54.39 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത സംഭവത്തിൽ മൂന്നാമൻ പിടിയിൽ
കൽപ്പറ്റ: ജൂൺ 12ന് ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ 54.39 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മൂന്നാം പ്രതിയായി കണ്ണൂർ മാട്ടൂൽ സ്വദേശിയായ അഹമ്മദാലിയെ അറസ്റ്റുചെയ്തു. വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി.എൻ.സുധീറിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം ആണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാൾ ജൂൺ 12ന് വൈകുന്നേരം തന്നെ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വെച്ച് 32.5ഗ്രാം മെത്താംഫിറ്റുമിനുമായി കാർ സഹിതം പിടിയിലായിരുന്നു.
ഒന്നും രണ്ടും പ്രതികൾക്ക് മെത്താംഫിറ്റമിൻ കൈമാറിയത് ടി അഹമ്മദാലിയാണെന്ന് വ്യക്തമായതിനെത്തുടർന്ന് ഇയാൾ എക്സൈസ് സൈബർ സെല്ലിൻ്റെ നിരീക്ഷണത്തിലായിരുന്നു. പ്രതി ഇപ്പോൾ കൂത്തുപറമ്പ് സബ് ജയിലിൽ റിമാൻ്റിലാണുള്ളത്. പ്രതിക്ക് മെത്താംഫിറ്റമിൻ നൽകിയിട്ടുള്ള ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ബോബോ’ എന്നറിയപ്പെടുന്ന നൈജീരിയൻ സ്വദേശിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. അഹമ്മദാലിയെ ചോദ്യം ചെയ്തതിൽ നിന്നും കണ്ണൂർ മാട്ടൂൽ കേന്ദ്രീകരിച്ചും ടിയാൻ ഇപ്പോൾ താമസിക്കുന്ന ചെന്നൈ കേന്ദ്രീകരിച്ചും
വൻതോതിൽ അന്തർസംസ്ഥാന തലത്തിലുള്ള മയക്കുമരുന്ന് വിൽപനയും നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
എക്സൈസ് സൈബർ സെൽ പ്രിവൻ്റീവ് ഓഫീസർ ഷിജു എം സി, സിവിൽ എക്സൈസ് ഓഫീസർ സുഷാദ് പി.എസ്, വനിതാ സിവിൽ ഓഫീസർ ശ്രീജമോൾ പി.എൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. എക്സൈസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.





Leave a Reply