എസ്എസ്എല്‍സി മുന്നേറ്റം; കഠിനാധ്വാനത്തിന്റെയും ഏകോപനത്തിന്റെയും ഫലം: ജുനൈദ് കൈപ്പാണി
തരുവണ: എസ്എസ്എല്‍സി പരീക്ഷാവിജയത്തില്‍ വയനാട് ജില്ല ആറാം സ്ഥാനത്തെത്തിയത് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും കഠിനപ്രയത്‌നത്തിന്റെയും ഫലമാണെന്ന് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പറഞ്ഞു.കരിങ്ങാരി ഗവ.യു.പി സ്‌കൂളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി സ്‌കൂള്‍തല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.ടി.എ പ്രസിഡന്റ് നാസര്‍ എസ് അധ്യക്ഷനായി.ഹെഡ്മാസ്റ്റര്‍ പി.കെ ശശി ആമുഖ പ്രഭാഷണം നടത്തി.
ബാലന്‍ പുത്തൂര്‍ പദ്ധതി വിശദീകരിച്ചു.
എസ്.എസ്.എല്‍.സി ക്യാമ്പുകളും ഗോത്രവിഭാഗത്തിനു വേണ്ടിയുള്ള പ്രത്യേക ക്യാമ്പുകളും ഉയരെ പോലെയുള്ള പഠനസഹായികളും ജില്ലാപഞ്ചായത്തിന്റെയും നഗരസഭകളുടേയും നേതൃത്വത്തില്‍ ലഭ്യമാക്കി. ഇത്തരത്തിലുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കനും ഫലപ്രദമായി വിനിയോഗിക്കാനും നിലകൊണ്ട മുഴുവനാളുകളേയും നന്ദിയോടെ പ്രശംസിക്കുന്നതായും ജുനൈദ് കൈപ്പാണി പറഞ്ഞു.ചരിത്രത്തില്‍ ആദ്യമായിട്ടാണ് വയനാട് ജില്ലയ്ക്ക് ഏറ്റവും മികച്ച സ്ഥാനം ലഭിച്ചിരിക്കുന്നത്. ഒന്‍പത് വര്‍ഷം തുടര്‍ച്ചയായി പതിനാലാം സ്ഥാനത്ത് ഉണ്ടായിരുന്ന ജില്ല കഴിഞ്ഞ വര്‍ഷം പതിമൂന്നാം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം ആറാം സ്ഥാനത്തെത്തിയത് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.വിദ്യാഭ്യാസമേഖലയില്‍ വിവിധ തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുകയും അതിന്റെ ഏകോപനം കൃത്യമായിനടപ്പില്‍ വരുത്തുകയും ഉദ്യോഗസ്ഥരും അധ്യാപകരും പൊതുപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് മുന്നോട്ടുപോയതുമാണ് ഇത്തരത്തില്‍ വലിയ ഒരു വിജയം ജില്ലയ്ക്ക് സമ്മാനിച്ചതെന്നും ജുനൈദ് പറഞ്ഞു.ചടങ്ങില്‍ സ്‌കൂള്‍ പൊതുപ്രവര്‍ത്തകരും മറ്റ് ഇതര സംഘടന പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.





Leave a Reply