മുനമ്പം മോഡൽ സമരമുഖം വയനാട്ടിൽ തുറക്കും; സമരത്തിന് ബിജെപി നേതൃത്വം നൽകും: എം ടി രമേശ്
മാനന്തവാടി : മുനമ്പം മോഡൽ സമരമുഖം വയനാട്ടിൽ തുറക്കുമെന്നും, അതിന് ബി.ജെ.പി നേതൃത്വം നൽകുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. തലപ്പുഴയിൽ വഖഫ് നോട്ടിസ് ലഭിച്ച നാട്ടുകാരെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിനൊപ്പം സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫിന്റെ നിയമവിരുദ്ധ അവകാശവാദങ്ങൾക്ക് പിന്തുണ നൽകുകയാണ് സംസ്ഥാന സർക്കാർ. വഖഫ് ബോർഡിന് ഒപ്പം നിന്ന് സിപിഎമ്മും കോൺഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. വിലകൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിയിൽ, നികുതിയടച്ച് നിയമപരമായി ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്, അവർ എങ്ങോട്ട് പോകണമെന്ന് മുഖ്യമന്ത്രി മറുപടി പറയണം. എം ടി രമേശ് വ്യക്തമാക്കി
വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കാത്ത ഒരു പഞ്ചായത്ത് പോലും വയനാട്ടിൽ ഇല്ല. മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത കൂട്ട പലായനത്തിന് വയനാട് ജില്ല സാക്ഷ്യം വഹിയ്ക്കേണ്ടിവരും. വഖഫിന്റെ അവകാശവാദം അംഗീകരിച്ചാൽ ഒരു സ്വകാര്യഭൂമി പോലും വയനാട് ജില്ലയിൽ ഉണ്ടാവില്ല. വയനാട് ജില്ലയിലെയും, തിരുവമ്പാടിയിലെയും ലക്ഷക്കണക്കിന് ആളുകളാണ് വഖഫ് ഭീഷണി നേരിടുന്നത്. ഇവരെ കുടിയൊഴിപ്പിച്ചാൽ ഇവർ എങ്ങോട്ട് പോകുമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും മറുപടി പറയണം. എം ടി രമേശ് ആവശ്യപ്പെട്ടു.
കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും, തെരഞ്ഞെടുപ്പിനുശേഷം മുനമ്പം മോഡൽ സമരമുഖം വയനാട്ടിൽ തുറക്കുമെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു.
ബിജെപി വയനാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ,മണ്ഡലം പ്രസിഡൻ്റ് കണ്ണൻ കണിയാരം, ജില്ലാ വൈസ് പ്രസിഡൻ്റ് കെ.മോഹൻദാസ്, മണ്ഡലം ജനറൽ സെക്രട്ടറി ഗിരീഷ് കട്ടകളം, യുവമോർച്ച ജില്ലാ പ്രസിഡണ്ട് കെ.ശരത് തുടങ്ങിയവരും എം ടി രമേശിനൊപ്പം സ്ഥലം സന്ദർശിച്ചു.
Leave a Reply