മുത്തങ്ങയിലെ പോലീസ് അതിക്രമത്തിന് മാപ്പില്ല: സി.കെ. ജാനു
കല്‍പ്പറ്റ: മുത്തങ്ങ വനത്തില്‍ ഭൂസമരം നടത്തിയ ആദിവാസികള്‍ നേരിട്ട പോലീസ് അതിക്രമത്തിന് മാപ്പില്ലെന്ന് ആദിവാസി ഗോത്ര മഹാസഭ സ്ഥാപക അധ്യക്ഷ സി.കെ. ജാനു. മുത്തങ്ങ സംഭവത്തില്‍ ഏറെ വേദനയുണ്ടെന്നു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ജാനുവിന്റെയും ആദിവാസി ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്റെയും നേതൃത്വത്തിലായിരുന്നു വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മുത്തങ്ങ വനത്തില്‍ 2003 ജനുവരി നാലിന് ആരംഭിച്ച് ഫെബ്രുവരി 19 വരെ നീണ്ട ഭൂസമരം. കുടിയിറക്കിനുള്ള പോലീസ് നീക്കത്തിനിടെയും പിന്നീടും കൊടിയ മര്‍ദനമേറ്റ ആദിവാസികള്‍ നിരവധിയാണ്.
ജനിച്ചമണ്ണില്‍ ജീവിക്കാനും മരിച്ചുകഴിഞ്ഞാല്‍ മറവുചെയ്യുന്നതിനുള്ള ആറടി മണ്ണിനും വേണ്ടിയുള്ള സമരമാണ് മുത്തങ്ങയില്‍ നടന്നതെന്ന ജാനു പറഞ്ഞു. പോലീസിന്റെ നരനായാട്ടാണ് വനത്തിലുണ്ടായത്. കുഞ്ഞുങ്ങളെന്നോ സ്ത്രീകളെന്നോ പ്രായം ചെന്നവരെന്നോ വ്യത്യാസമില്ലാതെയായിരുന്നു പോലീസ് നടപടി. കല്ലെറിയുമ്പോള്‍ തേനീച്ചക്കൂട് ഇളകിവന്ന് ആക്രമിക്കുന്നതുപോലൊണ് പോലീസുകാര്‍ ആദിവാസികളെ കൂട്ടം ചേര്‍ന്ന് നേരിട്ടത്. അടി, ഇടി, ചവിട്ട്, തൊഴി ഇതൊക്കെ എവിടെനിന്നൊക്കെയാണ് വരുന്നതെന്നു കാണാന്‍പോലും കഴിയുമായിരുന്നില്ല. ഇതിന് എങ്ങനെ മാപ്പുനല്‍കാന്‍ കഴിയും. പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ താന്‍ മൂന്നു മാസത്തോളം ചികിത്സയിലായിരുന്നു. സാധാരണ മനുഷ്യരെപോലെ ഭക്ഷണം കഴിക്കാന്‍പോലും പറ്റാത്ത സ്ഥിതിയായിരുന്നു. മുത്തങ്ങയില്‍ നടന്നത് നടന്നതുതന്നെയാണ്. അത് മാപ്പുപറഞ്ഞ് തീര്‍ക്കാവുന്നതല്ല. സമരത്തില്‍ പങ്കെടുത്തവര്‍ ജീവനോടെയിരിക്കുന്നിടത്തോളം അത് നിലനില്‍ക്കും.മുത്തങ്ങ സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം ഉണ്ടാകണം. മുത്തങ്ങയിലെ വെടിവയ്പ് ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും ജാനു പറഞ്ഞു.
മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസുകളില്‍ മൂന്നെണ്ണം ഇനിയും തീര്‍പ്പായിട്ടില്ല. ഭൂസമരത്തിനിടെ വനത്തിലുണ്ടായ തീപിടിത്തവും വനപാലകരെ ബന്ദികളാക്കലും, വനം കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, പോലീസുകാരന്‍ കെ. വിനോദിന്റെ മരണം എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് തുടരുന്നത്. ഈ മൂന്നു കേസുകളും കൊച്ചി സിബിഐ കോടതിയിലാണ് നടന്നിരുന്നത്. 2004ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നിലവില്‍ തീപിടിത്തവും വനപാലകരെ ബന്ദികളാക്കലുമായി ബന്ധപ്പെട്ട കേസ് എറണാകുളം സിജെഎം കോടതിയിലും മറ്റു രണ്ടു കേസുകള്‍ വയനാട് ജില്ലാ സെഷന്‍സ് കോടതിയിലുമാണുള്ളത്.
കൊച്ചിയില്‍ വിചാരണയ്ക്ക് ഹാജരാകുന്നതില്‍ ആദിവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് കേസുകള്‍ വയനാട് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു അപേക്ഷ നല്‍കാന്‍ സിബിഐ കോടതി ഗോത്രമഹാസഭ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോത്രമഹാസഭ 2015 സെപ്റ്റംബര്‍ 26ന് നല്‍കിയ അപേക്ഷയിലാണ് 2016ല്‍ രണ്ടു കേസുകള്‍ വയനാട്ടിലേക്ക് മാറ്റിയത്.
വയനാട്ടിലെ ആദിവാസി ഭൂപ്രശ്നം ദേശീയശ്രദ്ധയിലെത്തിച്ചതായിരുന്നു മുത്തങ്ങ ഭൂസമരം. കേന്ദ്ര വനാവകാശ നിയമത്തിന്റെ നിര്‍മാണത്തിനു കാരണമായത് മുത്തങ്ങ സമരമാണെന്നാണ് ഗോത്രമഹാസഭയുടെ വാദം. സമരം നടന്ന് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ജില്ലയിലെ ആദിവാസി ഭൂപ്രശ്നത്തിനു പൂര്‍ണ പരിഹാരമായില്ല. ജില്ലയില്‍ നിരവധി ആദിവാസി കുടുംബങ്ങള്‍ ഭൂരഹിതരായി തുടരുകയാണ്.





Leave a Reply