് ഫുൾ ബോർഡ് വരെ എത്തണം.
Q : രക്തദാനത്തിന് ശേഷം വരുന്ന  കെമിക്കൽ ബയോകെമിക്കൽ മാലിന്യങ്ങളുടെ സംസ്കരണം കൃത്യമായി നടക്കുന്നുണ്ടോ ? 
Ans : ഏറ്റവും വലിയ ആശങ്ക രക്തദാനത്തിലൂടെ എയ്ഡ്സ് വരുമോ എന്നുള്ളതായിരുന്നു . അതൊക്കെ വെറും തെറ്റിദ്ധാരണയാണ്. ഇതിനൊക്കെ ഡബ്ല്യുഎച്ച് ഒ അംഗീകരിച്ച ഒരു പ്രോട്ടോകോൾ ഉണ്ട് . ഒരിക്കൽ ഉപയോഗിച്ച സൂചി പിന്നെ ഉപയോഗിക്കുന്നില്ല.സൂചി ബാഗ് ഒക്കെ സംസ്കരിക്കാൻ ഇമേജ് എന്ന  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗീകരിച്ച മാലിന്യസംസ്കരണ സംവിധാനം ഉണ്ട് . എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അടക്കമുള്ളവർ  ഓരോ ദാതാക്കളുടെ രക്തവും കൃത്യ ഇടവേളകളിൽ പരിശോധിക്കുന്നു. ഇത് ഇത് ഒരു പാകപ്പിഴകളും  അലംഭാവവും ഇല്ലാത്ത കൃത്യതയാർന്ന ഒരു സംവിധാനമാണ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *