വയോധികന്റെ കട റിസോര്‍ട്ട് ജീവനക്കാര്‍ തകര്‍ത്തു

കല്‍പ്പറ്റ: 30 വര്‍ഷമായി കച്ചവടം നടത്തിക്കൊണ്ട് പോന്നിരുന്ന വയോധികന്റെ പെട്ടിക്കട റിസോര്‍ട്ട് ജീവനക്കാര്‍ തകര്‍ത്തെന്ന് ആരോപണം. തിരുനെല്ലി ജംഗിള്‍ റിട്രീറ്റ് റിസോര്‍ട്ടിലെ ജീവനക്കാര്‍ക്കും ഉടമക്കും എതിരെയാണ് പ്രദേശത്തുകാരായ യു.എസ് സുരാജ്, കെ.എസ് വിജീഷ്, സുധുലാല്‍ അപ്പപ്പാറ, സി.വി പ്രമോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആര്‍രോപണമുന്നയിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി നാട്ടുകാര്‍ നായരച്ചന്‍ എന്ന് വിളിക്കുന്ന കോമ്പത്ത് വേലായുധന്‍ നായര്‍ എടയൂര്‍ വളവില്‍ പെട്ടിക്കട നടത്തുന്നു. ഭാര്യയോ, മക്കളോ ഇല്ലാത്ത നായരച്ചന്റെ ജീവിതോപാധിയായിരുന്നു ഈ കട. എടിയൂര്‍ തിമപ്പന്‍ ചെട്ടി വാക്കാല്‍ നല്‍കിയ റോഡരികിലെ സ്ഥലത്താണ് കച്ചവടം. പിന്നീട് ഇതിനോട് ചേര്‍ന്ന സ്ഥലം റിസോര്‍ട്ട് ഉടമ വിലക്ക് വാങ്ങി. പിന്നാലെ നായരച്ചനെ ഇവിടെ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങളും തുടങ്ങി. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഇതിനിടയില്‍ റിസോര്‍ട്ട് ജീവനക്കാര്‍ കടക്ക് സമീപം ആനക്ക് ഉപ്പിട്ട് നല്‍കുകയും ഇത് കഴിക്കാനെത്തിയ ആന നായരച്ചന്റെ പെട്ടിക്കട തകര്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് നാട്ടുകാരായ സൂരജും വിജീഷും എണ്‍പതിനായിരം രൂപയോളം ചിലവിട്ട് ഇവിടെ പഴയ പെട്ടിക്കടയുടെ സമാന വലിപ്പത്തില്‍ പുതിയ ഒരു കട നിര്‍മിച്ച് നല്‍കി. ഇരുമ്പ് ഷീറ്റുകള്‍ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. ഇതിലായിരുന്നു കുറച്ചുകാലമായി നായരച്ചന്റെ കച്ചവടം. അതിനിടെ എണ്‍പത് പിന്നിട്ട നായരച്ചന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ ചേര്‍ന്ന് ഒരു വൃദ്ധസദനത്തിലേക്ക് മാറ്റി. പിന്നാലെ റിസോര്‍ട്ടിലെ ജീവനക്കാര്‍ രാത്രിയുടെ മറവിലെത്തി പെട്ടിക്കടയുടെ തൂണുകള്‍ കട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് അറുത്തുമാറ്റി കട തകര്‍ക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ തങ്ങള്‍ തന്നെയാണ് കട തകര്‍ത്തതെന്ന് ജീവനക്കാര്‍ പറഞ്ഞിട്ടുണ്ട്. റിസോര്‍ട്ടിന്റെ സ്വകാര്യതക്ക് ഭംഗം വരുന്നതിനാലാണ് അവര്‍ കട തകര്‍ത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. റിസോര്‍ട്ടില്‍ വന്യജീവികളെ ആകര്‍ഷിക്കാനായി പരിസരങ്ങളില്‍ ഉപ്പും കോഴി അവശിഷ്ടങ്ങളും ഇട്ടുകൊടുക്കാറുണ്ടെന്നും ഇത്തരത്തില്‍ എത്തിയ ആനകളിലൊന്നാണ് മുന്‍പ് നായരച്ചന്റെ കട തകര്‍ത്തതെന്നും നാട്ടുകാര്‍ പറയുന്നു. വന്യജീവികളെ ആകര്‍ഷിക്കാനായി റിസോര്‍ട്ട് അധികൃതര്‍ കാട്ടിക്കൂട്ടുന്ന ഇത്തരം നിയമലംഘനങ്ങള്‍ പുറത്തറിയുമെന്ന ഭയത്താലാണ് കട തകര്‍ത്തതെന്നും ഇവര്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നലകിയ പരാതിയില്‍ തിരുനെല്ലി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.



Leave a Reply