മദ്ധ്യവയസ്കനെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
കൽപ്പറ്റ: മുൻവൈരാഗ്യത്തെ തുടർന്ന് മദ്ധ്യവയസ്കനെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൽപ്പറ്റ അഡീഷണൽ സെഷൻസ് ജഡ്ജ്-2 വി. അനസാണ് വിധി പ്രസ്താവിച്ചത്. കോളേരി വളാഞ്ചേരി മാങ്ങോട് വീട്ടിൽ എം.ആർ. അഭിലാഷ് (41) ആണ് ശിക്ഷിക്കപ്പെട്ടത്.
2021 ഓഗസ്റ്റ് 21 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളേരി പൂതാടി തവളയാങ്കൽ വീട്ടിൽ സജീവൻ (52) ആണ് കൊല്ലപ്പെട്ടത്. വളാഞ്ചേരിയിൽ വെച്ച് അഭിലാഷ് സജീവനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജീവനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം രാവിലെ മരണപ്പെട്ടു.
അന്നത്തെ നൂൽപ്പുഴ ഇൻസ്പെക്ടറായിരുന്ന ടി.സി. മുരുകനാണ് കേസിന്റെ ആദ്യ അന്വേഷണം നടത്തിയത്. പിന്നീട് കേണിച്ചിറ ഇൻസ്പെക്ടറായിരുന്ന എസ്. സതീഷ് കുമാർ തുടരന്വേഷണം നടത്തി. കേണിച്ചിറ എസ്.ഐ. ആയിരുന്ന പി.പി. റോയിയാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.





Leave a Reply