മുട്ടില്‍ സൗത്ത് വില്ലേജിലെ ഈട്ടി മുറി: ഹര്‍ജികള്‍ മെയ് 19ലേക്ക് മാറ്റി
കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില്‍നിന്നു അനധികൃതമായി മുറിച്ചതിനെത്തുടര്‍ന്ന് പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന ഈട്ടിത്തടികള്‍ ലേലം ചെയ്യുന്നതിനു അനുവാദം തേടി സൗത്ത് വയനാട് ഡിഎഫ്ഒ സമര്‍പ്പിച്ച ഹര്‍ജി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി മെയ് 19ലേക്ക് മാറ്റി. തടികളുടെ സംരക്ഷണച്ചുമതല ലഭിക്കുന്നതിന് മരംമുറിക്കേസിലെ പ്രതികളില്‍പ്പെട്ട അഗസ്റ്റിന് സഹോദരന്മാര് സമര്‍പ്പിച്ച ഹര്‍ജിയു ഇതേ തീയതിയിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം കോടതി കേസ് വിളിച്ചപ്പോള്‍ അഗസ്റ്റിന് സഹോദരന്മാര് കോടതിയില്‍ ഹാജരായിരുന്നില്ല.
തടികള്‍ ലേലം ചെയ്യുന്നതിനുള്ള ഹര്‍ജിയില്‍ വനം വകുപ്പ് വാദം പറഞ്ഞില്ല. രണ്ട് കേസുകളിലും ഹര്‍ജിക്കാര്‍ മതിയായ താത്പര്യം കാട്ടാത്ത സ്ഥിതിയാണുള്ളത്. തടികളുടെ സംരക്ഷണച്ചുമതല വിട്ടുകിട്ടുന്നതിനുള്ള ഹര്‍ജിക്ക് ഏകദേശം മൂന്നു വര്‍ഷമാണ് പഴക്കം.
കോടിക്കണക്കിനു രൂപ വിലമതിക്കുന്ന തടികളുടെ സംരക്ഷണം മുന്‍നിര്‍ത്തി 2023 ജനുവരി ആറിന് ജില്ലാ കോടതി നല്കിയ നിര്‍ദേശങ്ങള്‍ വനം വകുപ്പ് പാലിച്ചിട്ടില്ല. തടികള്‍ മേല്‍ക്കൂരയുള്ള ഷെഡില്‍ നിലത്തുനിന്നു മതിയായ ഉയരത്തില്‍ വെയിലോ മഴയോ ഈര്‍പ്പമോ തട്ടാതെ കേസ് തീര്‍പ്പാകുന്നതുവരെ സൂക്ഷിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. ഉത്തരവ് തീയതി മുതല്‍ ഒരു മാസത്തിനകം തടികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. തടികളുടെ സംരക്ഷണത്തിനു തക്കതായ നടപടികള്‍ സ്വീകരിക്കാതെയാണ് ലേലത്തിനു അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ കോടതിയെ സമീപിച്ചത്.
മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ച മരങ്ങള്‍ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ച 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് കുപ്പാടി വനം ഡിപ്പോയിലുള്ളത്. മഴയും വെയിലുമേറ്റ് തടികളുടെ ഗുണനിലവാരം കുറയുകയാണ്. തടികള്‍ ഡിപ്പോയിലേക്ക് മാറ്റിയതിനുശേഷമുള്ള അഞ്ചാമത്തെ മഴക്കാലമാണ് വരാനിരിക്കുന്നത്. വനം വകുപ്പ് തടികള്‍ കണ്ടുകെട്ടിയതിനെതിരായ ഹര്‍ജി നിലവിലിരിക്കേയാണ് ഇവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ എത്തിയത്. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി അഗസ്റ്റിന് സഹോദരന്മാരുടെ ഹര്‍ജികളില്‍ കോടതി സ്റ്റേ ചെയ്തിരുന്നു. ഡിപ്പോയില്‍ സൂക്ഷിച്ച തടികള്‍ കേസില്‍ കക്ഷികളായ അഗസ്റ്റിന് സഹോദരന്മാര് വിലയ്ക്കു വാങ്ങിയതാണെന്നു കണ്ടെത്തുന്ന സാഹചര്യം ഉണ്ടാകുന്നതു പരിഗണിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചായിരുന്നു സ്റ്റേ.
ഈട്ടിമുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത ഒആര്‍ 01/2021 മുതല്‍ 43/2021 വരെയുള്ള കേസുകളില്‍ കുറ്റപത്ര സമര്‍പ്പണം നടന്നിട്ടില്ല. ഇതിനു കാരണം വനം അധികൃതര്‍ വ്യക്തമാക്കുന്നില്ല.
അനധികൃത ഈട്ടിമുറിക്കേസുകളില് വനം വകുപ്പിനു ശുഷ്കാന്തിയില്ലെന്ന ആക്ഷേപം ശക്തമാണ്. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഒആര്‍ 30/2007 നമ്പര്‍ കേസില്‍ ഡിഎഫ്ഒ കണ്ടുകെട്ടിയ ഈട്ടിത്തടികള്‍ കക്ഷിയുടെ താത്കാലിക കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. തടികള്‍ കണ്ടുകെട്ടിയതിന് ഏതിരായ സിഎംഎ 10/2014 അപ്പീല്‍ കോടതി തള്ളി. എന്നാല്‍ ഇതുവരെ കക്ഷി തടികള്‍ വനം വകുപ്പിനെ തിരിച്ചേല്‍പ്പിച്ചില്ല. തടികള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബോണ്ട് സംഖ്യ വസൂലാക്കുന്നതിന് വനം വകുപ്പിന്റെ ഭാഗത്ത് നീക്കം ഉണ്ടായില്ല. തടികള്‍ കക്ഷി ഈര്‍ന്ന് ഉരുപ്പടികളാക്കി ഉപയോഗിച്ചതായി മനസിലാക്കിയിട്ടും തുടര്‍ നടപടി ഉണ്ടായില്ല.




Leave a Reply