August 5, 2026

മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ് ഡയറക്ടറായ കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി

0
IMG_20211224_192109.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതിയെന്ന പേരില്‍ മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ് ഡയറക്ടറായ കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. പി.ടി ചാക്കോ മെമ്മോറിയല്‍ കിസാന്‍ മിത്ര കമ്പനിക്കെതിരെയാണ് ആരോപണം. മലബാറിലും, ഇടുക്കിയിലും വന്‍ തുക ഓഹരി സംഭരിച്ച് നിക്ഷേപകരെ വഞ്ചിച്ചതായാണ് പരാതി. കര്‍ഷകരെയും ഫീല്‍ഡ് വര്‍ക്കിനിറങ്ങിയ ജീവനക്കാരെയും വഞ്ചിച്ചാണ് സ്ഥാപനം പണം തട്ടിയെന്ന ആരോപണവുമായി പണം നഷ്ടപ്പെട്ടവര്‍ രംഗെത്തത്തിയിരിക്കുന്നത്. വയനാട്ടില്‍ നിന്ന് ആയിരത്തിലധികം ആളുകള്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. പഞ്ചായത്ത് കമ്മിറ്റികള്‍ രൂപീകരിച്ച് കര്‍ഷകരില്‍ നിന്നും 1000 രൂപയുടെ ഓഹരി എടുപ്പിച്ചാണ് കമ്പനി വമ്പന്‍ തട്ടിപ്പ് നടത്തിയത്. കിസാന്‍ മിത്ര കമ്പനി നടപ്പിലാക്കുന്നത് കേന്ദ്ര ഗവര്‍മ്മന്റിന്റെ പദ്ധതിയാണെന്നും, നബാര്‍ഡിന്റെ സൂപ്പര്‍ വിഷനിലാണ് കമ്പനിയുടെ നടത്തിപ്പെന്നും നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നിക്ഷേപമുള്ള കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുമെന്നും, അവരുടെ ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന വിലക്ക് സംഭരിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തു. കര്‍ഷരുടെ ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിന് യൂനിറ്റുകള്‍ സ്ഥാപിച്ച് തൊഴില്‍ നല്‍കുമെന്നും വിശ്വസിപ്പിച്ചു. മുന്‍കേന്ദ്രമന്ത്രി കൂടിയായ കമ്പനിയുടെ ഡയറക്ടര്‍ പി.സി തോമസിന്റെ നേതൃത്വത്തിലായതിനാല്‍ കേന്ദ്ര പദ്ധതികള്‍ ഈ ഏജന്‍സി വഴിയാണ് നടപ്പാക്കുന്നതെന്നും കമ്പനി ഉടമകള്‍ പറഞ്ഞതോടെ ഇത് വിശസിച്ച് ആയിരം മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിച്ചവരുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് കമ്പനിയുടെ എം.ഡി ഡിജോ കാപ്പനും, സി.ഇ.ഒ മനോജ് ചെറിയാനും കര്‍ഷകരില്‍ നിന്നും ഇതേ സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്നും പണം പിരിച്ചത്. എന്നാല്‍ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പവാതെ വന്നപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം കര്‍ഷകര്‍ മനസിലാക്കുന്നത്. ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ വഞ്ചിതരായി. സാമൂഹിക പ്രവര്‍ത്തക ദയാഭായി കമ്പനിയുടെ ഡയറക്ടറാണെന്നാണ് ആദ്യകാലങ്ങളില്‍ കമ്പനി ജീവനക്കാരെയും, ജനങ്ങളെയും വിശ്വസിപ്പിച്ചിരുന്നതായും കര്‍ഷകര്‍ ആരോപിക്കുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പിന്നീട് കര്‍ഷകരുടെ അന്വേഷണത്തില്‍ മനസിലായി. നബാര്‍ഡുമായും ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല എന്നതും വ്യക്തമായി. ഇതോടെ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരിക്കുകയാണ് വഞ്ചിക്കപ്പെട്ടവര്‍. കര്‍ഷകരില്‍ നിന്നും പണം പിരിച്ച് കമ്പനിക്ക് നല്‍കിയ സ്ത്രീകളുള്‍പ്പെടെയുള്ളവരും പ്രതിസന്ധിയിലായി. പി.സി തോമസ്, ഡിജോ കാപ്പന്‍, മനോജ് ചെറിയാന്‍ എന്നിവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സമരങ്ങള്‍ക്കും തയ്യറെടുക്കുകയാണ് കര്‍ഷകര്‍. വാര്‍ത്താസമ്മേളനത്തില്‍ ജീവനക്കാരായ ടി.വി അര്‍ച്ചന, ദീപ്തി ഷിജു, കര്‍ഷകരായ എം.വി സേവ്യര്‍, തോമസ് പി മിഖായേല്‍, ചിന്നമ്മ ജോര്‍ജ്, വിജി മത്തായി, എ.ജെ വര്‍ക്കി പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *