പനമരം പഞ്ചായത്തില്‍ മാപ്പത്തോണ്‍ തുടങ്ങി

പനമരം : നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായുളള മാപ്പത്തോണിന് പനമരം ഗ്രാമപഞ്ചായത്തില്‍ തുടക്കംകുറിച്ചു. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു വിഷയാവതരണം നടത്തി.
പഞ്ചായത്തിലെ തോടുകളും നീര്‍ച്ചാലുകളും കണ്ടെത്തി കേരള ഐ.ടി മിഷന്റെ സാങ്കേതിക സഹായത്തോടെ ഒ.എസ്.എം ട്രാക്കര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ട്രെയ്‌സിംഗ് നടത്തുന്നത്. റിസോഴ്‌സ് പേഴ്‌സണ്‍മാർ നേരിട്ടെത്തി നീര്‍ച്ചാലുകളുടെ അരികില്‍കൂടി നടന്നാണ് ഇവ ട്രെയിസ് ചെയ്യുന്നത്. ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് എന്ന ബ്രൗസിംഗ് സംവിധാനത്തിലൂടെ ട്രെയിസ് ചെയ്ത തോടുകള്‍ ആം ചെയര്‍ മാപ്പിംഗ് എന്ന സംവിധാനത്തിലൂടെ ഡിജിറ്റലായി വരയ്ക്കും.
ഓരോ തദ്ദേശ സ്ഥാപനത്തിലേയും പ്രധാന തോടുകളും നീര്‍ച്ചാലുകളും ഗ്രിഡുകളായി ഉള്‍പ്പെടുത്തിയ ക്യു.ജി.ഐ.എസ് മാപ്പ് ഐ.ടി മിഷന്‍ ലഭ്യമാക്കുന്നുണ്ട്. ഇത് ഓരോ പ്രദേശത്തുമുളള തോടുകള്‍ കണ്ടെത്താന്‍ സഹായകരമാക്കുന്നു. കൂടാതെ ഒ.എസ്.എംആന്റ് എന്ന ആപ്ലിക്കേഷനിലൂടെ തോടുകളിലേക്ക് എത്താന്‍ സഹായകരമായ വഴികള്‍ കണ്ടെത്താനും സാധിക്കുന്നു. ആംചെയര്‍ മാപ്പിംഗ് ചെയ്ത തോടുകള്‍ ഐ.ടി മിഷന്‍ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഇവ പിന്നീട് ആര്‍.പിമാര്‍ ഫീല്‍ഡില്‍ പോയി ക്ലിയര്‍ ചെയ്യും.
പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, വാര്‍ഡ് മെമ്പര്‍ ബെന്നി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. കീഞ്ഞുകടവിലുളള കാക്കത്തോടിന് സമീപം ചേര്‍ന്ന തോട്‌സഭയില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, മറ്റ് മെമ്പര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് മേറ്റുമാര്‍, എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, പ്രദേശവാസികള്‍, നവകേരളം കര്‍മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ഇന്റേണ്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply