വയനാട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ കക്കൂസ് മാലിന്യം നിറഞ്ഞൊഴുകുന്നു
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ്പുതിയ കെട്ടിടത്തിൽ കക്കൂസ് മാലിന്യമടക്കമുള്ളവ നിറഞ്ഞൊഴുകി രോഗികളും കൂട്ടിരുപ്പുകാരും ഒപ്പം ഡോക്ടർമാരടക്കമുള്ള ജീവനക്കാരും വലയുന്നു. 45 കോടി രൂപ മുടക്കി തട്ടിക്കൂട്ടി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തിയിലെ അപാകതകൾ ചൂണ്ടിക്കാട്ടി തുടക്കം മുതലേ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. കൊല്ലം സ്വദേശിയായ ഇബ്രാഹിം കുട്ടിയെന്നാളായിരുന്നു കോൺട്രാക്ടർ. ഉന്നത ബന്ധങ്ങളും മറ്റുമുള്ള ഇയ്യാളും, പ്രവർത്തിക്ക് പിൻതുണ നൽകിയ നിർവ്വഹണ ഉദ്യോഗസ്ഥരും കൈകോർത്ത് നടത്തിയ അഴിമതിയുടെ പ്രത്യക്ഷ ഉദാഹരണമായി മാറിയിരിക്കുകയാണ് പ്രസ്‌തുക കെട്ടിടം.
നിലവിൽ ശൗചാലയത്തിൽ നിന്നും പരന്നൊഴുകുന്ന മലിനജലം ലിഫ്റ്റിലൂടെ ഒഴുകി ലിഫ്റ്റിന്റെ പ്രവർത്തനം തന്നെ നിലച്ച അവസ്ഥയിലാണ്. ഇതോടെ ഏഴ് നിലയിലെ മൂന്നും നാലും ബ്ലോക്കുകളിലുള്ള രോഗികളും കുട്ടിരിപ്പുകാരും ദുരിതത്തിലായിരിക്കുകയാണ്.ജനറൽ മെഡിസിൽ വാർഡായ തിനാൽ നിരവധി രോഗികൾ ഈ വാർഡുകളിലുണ്ട്. കെട്ടിടത്തിൽ പലയിടത്തും ലീക്കുകൾ പ്രത്യക്ഷമാണ്. പ്ലംബിംഗിനായി ഉപയോഗിച്ച സാമഗ്രികൾ തകർന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്റെ ടൈലുകളും മറ്റ് ഭാഗങ്ങളും ഇതേ ദുരവസ്ഥയിലാണുള്ളത്. പ്രവർത്തനം ആരംഭിച്ച് ഒന്നര വർഷം പിന്നിടുമ്പോഴേക്കും ബഹുനില കെട്ടിടത്തിൻ്റെ പല ഭാഗത്തും ഉപയോഗശൂന്യമാകുന്ന സ്ഥിതിയാണുള്ളത്. കൂടാതെ കെട്ടിടത്തിന്റെ മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ടും തകരാറുകൾ പ്രത്യക്ഷമാണ്.
വീഴ്ചകൾ അറിഞ്ഞയുടൻ ആയത് ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടിരുന്നതായും, അല്ലാത്തപക്ഷം ബന്ധപ്പെട്ട. ഉദ്യോഗസ്ഥർക്കെതിരെയും, കരാറുകാരനെതിരെയും നിയമ നടപടിയെടക്കം സ്വീകരിക്കുമെന്ന് പറഞ്ഞ് മുൻപ് രേഖാമൂലം കത്ത് നൽകിയിരുന്നതായും, ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്നും നിർമ്മാണ കാലയളവിൽ എം എൽ എ ആയിരുന്ന ഒആർ കേളുവിന്റെ ഓഫീസിൽ നിന്നും അറിയിച്ചത്. എം എൽ എ അടക്കമുള്ളവരുടേ പിടിപ്പുകേടും, അശ്രദ്ധയും കൈമുതലാക്കി ലക്ഷങ്ങളുടെ പ്രത്യക്ഷ അഴിമതിയാണ് ഇവിടെ നടന്നിരിക്കുന്നതെന്നും, നിർവ്വഹണ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നുമാണ് യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്. വരും ദിനങ്ങളിൽ യൂത്ത് ലീഗ് അടക്കമുള്ള സംഘടനകൾ സമരരംഗത്തേക്ക് വരുമെന്നും സൂചനയുണ്ട്.





Leave a Reply