രാഹുലിനെയും പ്രിയങ്കയെയും ദുർബലപ്പെടുത്താനുള്ള സിപിഎം ശ്രമം മോദിയെയും അമിത്ഷായെയും പ്രീതിപ്പെടുത്താൻ: ടി സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ദുർബലപ്പെടുത്താനുള്ള സി.പി.എം. ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും പ്രീതിപ്പെടുത്താനാണെന്ന് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ. ആരോപിച്ചു. വിവിധ കേസുകളുടെ പശ്ചാത്തലത്തിൽ ബി.ജെ.പി. കേന്ദ്ര നേതാക്കളുടെ പ്രീതി ലഭിക്കുന്നതിന് വേണ്ടി സി.പി.എം. ഇനിയും വിമർശനം ശക്തമാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ തലത്തിൽ ബി.ജെ.പിക്കും സംഘപരിവാറിനുമെതിരെയും ഭരണഘടനയെയും ജനങ്ങളെയും സംരക്ഷിക്കാനുമുള്ള പോരാട്ടത്തിന്റെ മുഖങ്ങളാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ബി.ജെ.പിക്കെതിരെ കോൺഗ്രസ് ശക്തമായ പോരാട്ടം നടത്തുമ്പോൾ ആ നീക്കങ്ങളെ ദുർബലപ്പെടുത്താനാണ് സി.പി.എം. ശ്രമിക്കുന്നത്. കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പി., സംഘപരിവാർ വിരുദ്ധതയല്ല, മറിച്ച് കോൺഗ്രസ് വിരുദ്ധതയാണെന്നതിന്റെ തെളിവാണ് രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരായ ഇപ്പോഴത്തെ നീക്കങ്ങളെന്നും ടി. സിദ്ദിഖ് പറഞ്ഞു.
കേരളത്തിൽ ബി.ജെ.പി.-സി.പി.എം. അന്തർധാര പ്രകടവും സജീവവുമാണ്. കൊടകര കേസ് ഉൾപ്പെടെയുള്ള പല കേസുകളും ആവിയായി പോയി. ഇനി എസ്.എഫ്.ഐ.ഒ. കേസും ഇത്തരത്തിൽ ആവിയായി പോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. രാജ്യത്ത് ഉയർന്നുവരുന്ന സംഘപരിവാറിനെതിരായ പോരാട്ടത്തെ കേരളത്തിൽ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് സി.പി.എം. ഇപ്പോൾ നടത്തുന്നത്.
പ്രിയങ്കാ ഗാന്ധി ഒരാളുടെ ചികിത്സയുമായി ബന്ധപ്പെട്ട് പോയത് സ്പീക്കർക്കും പാർട്ടിക്കും കത്ത് നൽകിയ ശേഷമാണ്. എന്നാൽ വഖഫ് ബിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാർലമെന്റ് അംഗങ്ങൾക്ക് മുൻകൂട്ടി വിവരം നൽകിയിരുന്നില്ല. ബിസിനസ് അഡ്വൈസറി കമ്മിറ്റിയിൽ പോലും പറയാതെയാണ് ബിൽ കൊണ്ടുവന്നത്. ബിൽ അവതരിപ്പിക്കാൻ പോകുന്നു എന്നറിഞ്ഞ ഉടൻ തന്നെ രാഹുൽ ഗാന്ധി ‘ഇന്ത്യാ’ മുന്നണിയുടെ അടിയന്തര യോഗം വിളിച്ചു. അഭിപ്രായ വ്യത്യാസങ്ങളുള്ള എല്ലാവരെയും ഒരുമിപ്പിച്ച് കോൺഗ്രസ് പാർലമെന്റിൽ സംസാരിക്കാനുള്ള പാനൽ തീരുമാനിച്ചു മുന്നോട്ട് പോവുകയും ചെയ്തു. വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അന്ന് നിരവധി പേർ പാർലമെന്റിൽ ഹാജരായിരുന്നില്ല. ഇങ്ങനെയുള്ള വാസ്തവങ്ങൾ നിലനിൽക്കെ സി.പി.എം. ബി.ജെ.പിയെ തൃപ്തിപ്പെടുത്താനാണ് ശ്രമം തുടരുന്നത്. കേന്ദ്രത്തിലെ സംഘപരിവാറിൻ്റെ ഭാഷയാണ് വയനാട്ടിലെ സി.പി.എമ്മിനെന്നും ടി. സിദ്ദിഖ് എം.എൽ.എ. കൂട്ടിച്ചേർത്തു.





Leave a Reply