April 19, 2024

ഗതാഗത പരിഷ്കാരം ടൗണിന്റെ നട്ടെല്ലൊടിക്കും : പനമരം പൗരസമിതി

0
Img 20220321 200252.jpg
പനമരം : പനമരം ടൗണിൽ പുതുതായി ഗ്രാമപ്പഞ്ചായത്ത് നടപ്പിലാക്കുന്ന ഗതാഗത പരിഷ്കാരം ടൗണിന്റെ നട്ടെല്ലൊടിക്കുന്നതാണെന്ന് പനമരം പൗരസമിതി. ഏപ്രിൽ ഒന്നുമുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ട്രാഫിക് നിയന്ത്രണങ്ങൾ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന പനമരം ടൗണിനെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് നയിക്കുന്നതാണെന്നും യോഗം കുറ്റപ്പെടുത്തി. 
മുൻ ഭരണ സമിതിയുടെ കാലത്ത് നാലു വർഷം മുമ്പ് നടപ്പിലാക്കിയ ട്രാഫിക് പരിഷ്കാരം അതേപടി ആവർത്തിക്കുന്നതാണ് പുതിയ നിയന്ത്രണങ്ങൾ. ഗതാഗതക്കുരുക്കിന് പരിഹാരം ആവുന്ന ഒരു പരിഷ്കാരവും ഏർപ്പെടുത്തിയിട്ടില്ല. ഇതുവരെ പനമരം ബസ് സ്റ്റാൻഡിനോട് ചേർന്ന് ലാബസാറിന് മറുവശത്ത് ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇവിടം മേച്ചേരി റോഡ് വരെ നോ പാർക്കിംഗ് ഏർപ്പെടുത്തുന്നത് വലിയ പ്രയാസം ഉണ്ടാക്കും. ഇന്ന് ആളുകൾ കൂടുതലായി ആശ്രയിക്കുന്ന ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ടൗണിലെ കച്ചവടത്തെ അത് സാരമായി ബാധിക്കും. അര കിലോമീറ്ററിന് മുകളിലുള്ള ഭാഗത്ത് ബൈക്ക് നിർത്തി സാധനങ്ങൾ വാങ്ങി പോവേണ്ടി വന്നാൽ ആളുകൾ മറ്റു ടൗണുകളെ ആശ്രയിക്കുന്നതിലേക്കെത്തിക്കും. ഇതോടെ ടൗണിലെ വ്യാപാരം കുറയുകയും അതുവഴി പനമരത്തിന്റെ നട്ടെല്ലൊടിയുകയും ചെയ്യും. 
ജില്ലയിൽ തന്നെ രൂക്ഷമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ടൗണായ ഇവിടെ എല്ലാ വിഭാഗം വാഹനങ്ങൾക്കും ഒരുപോലെ നിറുത്താനും ചുരുങ്ങിയ സമയം കൊണ്ട് ആവശ്യങ്ങൾ നിറവേറ്റി പോവാനും ഉള്ള ശാശ്വത സംവിധാനമാണ് വേണ്ടത്. ഇത്തവണയും അതിനൊരു നിർദ്ദേശം പോലും ഉണ്ടാവാത്തത് അപലപനീയമാണ്. ആയതിനാൽ പുതിയ പരിഷ്കാരം പഞ്ചായത്ത് പുനഃപരിശോധിച്ച് പനമരത്തെ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ പൊതു പ്രവർത്തകരുടെ കൂടി അഭിപ്രായങ്ങൾ ഉൾക്കൊള്ളിച്ച് അടിമുടി മാറ്റം വരുത്തണം. ദീർഘവീക്ഷണമില്ലാതെ മുൻ ഭരണ സമിതികൾ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ പരിണിത ഫലമാണ് ഇതിനെല്ലാം കാരണം. അതിനാൽ ഇനി മുതൽ കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകുമ്പോൾ മതിയായ പാർക്കിംഗ് സൗകര്യം കൂടി നിർബന്ധമാക്കണം. 
യോഗത്തിൽ പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തു പറമ്പിൽ അധ്യക്ഷത വഹിച്ചു. കൺവീനർ റസാഖ് സി.പച്ചിലക്കാട്, ട്രഷറർ വി.ബി രാജൻ, ജോ. കൺവീനർ കാദറുകുട്ടി കാര്യാട്ട്, അംഗങ്ങളായ മൂസ കൂളിവയൽ, ടി.ഖാലിദ്, അജ്മൽ തിരുവാൾ, വിജയൻ മുതുകാട്, സജീവൻ ചെറുകാട്ടൂർ, ജലീൽ കൊച്ചി, സജി എക്സൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *