June 24, 2026

ടിക്കറ്റ് നിരക്ക് കൂട്ടി, എണ്ണം കുറച്ചു; കുറുവയിൽ സഞ്ചാരികൾ കുറവ്

0
Img 20241031 093610
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി ∙ മാസങ്ങളുടെ കാത്തിരിപ്പിനുശേഷം കുറുവദ്വീപ് തുറന്നെങ്കിലും സഞ്ചാരികളുടെ വരവ് കുറഞ്ഞതു പ്രതിസന്ധിയാകുന്നു. പാക്കവും പാൽവെളിച്ചവുമാണ് കുറുവദ്വീപിന്റെ സ്വീകരണകേന്ദ്രങ്ങൾ. ദ്വീപ് തുറന്നതിന്റെ ആശ്വാസത്തിലാണ് ഈ ഗ്രാമങ്ങളെങ്കിലും സഞ്ചാരികൾ പ്രതീക്ഷിച്ചത്രയെത്തുന്നില്ല. കുറുവയിൽ പ്രവേശിക്കാവുന്നവരുടെ എണ്ണം വെട്ടിക്കുറച്ചതും ടിക്കറ്റ്നിരക്ക് ഇരട്ടിയാക്കിയതും സഞ്ചാരികളുടെ വരവ് കുറയാനിടയായി. ദ്വീപ് തുറന്നതിനു ശേഷം 27ന് ആണ് കാര്യമായി സഞ്ചാരികളെത്തിയത്. ഇരു കൗണ്ടറുകളിലൂടെ 1150 പേരെ മുമ്പുപ്രവേശിപ്പിച്ചിരുന്നു. ഇപ്പോഴത് 400 ആയി ചുരുക്കി. 110 രൂപയായിരുന്നു നിരക്ക്. അതിരട്ടിയാക്കി.

 

പാക്കം–കുറുവ വനസംരക്ഷണ സമിതിയിലെ 40 ഓളം ജീവനക്കാർ കുറുവയിലുണ്ട്. മഴ മാറുന്നതോടെ സഞ്ചാരികളുടെ വരവ് വർധിക്കുമെന്നാണു പ്രതീക്ഷ. ദ്വീപിൽ പ്രവേശിക്കാൻ കഴിയാത്തവർക്കായി ചങ്ങാട സവാരി ഊർജിതമാക്കാനും വനസംരക്ഷണസമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പുതിയ ചങ്ങാടം നിർമിക്കും.

 

ടിക്കറ്റ്നിരക്ക് വർധിപ്പിച്ചതിനാൽ ഇവിടെയെത്തി ദ്വീപിൽ കയറാതെ സഞ്ചാരികൾ മടങ്ങുന്ന പ്രശ്നവുമുണ്ട്. 220 രൂപനൽകാനുള്ളതൊന്നും ഇവിടെയില്ലെന്ന അഭിപ്രായത്തോടെയാണ് മടക്കം.

 

സഞ്ചാരികളുടെ എണ്ണം കാര്യമായി കുറച്ചത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നതിനാലാണ് നിരക്ക് ഇരട്ടിയാക്കിയതെന്ന് വനപാലകർ പറയുന്നു. മഴമാറുന്നതോടെ സഞ്ചാരികളുടെ വരവ് വർധിക്കും. ഈ സമയത്ത് കൂടുതലാളുകളെ പ്രവേശിപ്പിക്കാൻ സാധിക്കണം. ദൂരെദിക്കുകളിൽ നിന്നെത്തി ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ട സാഹചര്യം ആളുകളുടെ പ്രതിഷേധത്തിനിടയാക്കുമെന്ന ആശങ്കയും ജീവനക്കാർക്കുണ്ട്.

 

ഫെബ്രുവരി ആദ്യവാരം അടച്ച കുറുവ ദ്വീപ് ഹൈക്കോടതി നിർദേശ പ്രകാരം ഈ മാസം 15നാണ് തുറന്നത്. കുറുവയടക്കം ജില്ലയിലെ 5 ഇക്കോടൂറിസം കേന്ദ്രങ്ങളും മാസങ്ങളോളം അടഞ്ഞുകിടന്നത് ജില്ലയിലെത്തിയ സഞ്ചാരികളെയും ഈമേഖലയെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളെയും നിരാശപ്പെടുത്തിയിരുന്നു.

 

പാക്കത്തെ വനംവാച്ചർ വെള്ളച്ചാലിൽ പോളിനെ ഡ്യൂട്ടിക്കിടെ കാട്ടാന ആക്രമിച്ചുകൊന്നതോടെയാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് പൂട്ടുവീണത്. 5 കേന്ദ്രങ്ങളിലും ജോലി ചെയ്തിരുന്ന ഗോത്രവിഭാഗക്കാരടക്കമുള്ള 200 ഓളം ജീവനക്കാർ മാസങ്ങളോളം ജോലിയും കൂലിയുമില്ലാതെ വലയുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *