ചൂരൽമല ദുരന്തം: പുനരധിവാസം അടിയന്തരമായി നടപ്പാക്കണം; എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികളെ സംരക്ഷിക്കണം – സണ്ണി ജോസഫ് എംഎൽഎ
കൽപറ്റ: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസം അടിയന്തരമായി നടപ്പാക്കണമെന്നും ടൗൺഷിപ്പിനായി ഏറ്റെടുത്ത ഭൂമിയിൽ ജോലിചെയ്ത് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളെ സംരക്ഷിക്കണമെന്നും സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരിതബാധിതരുടെയും എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെയും ജീവിതോപാധി, ദിനബത്ത, മെഡിക്കൽ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനുള്ള നടപടികൾ സ്വീകരിക്കാതെ നൂറുകോടി രൂപ ചെലവഴിച്ച് നാലാം വാർഷികം ആഘോഷിക്കുന്നത് ദുരിതബാധിതരോടും തൊഴിലാളികളോടുമുള്ള വെല്ലുവിളിയും ലജ്ജാകരവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് താൽപര്യമില്ല. ജനങ്ങൾ നൽകിയ പണം ഉപയോഗിച്ച് ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പോലും കാര്യക്ഷമമായി നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മന്ത്രിസഭാ തീരുമാനം ഉണ്ടായിട്ടും ദിനബത്ത നൽകാൻ അഞ്ചുമാസം വൈകിയത് ദുരിതബാധിതരോടുള്ള അവഗണനയാണ്. റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെപ്പോലെയാണ് പിണറായി വിജയൻ. സർക്കാരിന് ദയാനുഭൂതിയല്ല, ധൂർത്തും അഹങ്കാരവുമാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുനരധിവാസത്തിന്റെ ഭാഗമായി 270-ഓളം വരുന്ന തൊഴിലാളികളുടെ പിഎഫ്, ഗ്രാറ്റുവിറ്റി, പെൻഷൻ, ശമ്പളം, ബോണസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടിട്ട് മാസങ്ങളും വർഷങ്ങളുമായി. ഈ പ്രശ്നം പരിഹരിക്കാതെ സർക്കാർ മുന്നോട്ടുപോകുന്ന രീതി അംഗീകരിക്കാനാകില്ല. പുനരധിവാസ മേഖലയിൽനിന്ന് അവർ താമസിച്ചിരുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ പാടികളിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന സർക്കാർ തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് അവരുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമായിരുന്നു. ആജീവനാന്തം അധ്വാനിച്ച തൊഴിലാളികൾക്ക് പ്രതിഫലം പോലും നൽകാതെ അവരെ പരീക്ഷണത്തിന് വിട്ടുകൊടുക്കുകയാണ് സർക്കാർ. എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളെ പെരുവഴിയിലേക്ക് തള്ളാനുള്ള നീക്കം അനുവദിക്കില്ല. ഈ സമരത്തെ തിരിഞ്ഞുനോക്കാത്ത സമീപനമാണ് തൊഴിൽമന്ത്രി സ്വീകരിച്ചത്. ഇത് അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയോജകമണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി സലീം മേമന അധ്യക്ഷനായിരുന്നു. എംഎൽഎമാരായ അഡ്വ. ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, പി പി ആലി, പി കെ ജയലക്ഷ്മി, കെ എൽ പൗലോസ്, ടി ജെ ഐസക്, എൻ കെ റഷീദ്, എം എ ജോസഫ്, ഒ വി അപ്പച്ചൻ, പോൾസൺ കൂവക്കൽ, കെ ഹാരിസ്, സി ജയപ്രസാദ്, പ്രവീൺ തങ്കപ്പൻ, ഗിരീഷ് കൽപ്പറ്റ, വിനോദ്, നവാസ് എം പി, ഹർഷൽ കോന്നാടൻ, എം സി സെബാസ്റ്റ്യൻ, ബിനു തോമസ്, ശോഭനാകുമാരി, പി വിനോദ്കുമാർ, നജീബ് കരണി, മോയിൻ കടവൻ, ജാസർ പാലക്കൽ, വിജയമ്മ ടീച്ചർ, എൻ യു ഉലഹന്നാൻ, ഷാജി കുന്നത്ത്, ശിഹാബ് മേപ്പാടി, സിദ്ദിഖ് തരിയോട്, ആയിഷ പള്ളിയാൽ, കെ അജിത, കെ കെ ഹനീഫ, വിലാസിനി തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply