ലിയോറ ഫെസ്റ്റ് 2025: ബ്ലോക്ക് തല ശില്‍പശാലയ്ക്ക് തുടക്കമായി
മാനന്തവാടി: കുടുംബശ്രീ ബാലസഭയിലെ അംഗങ്ങളായ കുട്ടികള്‍ക്ക് അറിവിനും സര്‍ഗാത്മതക്കും ഒപ്പം സംരംഭകത്തിന്റെ നൂതന പാഠങ്ങള്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംസ്ഥാന മിഷന്‍ സംഘടിപ്പിക്കുന്ന ലിയോറ ഫെസ്റ്റ് സമ്മര്‍ ക്യാമ്പിന് ജില്ലയില്‍ തുടക്കമായി. ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്കില്‍ മൈന്‍ഡ് ബ്ലോവേഴ്‌സ് ലിയോറ ഫെസ്റ്റ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ വെച്ച് നടത്തിയ ബ്ലോക്ക് തല ഏകദിന സമ്മര്‍ ക്യാമ്പ് കുടുംബശ്രീ ജില്ലാ മിഷന്‍ എഡിഎംസി അമീന്‍ കെ കെ ഉദ്ഘാടനം ചെയ്തു.
മാനന്തവാടി സി ഡി എസ് 1 ചെയര്‍പേഴ്‌സണ്‍ വത്സ മാര്‍ട്ടിന്‍ അധ്യക്ഷയായി. ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ക്ക് പാട്ട്, ഡാന്‍സ്, പ്രസംഗം, കഥാപ്രസംഗം, മോണോ ആക്ട്, മിമിക്രി, പ്രബന്ധ രചനയും അവതരണവും, ഇന്നോവേഷനുകള്‍, ചിത്രരചന, പോസ്റ്റര്‍ നിര്‍മാണം എന്നീ ഇനങ്ങളിലായി മത്സരങ്ങള്‍ നടത്തി. മത്സരയിനങ്ങള്‍ക്കായുള്ള വിഷയങ്ങള്‍ കുട്ടികള്‍ക്ക് തന്നെ കണ്ടെത്താമെന്ന രീതിയായിരുന്നു.90% കുട്ടികളും തെരഞ്ഞെടുത്ത വിഷയം ലഹരിക്കെതിരെ ആണെന്നത് ലഹരി വിമുക്ത ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്നു. മത്സരയിനങ്ങളില്‍ പങ്കെടുത്തവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ജില്ലാതല ലിയോറ ഫെസ്റ്റ് സമ്മര്‍ ക്യാമ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും.മാനന്തവാടി സി ഡി എസ് 2 ചെയര്‍പേഴ്‌സണ്‍ ഡോളി രഞ്ജിത്ത് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സിഫാനത്ത് സി ബാലസഭ ആര്‍ പി മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ജില്ലയിലെ പനമരം ബത്തേരി കല്‍പറ്റ എന്നീ ബ്ലോക്കുകളില്‍ ഇന്നും നാളെയും ആയി ശില്പശാല നടക്കും





Leave a Reply