September 17, 2024

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ബോധ വത്ക്കരണം നൽകണം: ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

0
Img 20240831 162408

കൽപ്പറ്റ: വയനാട് ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ബോധ വത്ക്കരണം നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് നിർദേശം നൽകി.

 

കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ കമ്മീഷൻ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കമ്മീഷൻ നിർദ്ദേശം. വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ അധികൃതരോട് നിർദേശിച്ചു. നോർത്ത് വയനാട് ഡിവിഷനിൽ 18 വനസംരക്ഷണസമിതികൾ പ്രവർത്തിക്കുന്നതായും വന സംരക്ഷണസമിതികളിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവരെ ആന-കാട്ടുതീ പ്രതിരോധം, ഫെൻസിംഗ് അറ്റകുറ്റപ്പണികൾ എന്നിവക്കായി നിയോഗിച്ചിട്ടുള്ളതായും നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ റിപ്പോർട്ട് ചെയ്തു.

വന പ്രദേശത്ത് വിവിധ ഇനത്തിലുള്ള തദ്ദേശീയ മരങ്ങൾ വെച്ച്പിടിപ്പിക്കൽ, വനപ്രദേശങ്ങളിലെ ജലാശയ നവീകരണം, മാലിന്യമുക്ത പ്രവർത്തനങ്ങളും വന സംരക്ഷണ പ്രവർത്തനങ്ങളും വന സംരക്ഷണ സമിതി മുഖേന ഉറപ്പാക്കുന്നുണ്ട്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിൽ വന്യജീവി സംഘർഷമുള്ള മേഖലകളിൽ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അവശ്യഘട്ടത്തിൽ ആളുകളെ മാറ്റിപാർപ്പിക്കുന്നതിന് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതികൾ ആവിഷ്കരിച്ചതായി ഡിവിഷണൽ ഓഫീസർ റിപ്പോർട്ട് നൽകി.

ചെതലത്ത് റെയിഞ്ചിന് കീഴിലെ പുൽപ്പള്ളി, ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിലെ അഞ്ച് ഉന്നതികളിലാണ് പുനരധിവാസ പദ്ധതി നടപ്പാക്കുകയെന്നും മേപ്പാടി, കൽപ്പറ്റ, ചെതലത്ത് റെയ്ഞ്ചുകളിൽ വന്യമൃഗ ശല്യം രൂക്ഷമായ വനാതിർത്തിയിൽ 224 കിലോ മീറ്റർ ഫെൻസിങ്, 22.46 കിലോ മീറ്റർ സോളാർ ഹാങ്ങിങ് ഫെൻസിങ്, 11.294 കിലോ മീറ്റർ കരിങ്കൽ ഭിത്തി, 139.30 കിലോ മീറ്റർ ട്രഞ്ച് എന്നിവ നിർമ്മിച്ച് യഥാസമയം അറ്റകുറ്റപ്രവർത്തികൾ നടത്തിവരുന്നതായും കമ്മീഷന് റിപ്പോർട്ട് നൽകി.

ആരോഗ്യ വകുപ്പിൽ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് കൽപ്പറ്റ സ്വദേശി നൽകിയ പരാതി പരിഗണിച്ച കമ്മീഷൻ, ആശ്രിത നിയമനത്തിന് വർഷത്തിൽ ഒരു ജില്ലയ്ക്ക് ഉണ്ടാകുന്ന ഒഴിവുകൾ ഹൈക്കോടതി ഉത്തരവ് പ്രകാരം 5 ശതമാനമായി നിജപ്പെടുത്തിയിട്ടുള്ളതിനാൽ സീനിയോരിറ്റി അടിസ്ഥാനമാക്കി നിയമനം നൽകുമെന്ന ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ അവസാനിപ്പിച്ചു. സിറ്റിംഗിൽ പുതിയതായി ലഭിച്ച ഒരു പരാതി കമ്മീഷൻ ഫയലിൽ സ്വീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *