July 28, 2026

വസന്തകുമാർ സ്മൃതിമണ്ഡപവും റോഡും നാടിന് സമർപ്പിക്കും; വിരമിച്ച ജവാന്മാരെ ആദരിക്കും

0
Img 20250405 192548ktc9ohw
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാൻ വസന്തകുമാറിൻ്റെ സ്മരണാർത്ഥം കൽപ്പറ്റ നിയോജകമണ്ഡലത്തിൽ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്മൃതിമണ്ഡപത്തിൻ്റെ ചുറ്റുമതിലും ജവാൻ വസന്തകുമാർ റോഡും നാളെ (ഏപ്രിൽ 6) രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ.യാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

 

മേപ്പാടി-വാഴക്കണ്ടി ഉന്നതിയിൽ നിർമ്മിച്ച സ്മൃതിമണ്ഡപത്തിൻ്റെ ഉദ്ഘാടനത്തിന് ശേഷം വാഴക്കണ്ടി ഉന്നതിയിലെ സാംസ്കാരിക നിലയത്തിൽ ‘ജയ്ഹിന്ദ്’ എന്ന പേരിൽ രാജ്യത്തിൻ്റെ കാവൽഭടന്മാർക്ക് ആദരവ് അർപ്പിക്കുന്ന ചടങ്ങ് നടക്കും. ഈ പരിപാടിയിൽ വീരമൃത്യു വരിച്ച വസന്തകുമാറിൻ്റെ കുടുംബാംഗങ്ങൾക്കൊപ്പം രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച നിരവധി യുദ്ധവീരന്മാരും പങ്കെടുക്കും.

 

പ്രത്യേക അതിഥികളായി മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ്റെ പിതാവ് ഉണ്ണികൃഷ്ണനും അമ്മ ധനലക്ഷ്മിയമ്മയും, അസമിലെ കൊക്രഝർ ജില്ലയിൽ തീവ്രവാദികളുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച ജവാൻ നായിക് ഗീവർഗീസിൻ്റെ കുടുംബാംഗങ്ങളും, സിപോയി ജെനീഷ് ടി.എസിൻ്റെ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിക്കും.

 

2022-23 വർഷത്തെ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് ജവാൻ വസന്തകുമാർ സ്മൃതിമണ്ഡപത്തിൻ്റെ കോമ്പൗണ്ട് വാളും റോഡും നിർമ്മിച്ചിരിക്കുന്നത്. ഈ വികസന പദ്ധതി നാടിന് സമർപ്പിക്കുന്ന ചടങ്ങിൽ കൽപ്പറ്റ നിയോജകമണ്ഡലത്തിലെ 150-ൽ അധികം വിരമിച്ച ജവാന്മാരെ ആദരിക്കുമെന്നും എം.എൽ.എ. അറിയിച്ചു. രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ ഉഴിഞ്ഞുവെച്ച ധീരജവാന്മാരോടുള്ള ആദരസൂചകമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *