മാനന്തവാടിയിൽ കോടികൾ ചിലവഴിച്ചു നിർമ്മിച്ച വർക്കിംഗ് വുമൺസ് ഹോസ്റ്റൽ തുറന്നു നൽകിയില്ലെന്ന് ആരോപണം
മാനന്തവാടി: ഒരു വര്‍ഷം മുമ്പ് ഉദ്ഘാടനം നടത്തിയ വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റല്‍ ഇനിയും പ്രവര്‍ത്തനമാരംഭിച്ചില്ല. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴിലാണ് മാനന്തവാടി താഴയങ്ങാടി ബൈപ്പാസ് റോഡില്‍, കെ എസ്ആര്‍ടിസി ഡിപ്പോക്ക് സമീപത്തായി ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റലിനും, ഡേ കെയര്‍ സെന്ററിനുമായി കെട്ടിടം നിര്‍മ്മിച്ചത്. 169 വനിത ജീവനക്കാര്‍ക്കുള്ള മുറികളാണ് ഇതില്‍ ഒരുക്കിയിരുന്നത്, കൂടാതെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ആരംഭിക്കുമ്പോള്‍ ഇവിടുന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു.എന്നാല്‍ ഹോസ്റ്റല്‍ ഇതുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ യാതൊരു നടപടികളും ഉണ്ടായിട്ടില്ല, മാത്രവുമല്ല കെട്ടിടത്തിന്റെയും ഗെയ്റ്റിന്റെയുമെല്ലാം പെയിന്റ് പോലും അടര്‍ന്ന് തുടങ്ങിയ നിലയിലുമാണ്.
കോടികള്‍ ചിലവഴിച്ച് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുകയുംചെയ്ത ഹോസ്റ്റൽ ഇനിയും തുറന്നു നൽകാത്തത് വലിയ രീതിയിൽ പ്രതിഷേധം ആയിരിക്കുകയാണ്.
കുറഞ്ഞ നിരക്കില്‍ സര്‍ക്കാര്‍ വനിത ജിവനക്കാര്‍ക്ക് താമസിക്കാന്‍ മാനന്തവാടിയിലും പരിസരങ്ങളിലും പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ളുവെന്നിരിക്കെയാണ് നിസാര കാര്യങ്ങളുടെ പേരില്‍ കെട്ടിടം ഒരു വര്‍ഷത്തോളമായി അടഞ്ഞ് കിടക്കുന്നത്, കല്‍പ്പറ്റ മുണ്ടേരിയിലും ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴിലെ കെട്ടിടം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടും ഒരു വര്‍ഷത്തോളമായി അടഞ്ഞ് കിടക്കുകയാണ്. അതെ സമയം മാനന്തവാടിയില്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് ജീവനക്കാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നതായാണ് അധികൃതരുടെ വിശദീകരണം.






Leave a Reply