പേരിൽ മാത്രം സ്മാർട്ട്; വെള്ളവും വെളിച്ചവുമില്ലാതെ അമ്മാനിയിലെ അങ്കണവാടി
അമ്മാനി∙ അങ്കണവാടി സ്മാർട്ട്, പക്ഷേ, ശുദ്ധജലവും വെളിച്ചവും ഇല്ല. പനമരം പഞ്ചായത്തിൽ വനാതിർത്തിയോട് ചേർന്ന അമ്മാനിയിൽ ചായം പദ്ധതിയിൽ കുട്ടികളുടെ പാർക്കോടു കൂടി നിർമിച്ച സ്മാർട്ട് അങ്കണവാടി കെട്ടിടത്തിലാണ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിലധികമായിട്ടും വൈദ്യുതിയും ശുദ്ധജലവും ഇല്ലാത്തത്. 10 ലക്ഷത്തിലേറെ രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിൽ വയറിങ് പോലും ഇതുവരെ നടത്തിയിട്ടില്ല.
ഇതുകൊണ്ടു തന്നെ ചൂടിൽ വിയർത്തുകുളിച്ചും വാതിൽ അടച്ചാൽ ഇരുട്ടിലും ഇരിക്കേണ്ട അവസ്ഥയാണ് കുരുന്നുകൾക്ക്. ഇക്കാരണത്താൽ പല രക്ഷിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങളെ ഈ അങ്കണവാടിയിലേക്ക് പറഞ്ഞയയ്ക്കാൻ മടി കാണിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.അങ്കണവാടിയോടു ചേർന്നു കിണറുണ്ടെങ്കിലും ചെമ്പുറവയായാതിനാൽ വെള്ളം ഉപയോഗിക്കാൻ കഴിയാത്തതിനാൽ അടുത്ത വീടുകളിൽ നിന്ന് ശുദ്ധജലം ചുമന്നുകൊണ്ടുവന്നാണ് കുട്ടികൾക്കുള്ള ഭക്ഷണം അടക്കം പാകം ചെയ്യുന്നത്.
വനാതിർത്തിയോടു ചേർന്ന ഈ അങ്കണവാടിയിൽ നിലവിൽ പന്ത്രണ്ടോളം കുട്ടികൾ ഉണ്ട്. കെട്ടിടത്തിൽ വൈദ്യുതി എത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കടക്കം പരാതി നൽകിയെങ്കിലും അനങ്ങാപ്പാറനയം സ്വീകരിക്കുകയാണ്. എത്രയും പെട്ടെന്ന് കെട്ടിടത്തിൽ വൈദ്യുതി എത്തിക്കാനുളള നടപടി സ്വീകരിച്ചില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
Leave a Reply