കന്നുകാലി സെന്‍സസ് വിവരശേഖരണം ആരംഭിച്ചു
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 21 -ാംമത് കന്നുകാലി സെന്‍സസ് വിവരശേഖരണം ആരംഭിച്ചു. മീനങ്ങാടി പഞ്ചായത്ത് ചെണ്ടക്കുനിയിലെ ക്ഷീര കര്‍ഷകന്‍ രാജീവ് വാഴേങ്ങാട്ടിലെ വീട്ടില്‍ നിന്നും ആരംഭിച്ച വിവരശേഖരണം മൃഗസംരക്ഷണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ഡോ. സജി ജോസഫ് ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ പ്രേത്യേക പരിശീലനം ലഭിച്ച കുടുംബശ്രീയുടെ എ ഹെല്‍പ്പ് പശുസഖിമാരാണ് വിവരശേഖരണം നടത്തുന്നത്. കന്നുകാലികള്‍, പക്ഷികള്‍, മറ്റു വളര്‍ത്തുമൃഗങ്ങള്‍ എന്നിവയുടെ എണ്ണം, ഇനം, പ്രായം, ലിംഗം, മൃഗകര്‍ഷകര്‍-വനിതാ സംരഭകരുടെ എണ്ണം, മേഖലയിലെ ഗാര്‍ഹിക ഗാര്‍ഹികേതര സംരഭകരുടെയും സ്ഥാപനങ്ങളുടെയും കണക്കുകളാണ് ശേഖരിക്കുന്നത്. അറവു ശാലകള്‍, മാംസ സംസ്‌കരണ പ്ലാന്റുകള്‍, ഗോശാലകള്‍ എന്നിവയുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ജില്ലയിലെ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വികസനങ്ങള്‍, നയങ്ങള്‍, പദ്ധതികള്‍ നടപ്പാക്കാന്‍ സെന്‍സസിലെ വിവരങ്ങള്‍ ഉപയോഗിക്കും. മൃഗസംരക്ഷണ വകുപ്പ് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ വിവരശേഖരണത്തിന് എത്തുമ്പോള്‍ കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ നല്‍കി സെന്‍സസില്‍ പങ്കാളികളാവണമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. രമാ ദേവി, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. വി.ജെ മനോജ്, എ.എഫ്.ഒ പി.ആര്‍ പ്രസന്നകുമാര്‍, ആനി ജസീന്ത എന്നിവര്‍ സംസാരിച്ചു.





Leave a Reply