എന്ത് കൊണ്ട് വയനാടിനോട് ഈ അവഗണന? കലോത്സവ, കായിക മേളകൾ കയ്യെത്താ ദൂരത്ത്
കൽപ്പറ്റ: വയനാട് ജില്ല നിലവിൽ വന്നിട്ട് കാലങ്ങൾ ആയിട്ടും സംസ്ഥാന സ്കൂൾ കാലോത്സവ, കായിക മേളകൾ ഇന്നും വയനാടിന് കയ്യെത്താ ദൂരത്താണ്. എന്ത് കൊണ്ട് വയനാടിനെ മാറ്റി നിർത്തുന്നു എന്നതൊരു ചോദ്യമാണ്. സംസ്ഥാന സ്കൂൾ കായിക മേളകളോ, കലോത്സവമൊ ഇന്ന് വരെ ഇവിടെ നടത്താൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ല. സംസ്ഥാന സ്കൂൾ ശാസ്ത്രമേള പോലും ഒറ്റത്തവണയാണ് നടന്നിട്ടുള്ളത്. നിലവിൽ ഇപ്പോൾ ജില്ലയിൽ സംസ്ഥാന മേളകൾ നടത്താനുള്ള എല്ലാ സംവിധാനങ്ങളും ആയിട്ടുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇപ്രാവശ്യവും മേളകളിൽ നിന്നും വയനാടിനെ മാറ്റി നിർത്തുകയാണ്.
നിലവിൽ ജില്ലാ സ്റ്റേഡിയത്തിൽ കായിക മേള നടത്താനുള്ള സജ്ജീകരണങ്ങളുണ്ട്. കൂടാതെ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയം, എസ്.കെ.എം.ജെ സ്കൂൾ അടക്കം നിരവധി സ്കൂളുകളും ഓഡിറ്റോറിയങ്ങളും നിലവിലുണ്ട്. എന്നിട്ടും വിദ്യാഭ്യാസ വകുപ്പ് എന്ത് കൊണ്ട് വയനാടിനെ പരിഗണിക്കുന്നില്ല എന്നതാണ് ഉയരുന്ന ആരോപണങ്ങൾ.
കലോത്സവ, കായിക മേളകൾ ജില്ലയിൽ നടത്തുന്നതിനുള്ള ആവശ്യമായ നടപടികൾ ഏറ്റെടുക്കാൻ ജില്ലയിലെ മന്ത്രിമാർ പോലും തയ്യാറല്ല എന്നതാണ് വാസ്തവം. മേളകൾ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയിൽ ഉണ്ടെന്നും മേളകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ പറഞ്ഞു.





Leave a Reply