കമാന്‍ഡോ ഷര്‍ട്ടുകളുമായി ഹാന്റക്സ്; പുതിയ ബ്രാന്റ് പുറത്തിറക്കിയത് മോഹന്‍ലാല്‍
സ്വന്തം ലേഖകൻ.
തിരുവനന്തപുരം :വസ്ത്ര വിപണിയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹാന്റക്സ് പുതിയ ബ്രാന്റ് ഷര്‍ട്ടുകള്‍ പുറത്തിറക്കി. കമാന്‍ഡോ എന്ന പേരില്‍ പുറത്തിറക്കിയ ഷര്‍ട്ടുകള്‍ ചലച്ചിത്ര താരം മോഹന്‍ലാലാണ് വിപണിയില്‍ ഇറക്കിയത്. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനായി. ജപ്പാന്‍, തായ്വാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത യന്ത്രങ്ങളില്‍ തിരുവനന്തപുരം ഹെഡ് ഓഫീസിനോട് ചേര്‍ന്ന ഗാര്‍മെന്റ് യൂണിറ്റിലാണ് കമാന്‍ഡോ കൈത്തറി ഷര്‍ട്ടുകള്‍ രൂപപ്പെടുത്തുന്നത്.
പൂര്‍ണ്ണമായും കൈകൊണ്ട് നെയ്തെടുക്കുന്ന തുണി ഉപയോഗിച്ച് ഹാന്റക്സിന്റെ സ്വന്തം യൂണിറ്റിലെ വിദഗ്ധ പരിശീലനം ലഭിച്ച തൊഴിലാളികളാണ് ഷര്‍ട്ടുകള്‍ ഉത്പാദിപ്പിക്കുന്നത്. പുതു തലമുറ ഉള്‍പ്പെടെ എല്ലാത്തരം ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് കമാന്‍ഡോ ഷര്‍ട്ടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. പാരമ്പര്യം നിലനിര്‍ത്തി കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ ശക്തമായ സാന്നിധ്യമാവുകയാണ് കൈത്തറി മേഖലയുടെ ലക്ഷ്യമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.
കൈത്തറിയും, ഹാന്റക്സുമായും വര്‍ഷങ്ങളായുള്ള ബന്ധമാണ് തനിക്കുള്ളതെന്ന് ഷര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ചലച്ചിത്ര താരം മോഹന്‍ലാല്‍ പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധി മറികടക്കാന്‍ ഇത്തരം പുതിയ ഉത്പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഹാന്റക്സ് മാനേജിംഗ് ഡയറക്ടര്‍ കെ.എസ് .അനില്‍ കുമാര്‍ സ്വാഗതവും ഹാന്റക്സ് പ്രസിഡണ്ട് കെ.മനോഹരന്‍ നന്ദിയും പറഞ്ഞു. ഹാന്റക്സ് വൈസ് പ്രസിഡന്റ് എന്‍.രവീന്ദ്രന്‍, ഭരണ സമിതി അംഗങ്ങളായ കെ.കെ. വിജയന്‍, ആര്‍. രാമസ്വാമി, മാര്‍ക്കറ്റിങ് മാനേജര്‍ കെ. അജിത് എന്നിവര്‍ പങ്കെടുത്തു
Leave a Reply