April 25, 2024

കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കലാപത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നു : മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

0
Img 20220328 195717.jpg
വെള്ളമുണ്ട : കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കലാപത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കെ റെയില്‍ സരമത്തിന് പിന്നില്‍ തീവ്രവാദികളാണെന്നും തീവ്രവാദ പരിശീലനം നല്‍കുന്നെന്നുമുള്ള മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും ആവര്‍ത്തിച്ചുള്ള പ്രസ്താവന ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി വെള്ളമുണ്ടയില്‍ പാര്‍ട്ടിയിലേക്ക് കടന്നുവന്നവര്‍ക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്ദിഗ്രാമിലുള്‍പ്പെടെ ജനകീയ സമരങ്ങളെ സിപിഎം നേരിട്ടത് ഇത്തരം കുതന്ത്രങ്ങളിലൂടെയാണന്ന്  ആരോപണങ്ങളുണ്ടായിരുന്നു. ഭരണകൂടം പ്രതിസന്ധിയിലാവുമ്പോള്‍ പൗരന്മാരെ വേട്ടയാടി വ്യാജ ആക്രമണങ്ങളും അറസ്റ്റുകളും നടത്തി ജനശ്രദ്ധ തിരിച്ചുവിടാനും ജനകീയ സമരങ്ങളെ പരാജയപ്പെടുത്താനും ശ്രമിച്ചതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. വാളയാര്‍ കേസ് സജീവ ചര്‍ച്ചയായിരുന്നപ്പോഴാണ് അട്ടപ്പാടിയില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നത്. പിന്നീട് ഏറ്റുമുട്ടല്‍ കൊലയ്‌ക്കെതിരേ ഭരണകക്ഷിയിലുള്ളവര്‍ വരെ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ അലന്‍ ശുഹൈബിനെയും താഹ ഫസലിനെയും മാവോബന്ധമാരോപിച്ച് അറസ്റ്റുചെയ്യുകയായിരുന്നു ഇടതു സര്‍ക്കാര്‍. സ്വര്‍ണ കള്ളക്കടത്ത് സജീവ ചര്‍ച്ചയായപ്പോഴും വയനാട്ടില്‍ ഏറ്റുമുട്ടല്‍ കൊല അരങ്ങേറിയിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും ഭരണപ്രതിസന്ധി മറികടക്കാന്‍ സ്‌ഫോടനങ്ങളുള്‍പ്പെടെ നടത്തിയ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. കേരളത്തിന്റെ ദുരന്തമായി മാറുന്ന കെ റെയിലിനെതിരേ സംസ്ഥാനത്തിന്റെ രക്ഷയ്ക്കായി കക്ഷി രാഷ്ട്രീയ, മത-സാമുദായിക വ്യത്യാസമില്ലാതെ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ ഇടതുസര്‍ക്കാരിന് പൊറുതിമുട്ടിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്നവര്‍ക്കുമേല്‍ അര്‍ബന്‍ നക്‌സലിസത്തിന്റെയും തീവ്രവാദത്തിന്റെയും തീവ്രവാദ ചാപ്പകള്‍ കുത്തുന്നത് അപകടകരമാണ്. ഇത്തരം സമീപനങ്ങള്‍ ജനവിരുദ്ധ സര്‍ക്കാരുകളുടെ മുഖമുദ്രയാണ്. സര്‍ക്കാരിന്റെ മര്‍ദ്ദനമുറകള്‍ അതിജീവിക്കാനുള്ള കരുത്ത് പൊതുസമൂഹത്തിനുണ്ടെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ തിരിച്ചറിയണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി. 
ജില്ലാ ജനറൽ സെക്രട്ടറി ടി.നാസർ, ഉബൈദ്, ഇ.ഉസ്മാൻ റാലിക്ക് നേതൃത്വം നൽകി. മണ്ഡലം പ്രസിഡൻ്റ് പി.കെ നൗഫൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മയിൽ  സെക്രട്ടറി പി.ജമീല, ജില്ലാ പ്രസിഡൻ്റ് അഡ്വ: കെ.എ അയ്യൂബ്, സെക്രട്ടറി സൽമ അഷ്റഫ്, എസ്.ഡി.റ്റി.യു ജില്ലാ പ്രസിഡൻ്റ് മുഹമ്മദലി സംസാരിച്ചു. റഷീദ് ബാലുശ്ശേരി സ്വാഗതവും അലി ഐനിക്കൽ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *