വനം വകുപ്പിന്റെ വനമിത്ര അവാർഡ് പി.എം. നന്ദകുമാറിന്
കൽപ്പറ്റ : സംസ്ഥാന വനം വകുപ്പിന്റെ ഈ വർഷത്തെ വനമിത്ര അവാർഡ് മടക്കിമല നന്ദനത്തിൽ പി.എം. നന്ദകുമാറിന് ലഭിച്ചു. പശ്ചിമഘട്ടത്തിലെ നാശോന്മുഖമായിട്ടുള്ള വൃക്ഷ–ഓർക്കിഡ് വൈവിധ്യങ്ങൾ സംരക്ഷിക്കുന്നതെല്ലാം പരിഗണിച്ചാണ് അവാർഡ്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലെ ഐയുസിഎൻ (ഇന്റർ നാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ) റെഡ് ഡേറ്റ ബുക്കിൽ രേഖപ്പെടുത്തിയ ആർഇടി (റെയർ എന്റമിക് ആൻഡ് ത്രട്ടന്റ്) വിഭാഗത്തിൽപെടുന്ന സസ്യവർഗങ്ങൾ ഇദ്ദേഹത്തിന്റെ ഒന്നര ഏക്കർ ഭൂമിയിലുണ്ട്.
അപൂർവവും തദ്ദേശീയവും വംശനാശ ഭീഷണി നേരിടുന്നതുമായ പശ്ചിമഘട്ടത്തിൽ കാണുന്ന 150ൽ കൂടുതൽ വൃക്ഷങ്ങളും 130 തരം വന്യ ഓർക്കിഡുകളും ഇരുനൂറോളം ഔഷധ സസ്യങ്ങളും മറ്റ് അനേകം വന്യ ജനിതക വൈവിധ്യവും സംരക്ഷിച്ചു വരുന്നുണ്ട്. പരിസ്ഥിതി ജൈവ വൈവിധ്യ സംരക്ഷണത്തിൽ തൽപ്പരനായ പി.എം. നന്ദകുമാർ വാങ്ങിയ തരിശായ ഭൂമി 18 വർഷം കൊണ്ട് ഒരു വനമാക്കി മാറ്റുകയായിരുന്നു.
ഈ പുരയിട ഭൂമിയുടെ ഭാഗമായി ക്ഷയിച്ചുപോയ ഒരു കാവ് 3 സെന്റിൽ പുനർ നിർമിക്കുകയും ചെയ്തിട്ടുണ്ട്. കാവിൽ മാത്രം 20 ഇനം മുളകളും 18 ഇനം കാട്ടുവള്ളികളും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥനായ ഇദ്ദേഹം പരിപാലിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അവാർഡ് വിതരണം ചെയ്തു.






Leave a Reply