ബത്തേരിയിലെ ആനിമൽ ഹോസ്‌പൈസ് സെന്റർ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി
സുൽത്താൻ ബത്തേരി: വനം വകുപ്പ് പിടികൂടിയ അക്രമകാരികളായ കടുവകളെ പാർപ്പിച്ചിരിക്കുന്ന സുൽത്താൻ ബത്തേരിയിലെ ആനിമൽ ഹോസ്‌പൈസ് സെന്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി പ്രിയങ്ക ഗാന്ധി എം. പി. വനം വകുപ്പിന് എം. പി. ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ ആംബുലൻസിന്റെ താക്കോൽ കൈമാറ്റ ചടങ്ങിനെത്തിയ പ്രിയങ്ക ഗാന്ധി എം.പി.യോട് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് സെന്ററിന്റെ പ്രവർത്തനം ശ്രദ്ധയിൽ പെടുത്തിയത്. ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം പ്രിയങ്ക ഗാന്ധി സെന്റർ സന്ദർശിക്കാൻ തയ്യാറായി. സെന്ററിലെത്തിയ പ്രിയങ്ക ഗാന്ധി എം.പി. കടുവകളെ പാർപ്പിച്ചിരിക്കുന്ന സ്ഥലം നോക്കിക്കണ്ടു. പാർപ്പിക്കാൻ കഴിയാവുന്നതിനെക്കാൾ കൂടുതൽ കടുവകൾ നിലവിൽ സെന്ററിൽ ഉണ്ടെന്ന് വൈൽഡ് ലൈഫ് വാർഡാണ് വരുൺ ഡാലിയ ഐ.എഫ്.എസ്., അസിസ്റ്റന്റ് കൺസർവേറ്റർ സജ്‌ന കരീം, എ.ഡി.സി.എഫ്. സൂരജ് ബെൻ തുടങ്ങിയ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചു. കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ട സാഹചര്യവും ഫണ്ടിന്റെ അപര്യാപ്തതയെ സംബന്ധിച്ചും ഉദ്യോഗസ്ഥർ പ്രിയങ്ക ഗാന്ധിയെ ധരിപ്പിച്ചു. എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.





Leave a Reply